അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 109-ആം വയസില്‍ അന്തരിച്ചു. കൗണ്ടി ഡോണഗലിലെ കാസ്റ്റലിഫിന്ന് സ്വദേശിയായ റൂബി ഡ്രുസ് ആണ് വ്യാഴാഴ്ച ലോകത്തോട് വിട പറഞ്ഞത്. മരുമകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
1915-ല്‍ ജനിച്ച റൂബി, ഇക്കഴിഞ്ഞ പുതുവര്‍ഷത്തിലാണ് 109-ആം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ 109-കാരിയായിരുന്ന ഫില്ലിസ് ഫുർനെസ്സ് അന്തരിച്ചതോടെയാണ് റൂബി അയര്‍ലണ്ടിന്റെ മുതുമുത്തശ്ശിയായത്.
തന്റെ പ്രായക്കൂടുതല്‍ എന്ന കാരണത്താല്‍ മാത്രം അറിയപ്പെടാന്‍ ഒട്ടും ആഗ്രഹമില്ലാതിരുന്ന റൂബി, ജീവിതത്തില്‍ പുകവലിയോ, മദ്യപാനമോ ഇല്ലാത്ത വ്യക്തിയായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും, രണ്ട് മഹാമാരികള്‍ക്കും സാക്ഷിയായ റൂബിക്ക് 2023-ല്‍ കോവിഡും ബാധിച്ചിരുന്നു.
അഞ്ച് മക്കളില്‍ ഏറ്റവും മൂത്തയാളായി ജനിച്ച റൂബി, 14-ആം വയസില്‍ പോർട്ട് ’സ് ഷർട്ട് ഫാക്ടറിയില്‍ ജോലിക്ക് ചേരുകയും, 48 വര്‍ഷക്കാലം അവിടെ തുടരുകയും ചെയ്തു. 1956-ല്‍ ജിം ഡ്രുസ്നെ വിവാഹം ചെയ്തു. എന്നാല്‍ 14 വര്‍ഷത്തിന് ശേഷം അദ്ദേഹം മരണപ്പെട്ടു. ഒമ്പതിലധികം പ്രസിഡന്‍ഷ്യല്‍ മെഡലുകള്‍ നേടിയ ആള്‍ കൂടിയാണ് റൂബി.
1944-ല്‍ അവസാനമായി സിനിമ കാണാന്‍ തിയറ്ററില്‍ പോയ ശേഷം 80 വര്‍ഷങ്ങള്‍ കഴിഞ്ഞ് 103-ആം വയസിലാണ് റൂബി തിയറ്ററില്‍ പോകുന്നത്. 2019-ല്‍ ഡൗൺടൌൺ അബ്ബയ് എന്ന ചിത്രം കാണാനായിരുന്നു അത്.
മാര്‍ച്ച് 23 ഞായറാഴ്ച പകല്‍ 12 മണിക്ക് കാസ്റ്റലിഫിന്ന്ലെ സെന്റ് മേരിസ് ചർച്ചില്‍ വച്ച് റൂബിയുടെ സംസ്‌കാരം നടക്കും.