അയർലണ്ടിൽ അഭയാര്‍ത്ഥികള്‍ സ്വന്തം വരുമാനത്തില്‍ നിന്നും വാടക നല്‍കണം

New Update
Bg

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഐപാസ് കേന്ദ്രങ്ങളില്‍ കഴിയുന്ന ജോലിക്കാരായ അഭയാര്‍ത്ഥികള്‍ ഇനി മുതല്‍ വാടക നല്‍കേണ്ടി വരും. ഇതിനായുള്ള നിയമ മാറ്റങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കി.ഐ പി എ എസ് കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ അവരുടെ വരുമാനത്തിനനുസരിച്ച് ആഴ്ചയില്‍ 15നും 238 യൂറോയ്ക്കുമിടയില്‍ തുക വാങ്ങുന്നതിനാണ് അംഗീകാരമായത്. മന്ത്രിമാര്‍, പ്രധാനമന്ത്രി ഉപപ്രധാനമന്ത്രി മൈഗ്രേഷന്‍ മേഖലയില്‍ പ്രധാന ഉത്തരവാദിത്തങ്ങളുള്ള മറ്റ് മന്ത്രിമാര്‍ എന്നിവരടങ്ങുന്നതാണ് ഉപസമിതി.

Advertisment

വരുമാനം കൂടുന്നതിന് അനുസരിച്ച് വാടകയും കൂടും.പദ്ധതി നടപ്പില്‍ വരുന്നതിന് ഒരു വര്‍ഷം വരെ സമയമെടുക്കുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര സംരക്ഷണത്തിനായി അപേക്ഷിച്ച് ആറ് മാസമായി കാത്തിരിക്കുന്നവര്‍ക്കാണ് ഇവിടെ ജോലി ചെയ്യാന്‍ അനുവാദമുള്ളത്. സെപ്തംബര്‍ മുതല്‍ രാജ്യത്തേക്ക് വരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന് കണക്കുകള്‍ പറയുന്നു.18-24 വയസ്സ് പ്രായമുള്ള പുരുഷന്മാര്‍ക്ക് രാജ്യം വിട്ടുപോകാന്‍ ഉക്രെയ്ന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.ദിവസവും കുറഞ്ഞത് 50 ചെറുപ്പക്കാരെങ്കിലും ‘പുതിയ കാനന്‍ ദേശം തേടി അയര്‍ലണ്ടില്‍ എത്തുന്നുണ്ട്. ഇതു തുടര്‍ന്നാല്‍ കൂടുതല്‍ താമസ സൗകര്യങ്ങള്‍ കണ്ടെത്തേണ്ടിവരും.നിലവിലുള്ള സ്ഥിതിയില്‍, 90 ദിവസം താമസിക്കുന്നതിനുള്ള സൗകര്യമേ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്കുള്ളുവെന്ന് സമിതി വിലയിരുത്തി.

5000 അഭയാര്‍ത്ഥികള്‍ക്ക് ഐപാസ് സെന്ററില്‍ നിയമപരമായി അവകാശം നല്‍കിയിട്ടുണ്ടെന്നും സബ് കമ്മിറ്റി പറയുന്നു. അയര്‍ലണ്ടില്‍ തുടരാന്‍ നിയമപരമായ അവകാശം ലഭിച്ച 5,000 പേര്‍ക്ക് അഭയാര്‍ത്ഥി സെന്ററുകളില്‍ തന്നെ തുടരാമെന്ന് ഇവര്‍ ഇന്ന് ഉപസമിതിയില്‍ പറഞ്ഞു.അവരെ ഇനി അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകരായി കണക്കാക്കും.

താമസ സമയം വെട്ടിക്കുറയ്ക്കണം…വാടകയും ഈടാക്കണം….

യുദ്ധ തീവ്രത കുറഞ്ഞെങ്കിലും ഉക്രൈയിനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്കിന് കുറവൊന്നുമില്ല. ഇതിന്റെ ഭാഗമായാണ് ഉക്രെയ്നില്‍ നിന്നുമെത്തുന്ന അഭയാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യം 90ല്‍ നിന്നും 30 ദിവസമായി വെട്ടിക്കുറയ്ക്കുന്നതും അന്തേവാസികളില്‍ നിന്നും ഈടാക്കുന്ന വാടകയീടാക്കാനുമുള്ള നടപടി സര്‍ക്കാര്‍ പരിഗണിക്കുന്നത്..

ജോലി ചെയ്യുന്ന അഭയാര്‍ത്ഥികള്‍ താമസ ചെലവുകള്‍ക്കായി ആഴ്ചതോറും ഫിനാന്‍ഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍ ഈടാക്കുന്നതിനും ഉപസമിതി യോഗത്തില്‍ തത്വത്തില്‍ ധാരണയായി.ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗനും സഹമന്ത്രി കോള്‍ം ബ്രോഫിയും നടപടി സ്വീകരിച്ചുവരികയാണ്.

2018ലെ നിയമമനുസരിച്ച് ആഴ്ചയില്‍ 97നും150യൂറോയ്ക്കുമിടയില്‍ വരുമാനമുള്ളവര്‍ താമസത്തിനായി 15 യൂറോ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.ആഴ്ചയില്‍ 340യൂറോയ്ക്കും 405യൂറോയ്ക്കും ഇടയില്‍ വരുമാനമുള്ളവര്‍ താമസച്ചെലവിന്റെ 50%, (119 യൂറോ)വും നല്‍കണം.ഈ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുള്ളത്. കികച്ചും ഉചിതമായ നിര്‍ദ്ദേശങ്ങളാണിതെന്നാണ് കരുതുന്നത്. എന്നിരുന്നാലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാരിന്റേതാകുമെന്ന് മന്ത്രി കല്ലഗന്‍ പറഞ്ഞു.

യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകര്‍ക്കും ഉക്രെയ്നില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം തേടുന്നവര്‍ക്കും താമസ സൗകര്യം നല്‍കുന്നതില്‍ അയര്‍ലണ്ട് കൂടുതല്‍ ഉദാരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

വിമര്‍ശനവുമായി പ്രതിപക്ഷവും അഭയാര്‍ത്ഥി സംഘടനകളും

സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് അഭയാര്‍ത്ഥികളെയും അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകരെയും പിന്തുണയ്ക്കുന്ന സംഘടനയായ ഡോറസ് രംഗത്തുവന്നു.ഈ നടപടി കൂടുതല്‍ ഉക്രേനിയക്കാരെ ഭവനരഹിതരാക്കുമെന്ന് ഡോറസ് സി ഇ ഒ ആരോപിച്ചു.വളരെ ആശങ്കാജനകമായ നീക്കമാണിത്. നന്നായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് തോന്നുന്നില്ല- ഡോറാസ് സിഇഒ ജോണ്‍ ലാനന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രഖ്യാപനം വെറും ആവര്‍ത്തനം മാത്രമാണെന്ന് സിന്‍ ഫെയ്ന്‍ ജസ്റ്റിസ് വക്താവ് മാറ്റ് കാര്‍ത്തി പറഞ്ഞു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പറഞ്ഞു തുടങ്ങിയിട്ട് 14 മാസമായി.ഒന്നും ചെയ്യാതെ പ്രസ്താവനയിലൂടെ മാത്രം ജീവിക്കുന്ന സര്‍ക്കാരിന്റെ നടപടിയാണിതെന്നും കാര്‍ത്തി ആരോപിച്ചു.സര്‍ക്കാര്‍ താമസ സൗകര്യം സ്വീകരിക്കുന്നവര്‍ അവരുടെ വരുമാനത്തിനനുസരിച്ച് പണം നല്‍കമെന്നത് തികച്ചും യുക്തിസഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ നീക്കം ഞെട്ടിക്കുന്നതാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ടി ഡി സിനീഡ് ഗിബ്‌നി പറഞ്ഞു.

Advertisment