/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ലോ റിഫോം ഗവേഷണം വെളിപ്പെടുത്തുന്നു.ഇ യു ശരാശരിയേക്കാള്‍ 43% കൂടുതലാണ് ഇത്തരം കുറ്റകൃത്യങ്ങളെന്ന് അയര്‍ലണ്ടിലെ നീതിന്യായ വ്യവസ്ഥയെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്ന റിപ്പോര്‍ട്ട് പറയുന്നു. 2019നും 2023നും ഇടയില്‍ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്.അയര്‍ലണ്ടിന്റെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലേത്.ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇ യുവിലുടനീളം വര്‍ദ്ധിക്കുന്ന പ്രവണതയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നരഹത്യ ഇ യു നിരക്കിനേക്കാള്‍ 38.5% കുറവാണെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.മോഷണത്തിന്റെയും അനുബന്ധ കുറ്റകൃത്യങ്ങളുടെയും നിരക്ക് ഇ യു ശരാശരിയേക്കാള്‍ 14% കൂടുതലായിരുന്നു.അയര്‍ലണ്ടിന്റെ നീതിന്യായ വ്യവസ്ഥയെ അന്താരാഷ്ട്ര തലത്തില്‍ എങ്ങനെ താരതമ്യം ചെയ്യുന്നു എന്നതിന്റെ സമഗ്രമായ മാനദണ്ഡമാണെന്ന് ലോ സൊസൈറ്റി ഓഫ് അയര്‍ലണ്ട് പറയുന്നു.
തീരുമാനമെടുക്കുന്നതിന് വിശ്വസനീയവും വസ്തുനിഷ്ഠവുമായ തെളിവുകള്‍ നയകര്‍ത്താക്കള്‍ക്ക് നല്‍കുകയെന്നതാണ് റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യമെന്ന് സൊസൈറ്റി വ്യക്തമാക്കി.പോലീസിംഗ്, കോടതികള്‍, ജയിലുകള്‍ എന്നീ മേഖലകളിലെ 100ലേറെ ദേശീയ, അന്തര്‍ദേശീയ ഡാറ്റ സ്രോതസ്സുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്.
2019 നും 2023 നും ഇടയില്‍, ഇ യുവില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ ശരാശരി നിരക്ക് 1,00,000 പേര്‍ക്ക് 40എന്ന തോതിലാണ്. എന്നാല്‍ അയര്‍ലണ്ടില്‍ ഇത് 100,000 ന് 57.5 എന്ന നിലയിലാണ്.മറ്റ് അംഗരാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ ശരാശരി 38.5% കുറവാണ്.2019നും 2022നുമിടയില്‍ അയര്‍ലണ്ടിലെ കൊലപാതക കുറ്റകൃത്യങ്ങളുടെ ഡിറ്റക്ഷന്‍ നിരക്ക് ശരാശരി 82% ആയിരുന്നു. എന്നാല്‍ ലൈംഗിക കുറ്റകൃത്യങ്ങളുടേത് 2019ല്‍ 20%വും 2022 ല്‍ 16%വുമായിരുന്നു.2019 നും 2022നും ഇടയിലെ മോഷണ കുറ്റകൃത്യങ്ങളുടെ നിരക്ക് ശരാശരി 35%മാണ്.
പോലീസിലും കോടതികളിലും വിശ്വസിക്കുന്ന അയര്‍ലണ്ടുകാര്‍
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റി (ഒ ഇ സി ഡി)ലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ പോലീസിലും കോടതികളിലുമുള്ള ജനങ്ങള്‍ക്ക് വിശ്വാസം കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ ഡാറ്റയുടെ കുറവു മൂലം പ്രിസണ്‍ സര്‍വ്വീസിന്റെ ഫലപ്രാപ്തി അളക്കാനായിട്ടില്ല.
ശരാശരി ശിക്ഷയില്‍ കുറവ്
ഐറിഷ് ജയിലുകളിലെ ശരാശരി ശിക്ഷ അഞ്ച് മുതല്‍ ഏഴ് മാസം വരെയാണെന്ന് ഗവേഷണം കണ്ടെത്തി, കൗണ്‍സില്‍ ഓഫ് യൂറോപ്പില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പത്ത് മുതല്‍ പതിനൊന്ന് മാസം വരെയുള്ള കാലയളവിനേക്കാള്‍ കുറവാണ്.
ഗാര്‍ഡകള്‍ ആവശ്യത്തിനില്ല,
അയര്‍ലണ്ടിലെ ജനസംഖ്യ വര്‍ദ്ധിച്ചിട്ടും 2019 നും 2024 നും ഇടയില്‍ ഗാര്‍ഡകളുടെ എണ്ണം കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.2024ല്‍ അയര്‍ലണ്ടില്‍ 100,000 പേര്‍ക്ക് 264 പോലീസ് ഓഫീസര്‍മാരുണ്ടായിരുന്നു.നോര്‍ത്തേണ്‍ അയര്‍ലണ്ടിനെയും സ്‌കോട്ട്ലന്‍ഡിനെയും അപേക്ഷിച്ച് കുറവാണിത്.പക്ഷേ മറ്റ് ആറ് അധികാരപരിധികളുടെ ശരാശരിയേക്കാള്‍ കൂടുതലുമാണ്.
കേസ് തീരാന്‍ ഇ യുവിനേക്കാള്‍ മൂന്നിരട്ടി സമയം
യൂറോപ്യന്‍ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അയര്‍ലണ്ടില്‍ ഒരു കേസ് അവസാനിക്കാനോ തീര്‍പ്പാക്കാനോ ഇ യുവിനേക്കാള്‍ മൂന്നിരട്ടി സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2022ലെ യൂറോപ്യന്‍ ശരാശരിയേക്കാള്‍ 25% കുറവ് പെര്‍ക്യാപിറ്റയാണ് അയര്‍ലണ്ട് ചെലവഴിച്ചതെന്ന് ഗവേഷണം കാണിക്കുന്നു. 2022ല്‍ ഒരു കേസ് തീര്‍പ്പാക്കാന്‍ ശരാശരി 541 ദിവസമെടുത്തതായി ഡാറ്റ കാണിക്കുന്നു.ശരാശരി യൂറോപ്യന്‍ എസ്റ്റിമേറ്റിന്റെ മൂന്നിരട്ടിയിലധികം സമയമാണിത്.2019 നും 2024 നും ഇടയില്‍ ശരാശരി തീര്‍പ്പാക്കല്‍ സമയം കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ജഡ്ജിമാരുടെ എണ്ണം കുറവ്
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് 1,00,000 ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ ജഡ്ജിമാരുടെ എണ്ണം അയര്‍ലണ്ടിലാണെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു. മറ്റ് ഇ യു അംഗരാജ്യങ്ങളെ അപേക്ഷിച്ച് ഐറിഷ് കോടതികള്‍ പ്രതിവര്‍ഷം കുറച്ച് കേസുകള്‍ മാത്രമേ തീര്‍പ്പാക്കുന്നുള്ളൂ.
മികച്ച ശുപാര്‍ശകള്‍
ഗവേഷണ പ്രബന്ധത്തില്‍ ലോ സൊസൈറ്റി 16 ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. കോടതി നടപടികളുടെ ദൈര്‍ഘ്യം, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിരക്ക്, ഓരോ വര്‍ഷവും തീര്‍പ്പാക്കപ്പെടുന്ന സിവില്‍ കേസുകളുടെ എണ്ണം, ഓരോ വര്‍ഷവും കെട്ടിക്കിടക്കുന്ന കേസ്സിന്റെ വ്യാപ്തി എന്നിവയുമായി ബന്ധപ്പെട്ട് മികച്ച ഡാറ്റ ശേഖരിച്ച് പ്രസിദ്ധീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.ഐറിഷ് നീതിന്യായ വ്യവസ്ഥയിലുടനീളം കൂടുതല്‍ സമഗ്രവും സുതാര്യവുമായ ഡാറ്റ ശേഖരണവും റിപ്പോര്‍ട്ടിംഗും അടിയന്തിരമായി ആവശ്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us