അയര്‍ലണ്ടില്‍ ശമ്പളം ഇത്തിരി കുറയും, പക്ഷെ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന ഓട്ടോ-എന്റോള്‍മെന്റ് പെന്‍ഷന്‍ സ്‌കീം ജനുവരി മുതല്‍

New Update
Bbjb

ഡബ്ലിന്‍ : തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും പെന്‍ഷന്‍ സാര്‍വ്വത്രികമാക്കുന്ന ഓട്ടോ-എന്റോള്‍മെന്റ് പെന്‍ഷന്‍ സകീമിന് അയര്‍ലണ്ട് തയ്യാറെടുക്കുന്നു.അടുത്ത വര്‍ഷം ജനുവരി മുതല്‍ പദ്ധതി ട്രാക്കിലെത്തും.അയര്‍ലണ്ടിലെ വിരമിച്ചവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും സപ്ലിമെന്ററി പെന്‍ഷന്‍ ഇല്ല.ഇവര്‍ക്ക് സ്റ്റേറ്റ് പെന്‍ഷന്‍ മാത്രമാണ് ആശ്രയം. ഓട്ടോ-എന്റോള്‍മെന്റ് ഇല്ലാത്ത ഒ ഇ സി ഡി യില്‍ ഏക രാജ്യവും അയര്‍ലണ്ടാണ്. ഇക്കാരണത്താലാണ് പുതിയ സ്‌കീം ഉയര്‍ന്നു വന്നത്.

പഴയ സ്‌കീമിലും എല്ലാവര്‍ക്കും പെന്‍ഷന്‍ കിട്ടും,

Advertisment

നിലവിലുള്ള സ്റ്റേറ്റ് പെന്‍ഷന്‍, വിരമിച്ച ശേഷം ലഭിക്കുന്ന സര്‍ക്കാര്‍ സഹായമാണ്. 66 വയസ്സാകുന്നവര്‍ക്ക്, നിര്‍ദ്ദിഷ്ട നിബന്ധനകള്‍ പാലിച്ചാല്‍, ഇതിന് അര്‍ഹത ലഭിക്കുന്നുണ്ട്.

രണ്ടുതരത്തിലാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഒന്നാമത്തേത് കണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍. ജോലി ചെയ്ത കാലത്ത് അടച്ച PRSI സംഭാവനകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. വരുമാനമോ സമ്പാദ്യമോ പരിശോധിക്കുന്നില്ല. ജീവപര്യന്തം ലഭിക്കും.

രണ്ടാമത്തേത് നോണ്‍-കണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍. മതിയായ പി ആർ എസ് ഐ സംഭാവനകള്‍ ഇല്ലാത്തവര്‍ക്കും ഇത് വഴി പെന്‍ഷന്‍ ലഭിക്കും . ഇത് മീന്‍സ് ടെസ്റ്റിന് വിധേയമാണ്. അതായത്, വരുമാനം, നിക്ഷേപം, സ്വത്ത് എന്നിവ പരിശോധിക്കും. പരമാവധി തുക, കണ്‍ട്രിബ്യൂട്ടറി പെന്‍ഷനേക്കാള്‍ കുറവായിരിക്കും.

ഇപ്പോള്‍ ലഭ്യമായ പരമാവധി കണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ആഴ്ചയ്ക്ക് ഏകദേശം €277.30 ആണ്. നോണ്‍-കണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ €266 വരെ ലഭിക്കും. ആശ്രിതയായ ഭാര്യയോ ഭര്‍ത്താവോ , കുട്ടികളോ ഉണ്ടെങ്കില്‍ അധികം പെന്‍ഷന്‍ ലഭിക്കാവുന്നതാണ്.

66 വയസിനു ശേഷം അപേക്ഷിക്കുന്നവര്‍ക്ക് അയര്‍ലണ്ടിലെ നിലവിലുള്ള ഈ പെന്‍ഷന്‍ കൈപ്പറ്റാം. ബാങ്ക് അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫീസിലൂടെയോ ആഴ്ച തോറും തുക ലഭിക്കും.പുതിയ ഓട്ടോ എൻറോൾമെൻറ് പെൻഷൻ പദ്ധതി ആരംഭിച്ചാലും ,നിലവിലുള്ള സ്‌കീം തുടരും. പെൻഷൻ കാലത്ത് കൂടുതൽ ധനകാര്യ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് സർക്കാർ ആവിഷ്കരിക്കുന്ന പുതിയ സ്‌കീം.

പുതിയ സ്‌കീമുമായി വ്യത്യാസം

പ്രതിമാസ ഡിസ്പോസിബിള്‍ വരുമാനം ചെറുതായി കുറച്ചുകൊണ്ട് അതിനെ വിരമിക്കല്‍ സമ്പാദ്യത്തിലേക്ക് വഴിതിരിച്ചുവിടുന്നതാണ് പുതിയ സ്‌കീം. പി ആര്‍ എസ് ഐ സംഭാവനകളിലൂടെയോ,സാമൂഹ്യ ക്ഷേമ ആനുകൂല്യത്തിലൂടെയോ പെന്‍ഷന്‍ ലഭിക്കുന്നതില്‍ നിന്നും ഇത് വ്യത്യസ്ഥമാണ്. ഓട്ടോമാറ്റിക്കായി സ്‌കീമില്‍ എന്റോള്‍ ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ സാമൂഹിക സുരക്ഷാ വകുപ്പ് ഇതുവഴി വഴിയൊരുക്കുന്നു

2026 ജനുവരി 1 മുതല്‍, പ്രൈവറ്റ് പെന്‍ഷന്‍ ഇല്ലാത്ത എല്ലാ ജീവനക്കാരെയും മൈ ഫ്യൂച്ചര്‍ ഫണ്ടില്‍ ഓട്ടോസൈന്‍ അപ്പ് ചെയ്യിക്കുന്നതാണ് ഈ പദ്ധതി.പേ റോളുമായി ബന്ധപ്പെടുത്തിയ റിട്ടയര്‍മെന്റ് സേവിംഗ്സ് പോട്ടായും ഇതിനെ വിശേഷിപ്പിക്കുന്നു.ഓരോ മാസവും തൊഴിലാളികള്‍ അവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം സംഭാവന ചെയ്യും. അത്രയും അവരുടെ തൊഴിലുടമയും നല്‍കും.സര്‍ക്കാരും ഇതിനൊപ്പം ടോപ്പ് അപ്പ് ചെയ്യും.

കൂടുതല്‍ വിശദമായി പറഞ്ഞാല്‍ തൊഴിലാളികള്‍ മൂന്നു യൂറോ സംഭാവന ചെയ്താല്‍ തൊഴിലുടമയും മൂന്നു യൂറോ നല്‍കും.ഒരു യൂറോ സര്‍ക്കാരും നല്‍കും. സര്‍ക്കാര്‍ പെന്‍ഷന് പുറമേയുള്ള ആനുകൂല്യമാണിത്.

23നും 60നുമിടയില്‍ പ്രായമുള്ള വര്‍ഷം 20,000 യൂറോയ്ക്ക് മേല്‍ വരുമാനമുള്ള, പേറോള്‍ വഴി പെന്‍ഷന്‍ സ്‌കീമില്ലാത്ത തൊഴിലാളികള്‍ക്ക് ഓട്ടോ-എന്റോള്‍ സ്‌കീമില്‍ ചേരാം.ജീവനക്കാര്‍ കുറഞ്ഞത് ആറ് മാസമെങ്കിലും ജോലിയില്‍ തുടരണമെന്ന വ്യവസ്ഥയുണ്ട്.അതിന് ശേഷം സ്‌കീമില്‍ നിന്നുമൊഴിവായാലും നല്‍കിയ സംഭാവന തിരികെ ലഭിക്കും.

എന്നാല്‍ തൊഴിലുടമയുടെയും സര്‍ക്കാരിന്റെയും ടോപ്പ്-അപ്പുകള്‍ ഫണ്ടില്‍ തുടരും. രണ്ട് വര്‍ഷത്തിന് ശേഷം, യോഗ്യത നേടുന്ന പക്ഷം ഓട്ടോമാറ്റിക്കായി തൊഴിലാളി വീണ്ടും സ്‌കീമിലെത്തും.

ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണം… പരിഹരിക്കണം…

ചൈല്‍ഡ് കെയറും വാടകയും വായ്പയും മറ്റ് വിവിധ വീട്ടു ചെലവുകളും മൂലം വലയുന്ന തൊഴിലാളികള്‍ക്ക് ഈ സ്‌കീം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശമ്പളത്തിലെ കുറവും ഇവര്‍ക്ക് പ്രശ്നമാകും.അസ്ഥിര വരുമാനമുള്ളവര്‍ക്ക്-കാഷ്വല്‍ ,സീസണല്‍ തൊഴിലാളികള്‍ക്കും ഈ കോണ്‍ട്രിബ്യൂഷന്‍ പ്രശ്നമാകും. അണ്‍പെയിഡ് ലീവിലുള്ള മാതാപിതാക്കള്‍ക്കും ദോഷമുണ്ടാകും.സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളമില്ലാത്ത കെയറേഴ്സും പദ്ധതിയിലില്ലെന്നതും പോരായ്മയാണ്.

ശമ്പളം കുറയുമെന്ന തോന്നലില്‍ സ്‌കീമില്‍ നിന്നും അകന്നു നില്‍ക്കുന്നവരെ ആകര്‍ഷിക്കാന്‍ മിതമായ ശമ്പള വര്‍ദ്ധനവും വണ്‍സ് ഓഫ് ബോണസും ഉപയോഗിച്ച് എന്റോള്‍മെന്റ് നടത്തണമെന്ന അഭിപ്രായം വിദഗ്ദ്ധര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

അവധിയിലുള്ള മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും പ്രസവാവധി, അണ്‍പെയ്ഡ് അവധി എന്നിവയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്കുമായി, മാച്ചിംഗ്, സ്റ്റേറ്റ് ടോപ്പ്-അപ്പുകള്‍ എന്നിവ നിലനിര്‍ത്തി ക്യാച്ച്-അപ്പ് കോണ്‍ട്രിബ്യൂഷന്‍ അവതരിപ്പിക്കാനും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

അസ്ഥിര വരുമാനമുള്ള തൊഴിലാളികള്‍ക്ക് വേണ്ടി സ്‌കീമിനെ കൂടുതല്‍ ഫ്ളക്സിബിളാക്കണമെന്നതും ഇവരുടെ നിര്‍ദ്ദേശമാണ്. ഓട്ടോമാറ്റിക് റീസ്റ്റാര്‍ട്ട് ഉപയോഗിച്ച് സേവിംഗ് സെഷനുകള്‍ അനുവദിക്കണമെന്നും ഇവര്‍ ശുപാര്‍ശ ചെയ്യുന്നു.പെന്‍ഷനിലെ അസമത്വമാണ് ഈ സ്‌കീമിന്റെ ന്യൂനതയായി പറയുന്നത്. അത് പരിഹരിക്കാന്‍ യോജിച്ച ശ്രമമുണ്ടായാല്‍ അയര്‍ലണ്ടിന്റെ ഓട്ടോ എന്റോള്‍ മെന്റ് പെന്‍ഷന്‍ സ്‌കീം പുതിയ തുടക്കമാകുമെന്നും ഇവര്‍ പറയുന്നു.

Advertisment