/sathyam/media/media_files/2025/10/24/vvv-2025-10-24-04-04-36.jpg)
ഡബ്ലിന്‍: അഭയാര്‍ത്ഥി ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് തുടക്കമിട്ട സാഗര്‍ട്ടിലെ കലാപം ശമനമില്ലാതെ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട വിവിധ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 23ലെത്തി.അറസ്റ്റും പ്രതിഷേധവും ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.
സിറ്റിവെസ്റ്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തിന് സമീപം കഴിഞ്ഞ രാത്രിയിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് ഗാര്‍ഡ ഇവരെ അറസ്റ്റ് ചെയ്തത്.സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് ഗാര്‍ഡകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുപ്പിയ്ക്ക് തലയ്ക്കടിച്ചതാണ് ഒരാളുടെ പരിക്ക്. മറ്റൊരു ഗാര്‍ഡയ്ക്ക് കൈയ്ക്കും തോളിനുമാണ് പരിക്ക്.
വെസ്റ്റ് ഡബ്ലിനിലെ അഭയാര്‍ത്ഥി ഹോട്ടലിന് കാവല്‍ നില്‍ക്കുന്ന ഗാര്‍ഡയ്ക്ക് നേരെ ഇന്നലെ വീണ്ടും പ്രതിഷേധക്കാര്‍ പടക്കമെറിഞ്ഞു. മുഖം മൂടിയണിഞ്ഞ യുവാക്കളാണ് ഗാര്‍ഡയ്ക്ക് നേരെ അക്രമം നടത്തിയത്.ഇന്നലെയും രണ്ടായിരത്തോളം പ്രതിഷേധക്കാര്‍ എത്തിയിരുന്നു. അഭയാര്‍ത്ഥികളോടു രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെമ്പാടും കലാപസ്വരം ഉയരുകയാണ്.
സിറ്റിവെസ്റ്റ് ഹോട്ടലിന് സമീപം ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടര്‍ന്ന് ഇന്നലെയും റോഡില്‍ കോര്‍ഡോണ്‍ സ്ഥാപിച്ചിരുന്നു.300ലധികം ഗാര്‍ഡകള്‍ അവിടെ ക്യാമ്പ് ചെയ്തിരുന്നു.മൗണ്ടഡ് ഗാര്‍ഡ യൂണിറ്റും ഡോഗ് യൂണിറ്റും സ്ഥലത്തുണ്ടായിരുന്നു.ഗാര്‍ഡയെ ആക്രമിക്കാന്‍ ചാക്കുകള്‍ നിറയെ വൈന്‍ കുപ്പികളുമായാണ് സമരക്കാര്‍ എത്തിയത്.കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് സമീപത്തെ വീടുകളുടെ ബിന്നുകളില്‍ നിന്നും ഗ്‌ളാസ് ബോട്ടിലുകള്‍ നീക്കം ചെയ്തിരുന്നു.
നിരവധി പേരെ പിടികൂടിയിട്ടുണ്ടെന്നും ഇനിയും അറസ്റ്റുണ്ടാകുമെന്നും ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു.അക്രമകാരികളെ ധീരമായും പ്രൊഫഷണലായുമാണ് ആന്‍ ഗാര്‍ഡ ഷിക്കോണയിലെ അംഗങ്ങള്‍ നേരിട്ടതെന്ന് മന്ത്രി പറഞ്ഞു.കലാപമുണ്ടാക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ആസൂത്രിത കലാപം മുന്നില്‍ക്കണ്ട് ഡബ്ലിനിലെ ബെല്‍ഗര്‍ഡിനും സാഗര്‍ട്ടിനും ഇടയിലുള്ള സര്‍വീസുകള്‍ ലുവാസും ഡബ്ലിന്‍ ബസും നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ട് സ്റ്റോപ്പുകള്‍ക്കിടയില്‍ നിലവില്‍ റെഡ് ലൈന്‍ സര്‍വീസുകളൊന്നുമില്ലെന്നും താല/ബെല്‍ഗര്‍ഡ്, കോണോളി എന്നിവയ്ക്കിടയില്‍ മാത്രമേ സര്‍വീസുകളുള്ളൂവെന്നും ലുവാസിന്റെ വക്താവ് പറഞ്ഞു.
അതേ സമയം ബാലികയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ 26 വയസ്സുള്ള അഭയാര്‍ത്ഥി യുവാവ് ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us