/sathyam/media/media_files/2025/09/19/ccc-2025-09-19-02-14-13.jpg)
ഡബ്ലിന്‍ : നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മൂന്ന് വയസ്സുള്ള കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നോര്‍ത്ത് ഡബ്ലിനില്‍ കണ്ടെത്തി.തിരോധാനം അന്വേഷിക്കുന്ന ഗാര്‍ഡയാണ് ഡൊണാബേറ്റിലെ പോര്‍ട്ട് ട്രയിന്‍ റോഡില്‍ നിന്ന് ഇത് കണ്ടെത്തിയത്.
അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റേറ്റ് പാത്തോളജിസ്റ്റും ഫോറന്‍സിക് നരവംശശാസ്ത്രജ്ഞനും സ്ഥലത്തെത്തി.ഗാര്‍ഡ ടെക്നിക്കല്‍ ബ്യൂറോയും ഫോറന്‍സിക് പരിശോധന നടത്തി.മരണകാരണം കണ്ടെത്തുന്നതിന് കുട്ടിയുടെ മൃതദേഹാവശിഷ്ടം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.ഇതിന് സ്പെഷ്യലിസ്റ്റ് ഫോറന്‍സിക് പീഡിയാട്രിക് പാത്തോളജിസ്റ്റിനെ നിയോഗിക്കും.കാണാതായ ഡാനിയേല്‍ അരൂബോസിന്റെ തന്നെയാണ് അവശിഷ്ടങ്ങളെന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ സാമ്പിളുകളുമെടുക്കും.
സ്വാഭാവിക കാരണങ്ങളാല്‍ കുട്ടി മരിച്ചതാണ് കുട്ടിയെന്നാണ് ഗാര്‍ഡയ്ക്ക് ലഭിച്ച വിവരം.എങ്കിലും സംശയ ദുരീകരണത്തിനാണ് ഗാര്‍ഡയുടെയും തുസ്ലയും ശ്രമിക്കുന്നത്. രണ്ടഴ്ചയിലേറെയായി ഗാര്‍ഡ് ഈ അന്വേഷണവും പരിശോധനകളുമായി കേസിന്റെ പിന്നാലെയുണ്ട്.
ഡോണാബേറ്റിലെ ദി ഗാലറി അപ്പാര്‍ട്ടുമെന്റ്സില്‍ നിന്നും കാണാതായ ഡാനിയേല്‍ അരൂബോസിന്റേതാണെന്ന ഉറച്ച നിഗമനത്തിലാണ് ഡിറ്റക്ടീവുകള്‍ . ജീവിച്ചിരുന്നെങ്കില്‍ അവന് ഇപ്പോള്‍ ഏഴ് വയസ്സുണ്ടാകുമായിരുന്നു. ഡാനിയേല്‍ മരിച്ചുവെന്ന് തന്നെയാണ് ഗാര്‍ഡ കരുതുന്നത്.
ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്‌മെന്റുകള്‍ക്കായുള്ള അപേക്ഷ പരിഗണിക്കവേ സംശയം തോന്നിയ സാമൂഹിക സുരക്ഷാ വകുപ്പാണ് ഇക്കാര്യം തുസ് ലയെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായത്.
തിടുക്കമില്ല സത്യം കണ്ടെത്തുമെന്ന് കമ്മീഷണര്‍
അന്വേഷണത്തില്‍ തിടുക്കം കാണിക്കുന്നില്ലെന്നും ആവശ്യമായ എല്ലാ വിഭവങ്ങളും ടീമിന് ലഭ്യമാണെന്നും ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. എന്നിരുന്നാലും ഈ കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമായവര്‍ ഗാര്‍ഡയ്ക്ക് കൈമാറണമെന്ന് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. 2019 ജൂലൈ മുതല്‍ ഡൊണാബേറ്റിലെ ദി ഗാലറി അപ്പാര്‍ട്ട്മെന്റ്സില്‍ താമസിച്ചിരുന്നവര്‍ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും ഇദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊച്ചുകുട്ടിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതില്‍ ദുഖമുണ്ടെന്ന് കുട്ടികളുടെ കാര്യ മന്ത്രി നോര്‍മ ഫോളി പറഞ്ഞു.