Advertisment

ഇസ്രായേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ഡബ്ലിന്‍ ട്രിനിറ്റി കോളേജിലും

New Update
gfcxse56yhb

ഡബ്ലിന്‍ : അമേരിക്കയിലുടനീളമുയര്‍ന്ന ഇസ്രായേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ട്രിനിറ്റി കോളേജിലേക്കും. യു എസിലേതിന് സമാനമായി ക്യാമ്പ്മെന്റുകള്‍ സ്ഥാപിച്ചുള്ള പ്രതിഷേധമാണ് ട്രിനിറ്റിയിലെ വിദ്യാര്‍ത്ഥികളും സംഘടിപ്പിച്ചത്. ബുക്ക് ഓഫ് കെല്‍സിന് സമീപമാണ് ക്യാമ്പ്മെന്റ് സ്ഥാപിച്ചിരിക്കുന്നത്.ഇതേ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

Advertisment

പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളുടെ അതിപുരാതനമായ കൈയെഴുത്തുപ്രതിയാണ് അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള ട്രിനിറ്റി കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന ദി ബുക്ക് ഓഫ് കെല്‍സ്. ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഡബ്ലിനിലെ ട്രിനിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ബുക്ക് ഓഫ് കെല്‍സ് സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇതിലേക്കുള്ള പ്രവേശന കവാടത്തിനടുത്തായി പതിനഞ്ചോളം ടെന്റുകളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിഷേധിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ അണി ചേര്‍ന്നിട്ടുണ്ട്.യൂണിവേഴ്സിറ്റി ഗേറ്റുകളിലെ സുരക്ഷ ജീവനക്കാരെയും തിരിച്ചറിയല്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികളെയും മാത്രമേ ഈ സൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളു.

ട്രിനിറ്റി കോളേജും ഇസ്രായേലും തമ്മിലുള്ള ബിസിനസ്സ്, അക്കാദമിക് ബന്ധങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.വിദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് പ്രധാനമായും പ്രതിഷേധത്തിനുള്ളത്.

യു എസിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവിടെയും പ്രക്ഷോഭം നടത്തുന്നതെന്ന് ട്രിനിറ്റി കോളേജ് ഡബ്ലിന്‍ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ലാസ്ലോ മോള്‍നാര്‍ഫി പറഞ്ഞു.

ട്രിനിറ്റി കോളേജും ഇസ്രായേലും തമ്മിലുള്ള ബിസിനസ്സ്, അക്കാദമിക് ബന്ധങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു.ഇതിന്റെ പേരില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ പലസ്തീന് വേണ്ടി ക്യാമ്പ്‌മെന്റ് സ്ഥാപിച്ചതായി എക്സിലും ഇദ്ദേഹം സ്ഥിരീകരിച്ചു. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പിന്തുണ പ്രതിഷേധത്തിനുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

ഫീസ്, വാടക, ഇസ്രായേല്‍-ഗാസ സംഘര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രതിഷേധങ്ങളുടെ പേരില്‍ ട്രിനിറ്റി കോളേജ് ബിരുദ വിദ്യാര്‍ത്ഥി യൂണിയന് കഴിഞ്ഞയാഴ്ച 2,14,285 യൂറോ പിഴ ചുമത്തിയിരുന്നു.

വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി സോഷ്യലിസ്റ്റ് പാര്‍ട്ടിയും രംഗത്തുവന്നു. ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഗാസ ഐക്യദാര്‍ഢ്യ ക്യാമ്പ് സുരക്ഷിതമാക്കാന്‍ സഹായിക്കണമെന്നും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സന്ദേശം അഭ്യര്‍ത്ഥിച്ചു.

students palastine
Advertisment