/sathyam/media/media_files/2025/10/15/hgv-2025-10-15-04-22-17.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാടകക്കാരില്‍ നിന്നും രഹസ്യമായി ഉയര്‍ന്ന നിരക്കില്‍ വാടക വാങ്ങുന്നത് അവസാനിപ്പിക്കുന്നതടക്കം ഭൂഉടമകളെ നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നിയമം വരുന്നു.
ഈ നിയമമനുസരിച്ച് എത്ര രൂപയാണ് വാടകയായി ഈടാക്കുന്നത് എന്ന് ഭൂഉടമ പരസ്യമായി വെളിപ്പെടുത്തേണ്ടിവരും.ഇടപാടുകളില്‍ സുതാര്യതയും നിയമപരമായ കാര്യങ്ങളും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നിയമം.അതു പോലെ വന്‍കിടക്കാരായ കെട്ടിട ഉടമസ്ഥര്‍ അനുഭവിച്ചു വരുന്ന നോ ഫാള്‍ട്ട് എവിക്ഷനുകള്‍ നിരോധിക്കുന്നതിനും നിയം വ്യവസ്ഥ ചെയ്യും.റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡില്‍ (ആര്‍ ടി ബി) നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടു വരുന്നത്.
നോ ഫാള്‍ട്ട് എവിക്ഷനുകള്‍
കരാര്‍ ലംഘിച്ചില്ലെങ്കിലും വാടക കൃത്യമായി നല്‍കിയാലും വാടകക്കാരനെ മാറ്റാന്‍ നാലോ അതിലധികമോ സ്വത്തുക്കളുള്ള വന്‍കിട വീട്ടുടമസ്ഥരെ അനുവദിക്കുന്ന നോ-ഫോള്‍ട്ട് എവിക്ഷന്‍ നിയമം നിരോധിക്കും.ഒരു വീഴ്ചയും വരുത്താതെ തന്നെ വാടകക്കരാര്‍ അവസാനിപ്പിക്കാനുള്ള ഭൂഉടമയുടെ നീക്കം ഇനി മുതല്‍ നടക്കാതെ വരും.
വീടു വില്‍ക്കാനാണ് ഉദ്ദേശമെന്ന് പറഞ്ഞോ,സ്വയം അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ പേരിലോ ,വീട്ടില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന് പറഞ്ഞോ നോട്ടീസ് നല്‍കി വാടകക്കാരനെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
2026 മാര്‍ച്ച് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. അതിനാല്‍ നിയമനിര്‍മ്മാണം വേഗത്തില്‍ത്തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുതിയ നിയമം ഭവന മന്ത്രി ജെയിംസ് ബ്രൗണ്‍ ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
റെന്റ് പ്രൈസ് രജിസ്റ്റര്‍ വരും
വീടുകളുടെ വില്‍പ്പന ട്രാക്ക് ചെയ്യുന്ന പ്രോപ്പര്‍ട്ടി പ്രൈസ് രജിസ്റ്റര്‍ പോലെ പുതിയ റെന്റ് പ്രൈസ് രജിസ്റ്ററും സ്ഥാപിക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. രാജ്യത്തുടനീളം വാടകകളില്‍ കൂടുതല്‍ സുതാര്യത നല്‍കാന്‍ വാടക രജിസ്റ്റര്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
ഉയര്‍ന്ന ആവശ്യകതയുള്ള പ്രദേശങ്ങളില്‍ വാടക വില വര്‍ദ്ധനവ് സംബന്ധിച്ച നിയമം വീട്ടുടമകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമം സഹായിക്കും.വാടക സമ്മര്‍ദ്ദ മേഖല(ആര്‍ പി ഇസഡ്)കളില്‍ വീട്ടുടമസ്ഥര്‍ക്ക് ഓരോ വര്‍ഷവും പരമാവധി 2% എന്ന നിലയില്‍ വാടക വര്‍ദ്ധനവ് പരിമിതപ്പെടുത്താന്‍ നിലവിലെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിര്‍ദ്ദിഷ്ട നിയമ പ്രകാരം വസ്തുവിന്റെ കെട്ടിട ഊര്‍ജ്ജ റേറ്റിംഗ്, കിടപ്പുമുറികളുടെ എണ്ണം, വസ്തുവിന്റെ തരം എന്നിവയെക്കുറിച്ച് വീട്ടുടമ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.വാടക വില രജിസ്റ്റര്‍ പദ്ധതി സജ്ജീകരിക്കുന്നതിന് മുമ്പ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണറുമായി ബന്ധപ്പെടേണ്ടതുണ്ടെന്നാണ് സൂചന.
ആര്‍ പി ഇസഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍
ദേശീയ ആര്‍ പി ഇസഡ് നിയമങ്ങളില്‍ ചില മാറ്റങ്ങളും നിയമങ്ങളില്‍ ഉള്‍പ്പെടുത്തും.വാടക നിരക്ക് വര്‍ദ്ധനവിനെ ഉപഭോക്തൃ വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പ നിലവാരവുമായി ബന്ധിപ്പിക്കും.അതല്ലെങ്കില്‍ രണ്ട് ശതമാനം എന്ന പരമാവധി പരിധിയും ബാധകമാകും.
പുതിയ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് 2% പരിധി ബാധകമാകില്ല. അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മ്മാണത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നിയമം രൂപകല്‍പ്പന ചെയ്തതെന്ന് സര്‍ക്കാര്‍ സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു.
പുതിയ വാടക സൃഷ്ടിക്കുമ്പോഴും ഓരോ ആറ് വര്‍ഷം കൂടുമ്പോഴും വാടക മാര്‍ക്കറ്റ് നിരക്കിലേക്ക് പുനക്രമീകരിക്കാന്‍ വീട്ടുടമസ്ഥരെ അനുവദിക്കുന്നതിനും പുതിയ നിര്‍ദ്ദേശങ്ങളുണ്ടാകും.
വാടക എങ്ങനെ നിര്‍ണ്ണയിക്കുന്നുവെന്നതിലാകും നിയമം ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രദേശത്തെ സമാനമായ സ്വത്തുക്കളുമായി താരതമ്യം ചെയ്തുകൊണ്ട് റീസെറ്റ് ചെയ്യുന്ന വാടക ന്യായമാണെന്ന് കാണിക്കാന്‍ ഭൂവുടമകള്‍ നിര്‍ബന്ധിതരാകും.
ചെറുകിട വീട്ടുടമസ്ഥര്‍ക്ക് ഇളവ്
അയര്‍ലണ്ടിലെ ലാന്‍ഡ് ലോര്‍ഡ്സില്‍ 35 ശതമാനത്തോളം വരുന്ന ചെറുകിട വീട്ടുടമസ്ഥര്‍ക്ക് പക്ഷെ ചില സാഹചര്യങ്ങളില്‍ വാടകക്കാരനെ കുടിയൊഴിപ്പിക്കാന്‍ അനുവാദമുണ്ടാകും.ഉടമയോ അടുത്ത കുടുംബാംഗമോ ആ വീട്ടില്‍ താമസിക്കാന്‍ പദ്ധതിയിടുന്നതടക്കമുള്ള കാരണങ്ങളാണ് ഇതിന് ബാധകമാക്കുക. എങ്കിലും വലിയ കോര്‍പ്പറേറ്റുകള്‍ നിയമം ഉപയോഗിച്ച് വാടകക്കാരനെതീരെ യുദ്ധം ചെയ്യുന്ന സാഹചര്യം ചെറുകിട ഉടമസ്ഥര്‍ ഉപയോഗിക്കുകയില്ലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
ഉപേക്ഷിക്കപ്പെട്ട സൈറ്റുകള്‍ക്ക് ലെവിയ്ക്ക് പകരം നികുതി വരും
ഉപേക്ഷിക്കപ്പെട്ട അഥവാ ഒഴിഞ്ഞു കിടക്കുന്ന സൈറ്റുകളില്‍ ലെവിക്ക് പകരം സ്വത്ത് നികുതി ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുമെന്ന് ധനമന്ത്രി ഡോണോ സ്ഥിരീകരിച്ചു.വിപണി മൂല്യത്തിന്റെ 7% നിരക്കില്‍ പുതിയ നികുതി ഈടാക്കാനാണ് ആലോചനയെന്നും മന്ത്രി വെളിപ്പെടുത്തി. എന്നിരുന്നാലും 2027 വരെ ഈ നിയമം നടപ്പിലാക്കുമെന്ന് കരുതുന്നില്ല.ഭവന പ്രതിസന്ധിയെ നേരിടാനായി ബജറ്റില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വില്‍പ്പനയില്‍ 9% വാറ്റ് നിരക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.