Advertisment

റഫ്യൂജികളുടെ എണ്ണത്തെച്ചൊല്ലി അയര്‍ലണ്ടില്‍ ‘അടി’, ആര്‍ക്കാണ് തെറ്റിയത് ?

New Update
6rdfghn

ഡബ്ലിന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ട് വഴിയുള്ള കുടിയേറ്റ വിഷയത്തില്‍ യു കെയുമായുള്ള തര്‍ക്കം വഷളാകുന്നതിനിടെ അയര്‍ലണ്ടിലെ മന്ത്രിമാര്‍ക്കിടയിലും ഉദ്യോഗസ്ഥ സംവിധാനത്തിനും ഇതു സംബന്ധിച്ച വ്യക്തതയില്ലെന്ന് സൂചന.

Advertisment

അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ത്ഥികളില്‍ 80%ത്തിലേറെയും നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി വഴിയാണെന്നായിരുന്നു ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്റിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സ്റ്റാറ്റിസ്റ്റിക്കലല്ലെന്ന നിലപാടാണ് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ബ്രിട്ടന്‍ -അയര്‍ലണ്ട് ഇന്റര്‍ ഗവണ്‍മെന്റല്‍ തല യോഗത്തില്‍ സ്വീകരിച്ചത്.

അതേ സമയം, എന്നാല്‍ യാഥാര്‍ത്ഥ്യമാണെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ് മന്ത്രി ഹെലന്‍. അതിനിടെ മനുഷ്യാവകാശ സംഘടനകളും അഭയാര്‍ത്ഥി സംഘടനകളും ഈ കണക്കിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.

യാഥാര്‍ത്ഥത്തില്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് സംഘടിതമായി അയര്‍ലണ്ടില്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് ഇതറിയുകയും ചെയ്യാം. അഭയാര്‍ത്ഥികള്‍ വരുന്നത് തടയാന്‍ തങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുവെന്ന് ,ലോക്കല്‍ ഇലക്ഷന് മുമ്പായി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയിലെ ഘടക കക്ഷികള്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സ്ഥിതിവിവരക്കണക്കുമായി ബന്ധമില്ലെന്ന് മാര്‍ട്ടിന്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടിലൂടെ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ജസ്റ്റിസ് വകുപ്പിന്റെ വീക്ഷണമെന്നാണ് മാര്‍ട്ടിന്‍ വിശദീകരിച്ചത്. എണ്‍പത് ശതമാനത്തിന്റെ തെളിവുകളെക്കുറിച്ച് ജസ്റ്റിസ് വകുപ്പുദ്യോഗസ്ഥര്‍ പറയുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അത് സ്ഥിതിവിവരക്കണക്കല്ല. ഡാറ്റാബേസോ തെളിവോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അഭയാര്‍ത്ഥികളെ ഏറ്റവും അധികം പിന്തുണയ്ക്കുന്നവരില്‍ ഒരാളായ ഫിനാഫാള്‍ നേതാവ് പറയുന്നത്.

ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സിലിനും സംശയം

എന്നിരുന്നാലും, ഈ കണക്കിന്റെ കൃത്യതയില്‍ ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സിലിനും അഡ്മിനിസ്ട്രേഷന്‍ ഓഫ്് ജസ്റ്റിസിനും സംശയമുണ്ട്.നീതി വകുപ്പ് എങ്ങനെയാണ് 80% എന്ന കണക്കില്‍ എത്തിയതെന്ന് അറിയില്ലെന്ന് ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സിലിന്റെ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.

വിമാനത്താവളത്തിലോ തുറമുഖത്തിലോ സംരക്ഷണത്തിനായി അപേക്ഷിച്ചിട്ടില്ല എന്നതിനാല്‍, അയാള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് വഴി വന്നുവെന്ന് കരുതാനാവില്ലെന്ന് ഇദ്ദേഹം വാദിക്കുന്നു. എമിഗ്രേഷന്‍ കണ്‍ട്രോള്‍ വഴിയെത്തി ഐ പി ഒയില്‍ സംരക്ഷണത്തിനായി അപേക്ഷിക്കാനാവില്ലേയെന്ന് ഇദ്ദേഹം ചോദിക്കുന്നു.

തിരികെ വിമാനത്തില്‍ കയറ്റി അയക്കുമെന്ന പേടിയുള്ളതിനാല്‍ വിമാനത്താവളത്തിലോ പോര്‍ട്ടിലോ ഇവര്‍ അപേക്ഷിക്കില്ല.യുദ്ധം പോലെയുള്ള സാഹചര്യങ്ങളിലും, ചിലപ്പോള്‍ വിദ്യാര്‍ഥിയെന്ന സ്റ്റാറ്റസിലും ഇവിടെയെത്താമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒന്നും ശരിയല്ലെന്ന് ജസ്റ്റിസ് അഡ്മിനിസ്ട്രേഷന്‍

അവകാശവാദങ്ങളില്‍ സംശയമുണ്ടെന്ന് ജസ്റ്റിസ് അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ഡാനിയല്‍ ഹോള്‍ഡര്‍ പറഞ്ഞു. ഇത്തരത്തിലുള്ള അവകാശവാദം ഉന്നയിക്കുന്നത് ഇതാദ്യമല്ല. ബ്രിട്ടീഷ് ഗവണ്‍മെന്റ് റുവാണ്ട നയം ആരംഭിച്ച 2022ല്‍ സമാനമായ വാദം ഉന്നയിച്ചിരുന്നു. ഇത് ഇ എസ് ആര്‍ ഐയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിനാല്‍ വളരെ ശ്രദ്ധയോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് ഇദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കണക്കിലുറച്ച് ജസ്റ്റിസ് വകുപ്പ്

എന്നാല്‍ ഈ കണക്ക് ശരിയാണെന്ന് ജസ്റ്റിസ് വകുപ്പ് വിശദീകരിച്ചു.ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാഫുകളുടെയും മറ്റുള്ളവരുടെയും അനുഭവത്തെ അടിസ്ഥാനമാക്കിയും അഭിമുഖങ്ങളില്‍ ശേഖരിച്ച മെറ്റീരിയലുകളെ അടിസ്ഥാനമാക്കിയുമുള്ളതാണ് ഈ കണക്കുകളെന്നും വക്താവ് വിശദീകരിച്ചു.

ഡബ്ലിനിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ (ഐ പി ഒ) രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് മക് എന്‍ഡി നല്‍കിയ കണക്കുകളെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും നേരത്തേ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച പാര്‍ലമെന്ററി സമിതിയിലാണ് മന്ത്രി ഹെലന്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.അതേ തുടര്‍ന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറിയുമായി മന്ത്രി ഹെലന്‍ ചര്‍ച്ചയും തീരുമാനിച്ചിരുന്നു. അനധികൃതമായെത്തുന്നവരെ യു കെയിലേയ്ക്ക് തിരികെ അയക്കുന്നതിന് ഉടന്‍ നിയമം കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും രംഗത്തുവന്നതോടെ സംഭവം കൂടുതല്‍ വിവാദമായി. ഒരു ചര്‍ച്ചയും വേണ്ടെന്ന പ്രഖ്യാപനം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയതോടെ കൂടിക്കാഴ്ച റദ്ദാക്കി.

refugees
Advertisment