/sathyam/media/media_files/Q2VMRee7Di9WuhhVEqqA.jpg)
ഡബ്ലിന്‍ : മൗണ്ട് സ്ടീറ്റിലെ അഭയാര്‍ഥി കൂടാരങ്ങളിലെ അഭയാര്‍ഥി അന്തേവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മറ്റൊരിടത്ത് പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു. താലയ്ക്കടുത്തുള്ള ബ്രിട്ടാസിലെ മലമുകളിലേയ്ക്ക് മാറ്റാനുള്ള ശ്രമമാണ് പാഴായത്. അവിടെ കൊണ്ടുവിട്ട അഭയാര്‍ത്ഥികള്‍ അതിനേക്കാള്‍ വേഗത്തില്‍ വീണ്ടും ഡബ്ലിന്‍ സിറ്റിയിലെത്തി.
അതിനിടെ അഭയാര്‍ഥികളില്‍ ചിലര്‍ താമസിച്ച കൂടാരം അജ്ഞാര്‍ തകര്‍ത്തെന്നും സാധനസാമഗ്രികള്‍ മോഷ്ടിച്ചെന്നുമൊക്കെയുള്ള ആരോപണങ്ങളുമുയര്‍ന്നു. അതിനിടെ സെന്റ് പാട്രിക് വാര്‍ഷിക വേളയില്‍ അഭയാര്‍ഥികളെ നീക്കിയത് മറ്റൊരു വിവാദവുമായി.
മൗണ്ട് സ്ട്രീറ്റ് ഏരിയയിലെഅഭയാര്‍ഥി ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പ്രദേശവാസികളുടെ ഉപദ്രവുമൊക്കെ വാര്‍ത്തയായത് സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ലൊക്കേഷന്‍ മാറ്റാന്‍ നീക്കമുണ്ടായത്.
അതിനിടെ, പുനരധിവസിപ്പിച്ച ക്രൂക്സ്ലിംഗിലെ സെന്റ് ബ്രിജിഡ്‌സ് നഴ്‌സിംഗ് ഹോമിന് സമീപത്തെ സ്ഥലത്തെക്കുറിച്ചും ആക്ഷേപമുണ്ടായി. നേരത്തേ ഈ ഈ നഴ്സിംഗ് ഹോമിന് ചിലര്‍ തീയിട്ട സംഭവമുണ്ടായിരുന്നു.
അഭയാര്‍ഥികള്‍ക്കുള്ള താമസസ്ഥലമായി നഴ്സിംഗ് ഹോം പരിഗണിക്കുന്നുവെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് അജ്ഞാതര്‍ തീയിട്ടത്. അതേ സമയം,അഭയാര്‍ഥികളെ ഇവിടേയ്ക്ക് എത്തിച്ചതറിഞ്ഞ് കുടിയേറ്റവിരുദ്ധരും രംഗത്തെത്തി. അവര്‍ അവിടെ പ്രകടനവും നടത്തി.ചിലര്‍ അഭയാര്‍ത്ഥികളെ അവിടെ നിന്നും ബലമായി പുറത്താക്കാന്‍ ശ്രമിച്ചെന്നും പറയപ്പെടുന്നു.
ഡബ്ലിനിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് സമീപം കൂടാരങ്ങളില്‍ കഴിഞ്ഞ 100 പുരുഷന്മാരെയാണ് ബസ്സുകളിലും ടാക്സികളിലുമായി ഗ്രാമപ്രദേശമായ ക്രൂക്ക്സ്ലിംഗിലേക്ക് മാറ്റിയത്. അവിടെ ടെന്റുകളും നിര്‍മിച്ചു.
ഭക്ഷണവും വ്യക്തിഗത ടോയ്‌ലറ്റുകളും കുളിക്കാന്‍ ഷവറും എല്ലാം നല്‍കി. പള്ളിയില്‍ പോകാനുള്ള സൗകര്യവും സമീപത്തുണ്ടായിരുന്നു. ഡബ്ലിനിലേയ്ക്ക് യാത്രാസൗകര്യവും സജ്ജമാക്കിയിരുന്നു.
അവിടെ കുടിയേറ്റ വിരുദ്ധര്‍ കൂടി തമ്പടിച്ചതോടെയാണ് അഭയാര്‍ഥികള്‍ ഡബ്ലിനില്‍ തിരിച്ചെത്തിയത്.എന്നാല്‍ അപ്പോഴേയ്ക്കും സിറ്റിയില്‍ അവര്‍ താമസിച്ചിരുന്ന അവരുടെ ടെന്റുകളും മറ്റും നീക്കി അവിടമാകെ വൃത്തിയാക്കിയിരുന്നു.
ശുചീകരണത്തിനിടെ അഭയാര്‍ഥികള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കിയ ബാഗുകളും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ചതായും പരാതിയുയര്‍ന്നു.കഴിഞ്ഞ ഏതാനും ആഴ്ചകളായി 200ഓളം അഭയാര്‍ഥികളാണ് മൗണ്ട് സ്ട്രീറ്റ് സൈറ്റിലുണ്ടായിരുന്നത്.അവരില്‍ നിന്നും ഒരു കൂട്ടത്തെയാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്.
അതിനിടെ നഗരത്തില്‍ സെന്റ് പാട്രിക്സ് ഡേ ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് അഭയാര്‍ഥികളെ സ്ഥലം മാറ്റിയതെന്ന വിമര്‍ശനവും ഉയര്‍ന്നു.പ്രതിപക്ഷ ടിഡിമാരും ഭരണപക്ഷത്തെ മുന്‍ നീതിന്യായ മന്ത്രിയും ഫിന ഗേല്‍ ടി ഡി ചാര്‍ളി ഫ്ളാനഗന്‍ അടക്കമുള്ളവരും ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഹൗസിംഗ് കമ്മിറ്റി അംഗങ്ങളും സര്‍ക്കാരിനെതിരെ രംഗത്തുവന്നു.
അഭയാര്‍ഥികളെ ഇടം മാറ്റിയത് സര്‍ക്കാരിന്റെ മറ്റൊരു കളിയാണെന്ന് ലേബര്‍ പാര്‍ട്ടി ടിഡി ആധന്‍ ഒ റിയോര്‍ഡിന്‍ ആരോപിച്ചു. അപമാനകരമാണിത്. അഭയാര്‍ഥികള്‍ക്ക് ശരിയായ രീതിയില്‍ താമസസൗകര്യം നല്‍കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. ഇവിടെ മാസങ്ങളായി ടെന്റുകളില്‍ താമസിക്കാന്‍ ഇവരെ അനുവദിച്ചതെന്തിനാണെന്നും ഇദ്ദേഹം ചോദിച്ചു.
ഐ പി എ എസ് ആണ് അഭയാര്‍ഥികളെ സ്ഥലം മാറ്റിയതെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വക്താവ് പറഞ്ഞു.ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ കരാറുകാരാണ് അവിടമാകെ വൃത്തിയാക്കിയത്.
അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള സര്‍ക്കാരിന്റെ നയം ഐറിഷ് സമൂഹത്തിന്റെ പരക്കെ എതിര്‍പ്പിന് കാരണമാവുകയാണ്. തെറ്റായ അഭയാര്‍ത്ഥി നയത്തിന്റെ പ്രതിഫലനമാണ് കഴിഞ്ഞ റഫറണ്ടത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയം എന്ന് ആക്ഷേപമുണ്ടെങ്കിലും,സര്‍ക്കാരും,സിന്‍ ഫെയ്നും ലേബര്‍ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷവും ,മതാധിഷ്ടിത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us