ലോംഗ് കോവിഡുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ കണ്ടെത്തലുകളുമായി അയര്‍ലണ്ടിലെ ഗവേഷകര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
87777777

ഡബ്ലിന്‍ : ലോംഗ് കോവിഡുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ കണ്ടെത്തലുകളുമായി അയര്‍ലണ്ടിലെ ഗവേഷകര്‍. ലോംഗ് കോവിഡ് രോഗികളില്‍ മസ്തിഷ്‌കത്തില്‍ മങ്ങലുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.

Advertisment

ലോംഗ് കോവിഡുകാരിലെ അമിതമായ രോഗപ്രതിരോധ ശേഷിയും പൊട്ടുന്ന രക്തക്കുഴലുകളുമാണ് മസ്തിഷ്‌കത്തില്‍ മങ്ങലുണ്ടാകുന്നതിന് കാരണമാകുന്നതെന്നാണ് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ഗവേഷകരുടെ കണ്ടെത്തല്‍. മസ്തിഷ്‌കത്തിലുണ്ടാകുന്ന ഈ പ്രശ്നം ചിന്താശേഷി, ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവയെ ദോഷകരമായി ബാധിക്കും .ഈ കണ്ടെത്തലുകള്‍ നേച്ചര്‍ ന്യൂറോ സയന്‍സില്‍ പ്രസിദ്ധീകരിച്ചു. ഭാവിയില്‍ കോവിഡ് ചികിത്സാരംഗത്ത് വളരെ സഹായകമാകുന്ന കണ്ടെത്തലാണിതെന്നാണ് വിലയിരുത്തല്‍.

ലോംഗ് കേവിഡ് തലച്ചോറിലെ രക്തക്കുഴലുകളുടെ സമഗ്രതയെ തടസ്സപ്പെടുത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി.രക്തക്കുഴലുകള്‍ പൊട്ടിയ ലോംഗ് കോവിഡ് ബാധിതര്‍ക്കാണ് മസ്തിഷ്‌കത്തിന് മങ്ങലുള്ളതായി കണ്ടത്. ഈ പ്രശ്നങ്ങളില്ലാത്ത ലോംഗ് കോവിഡ് ബാധിതരില്‍ പൊട്ടിയ ഞരമ്പുകള്‍ കാണാനായില്ല.

ഹൈപ്പര്‍ ആക്റ്റീവ് രോഗപ്രതിരോധ സംവിധാനം മനുഷ്യ മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ക്ക് പൊട്ടലുണ്ടാക്കുമെന്ന് ആദ്യമായി തെളിയിക്കാന്‍ കഴിഞ്ഞതായി ട്രിനിറ്റിയിലെ ജനിതകശാസ്ത്രത്തിലെ പ്രൊഫസറും ജനിതകശാസ്ത്രത്തിന്റെ തലവനും ഫ്യൂച്ചര്‍ ന്യൂറോയിലെ പ്രധാന അന്വേഷകനുമായ മാത്യു കാംബെല്‍ പറഞ്ഞു.

പോസ്റ്റ് വൈറല്‍ ന്യൂറോളജിക്കല്‍ അവസ്ഥകളെ മനസ്സിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നതിന്റെ ലാന്‍ഡ്‌സ്‌കേപ്പിനെ തന്നെ മാറ്റാന്‍ സാധ്യതയുള്ള കണ്ടെത്തലാണിതെന്ന് ന്യൂറോളജി പ്രൊഫസറും ട്രിനിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ മേധാവിയും ഫ്യൂച്ചര്‍ ന്യൂറോയിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ കോളിന്‍ ഡോഹെര്‍ട്ടി പറഞ്ഞു.ലോംഗ് കോവിഡിന്റെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ തലച്ചോറിലെ ഉപാപചയ, വാസ്‌കുലര്‍ മാറ്റങ്ങളിലൂടെ അളക്കാന്‍ കഴിയുമെന്നും ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതായി ഇവര്‍ വ്യക്തമാക്കി.

ക്ഷീണം, ശ്വാസതടസ്സം, ഓര്‍മ്മയിലും ചിന്തയിലും ഉള്ള പ്രശ്നങ്ങള്‍, സന്ധി/പേശി വേദന തുടങ്ങിയവയാണ് ലോംഗ് കോവിഡിന്റെ ലക്ഷണങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നത്.കോവിഡിന് ശേഷം 12 ആഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ഈ പ്രശ്നങ്ങള്‍ ലോംഗ് കോവിഡിന്റേതാകാമെന്നാണ് അനുമാനിക്കപ്പെടുന്നത്.

long-covid-study
Advertisment