/sathyam/media/media_files/2026/03/07/f-2026-03-07-03-40-17.jpg)
ബ്രസല്‍സ്: ഇറാനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ നിന്നും അഭയാര്‍ത്ഥികളെത്താനുള്ള സാധ്യതകള്‍ സംബന്ധിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ യൂണിയന്‍ അടിയന്തര യോഗം ചേര്‍ന്നു.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ജസ്റ്റീസ്,ആഭ്യന്തര മന്ത്രിമാരാണ് അടിയന്തര യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് നീതിന്യായ മന്ത്രി ജിം ഒ കല്ലഗനും പങ്കെടുത്തു.
ടെഹ്റാനിലെ അനിശ്ചിതത്വം ആളുകളുടെ വന്‍ തോതിലുള്ള ഒഴുക്കിന് കാരണമാകുമോയെന്ന ആശങ്ക ഇ യു അസൈലം ഏജന്‍സി (ഇ യു എ എ) പങ്കുവെച്ചിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇ യു എ എ ഈ പരാമര്‍ശം നടത്തിയത്.സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അടിച്ചമര്‍ത്തലും മൂലമുള്ള രാജ്യവ്യാപകമായ അശാന്തിയിലുമാണ് ഇറാനെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.ഈ പശ്ചാത്തലത്തിലാണ് ഇയു മന്ത്രിമാര്‍ യോഗം ചേര്‍ന്നത്.
യു എസും ഇസ്രായേലും ഇറാനില്‍ ആക്രമണം ആരംഭിച്ചിട്ട് ഒരാഴ്ചയായി.ഇറാന്‍ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയും പ്രതിരോധ മന്ത്രിയും സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫും ഉള്‍പ്പെടെയുള്ള മറ്റ് സീനിയര്‍ നേതാക്കളും കൊല്ലപ്പെട്ട സാഹചര്യത്തില്‍ അവരുടെ അനുയായികളായിരിക്കും ഇറാന്‍ വിട്ടോടിപ്പോവാന്‍ സാധ്യതയെന്നാണ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.
90 മില്ല്യണ്‍ ജനങ്ങളുള്ള ഇറാനില്‍ ഭരണകൂടത്തിന്റെ ഭാഗികമായ അസ്ഥിരീകരണം പോലും അഭൂതപൂര്‍വമായ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് ഏജന്‍സി അഭിപ്രായപ്പെട്ടു.ഇറാന്‍ ജനസംഖ്യയുടെ 10% പേര്‍ കുടിയിറക്കപ്പെട്ടാല്‍ പോലും അത് ലോകത്തില്‍ ഇതേവരെയുണ്ടായിട്ടുള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാകും.
നിലവില്‍ ഏറ്റവും ഉയര്‍ന്ന അഭയാര്‍ത്ഥി ജനസംഖ്യയുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇറാനെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക്. 2.7 മില്യണ്‍ അഭയാര്‍ത്ഥികളാണ് ഇവിടെ കഴിയുന്നത്.അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണ് കൂടുതലും.ഇറാനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ അഭയം തേടിയത് 8,000 അപേക്ഷകരായിരുന്നു.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലായി അഭയം തേടി 8,22,000 പേരാണ് അപേക്ഷിച്ചത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20% കുറവാണിത്.2015ല്‍ ഒരു മില്യണ്‍ ആളുകള്‍ മെഡിറ്ററേനിയന്‍ കടന്ന് യൂറോപ്പിലേക്ക് പലായനം ചെയ്തിരുന്നു.ഇതില്‍ പകുതിയും സിറിയന്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ടവരായിരുന്നു.
2015ല്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച് 4,000 പേര്‍ മുങ്ങിമരിച്ചു. സൈപ്രസാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്.2015 ലേതുപോലുള്ള ഒരു കുടിയേറ്റ പ്രതിസന്ധിയുടെ സാധ്യത അവഗണിക്കാനാവില്ലെന്ന് സൈപ്രസും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതുവരെയും ഇറാനില്‍ നിന്നും അത്തരത്തിനുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയില്ലെന്നും എന്നിരുന്നാലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണെന്നും യൂറോപ്യന്‍ മൈഗ്രേഷന്‍ കമ്മീഷണര്‍ മാഗ്നസ് ബ്രണ്ണര്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇയു രാജ്യങ്ങള്‍ പുതിയ ഇയു മൈഗ്രേഷന്‍ ആന്‍ഡ് അസൈലം ഉടമ്പടിയില്‍ 2024ല്‍ ഒപ്പുവച്ചു. ഈ വര്‍ഷം ജൂണ്‍ മുതലാണ് പുതിയ നിയമം ബാധകമാവുക. അഭയാര്‍ത്ഥി ക്ലയിമുകളില്‍ തീരുമാനം വേഗത്തിലാക്കാനും ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ പങ്ക് വെയ്ക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us