അയർലൻഡിൽ ജീവിതച്ചെലവ് പ്രതിസന്ധിക്കെതിരെ മുന്നറിയിപ്പ് നല്‍കി സിപ്ടു സമ്മേളനം

New Update
V

ഡബ്ലിന്‍: ജീവിതച്ചെലവ് പ്രതിസന്ധി വ്യാവസായിക മേഖലയില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ സിപ്ടുവിന്റെ മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധി തൊഴിലാളികളുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുകയാണെന്ന് ഇന്‍കമിംഗ് ജനറല്‍ സെക്രട്ടറി ജോണ്‍ കിംഗ് ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്നും ഇദ്ദേഹം ആരോപിച്ചു. ഗോള്‍വേയില്‍ സിപ്ടു ദ്വിവത്സര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കിംഗ്.

Advertisment

വളരെയധികം ആളുകള്‍ തൊഴില്‍ ദാരിദ്ര്യത്തിലാണ്.ഹീറ്റിംഗിനും ഈറ്റിംഗിനും വഴിയില്ലാതെ കഷ്ടപ്പെടുകയാണ്.ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ വേതനവുമായി മല്ലടിക്കുകയാണ് തൊഴിലാളികള്‍.വലിയ സമ്മര്‍ദ്ദമാണ് ഇവര്‍ നേരിടുന്നത്. ഇത് തൊഴില്‍ രംഗത്തെ പ്രക്ഷുബ്ധമാക്കിയേക്കാമെന്നും ജോണ്‍ കിംഗ് മുന്നറിയിപ്പ് നല്‍കി.

പൊതുമേഖലയിലെ നിലവിലെ ശമ്പള കരാറിന് 2026 ജൂണ്‍ വരെയാണ് പ്രാബല്യമുള്ളത്.എന്നിരുന്നാലും വേതനവും തൊഴില്‍ വ്യവസ്ഥകളും സംബന്ധിച്ച് സ്വീകാര്യമായ കരാര്‍ രൂപപ്പെടേണ്ടതുണ്ട്. അതുണ്ടായില്ലെങ്കില്‍ പൊതുമേഖലയില്‍ ഇന്‍ഡസ്ട്രിയല്‍ സമരങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓണ്‍ലൈന്‍ ദുരുപയോഗത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡബ്ലിന്‍ കലാപം, സര്‍ക്കാരിന്റെ വാട്ടര്‍ സര്‍വ്വീസ് ട്രാന്‍സ്ഫോര്‍മേഷന്‍ തുടങ്ങിയ സമീപകാല സംഭവങ്ങളില്‍, പൊതുപ്രവര്‍ത്തകരും യൂണിയന്‍ പ്രവര്‍ത്തകരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി അധിക്ഷേപത്തിനും ഭീഷണിയ്ക്കുമിരയായി.അംഗീകരിക്കാന്‍ കഴിയാത്ത അത്തരം പെരുമാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സ്വയം നിയന്ത്രണ സംവിധാനം പൂര്‍ണ്ണമായും അപര്യാപ്തമാണ്. ഈ വിഷയത്തില്‍ അടിയന്തിര സര്‍ക്കാര്‍ നടപടികളുണ്ടാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ അവകാശങ്ങള്‍ അവഗണിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ സാമ്പത്തിക പിഴകളും ജയില്‍ ശിക്ഷയും ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു. ഹെല്‍ത്ത് സര്‍വ്വീസില്‍ വിസില്‍ബ്ലോയിംഗിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നവര്‍ക്കും മുന്നോട്ട് വരുന്നവര്‍ക്കും ശക്തമായ സംരക്ഷണം നല്‍കുന്നതിനുള്ള കാമ്പെയ്‌നിനെ പിന്തുണയ്ക്കണമെന്നും ആവശ്യമുയര്‍ന്നു

ശമ്പളം, പെന്‍ഷന്‍, ഹൗസിംഗ്, ഔട്ട്‌സോഴ്‌സിംഗ്, ജീവിതച്ചെലവ് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമ്പതിലധികം പ്രമേയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.ലീവിംഗ് വേജ് അവതരിപ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നത് സംബന്ധിച്ച ആശങ്കകളും സമ്മേളനത്തിലുയര്‍ന്നു.അര്‍ദ്ധ-സംസ്ഥാന സ്ഥാപനങ്ങളുടെ ആസ്തികള്‍ വില്‍ക്കുന്നതില്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകതകളും ട്രേഡ് യൂണിയന്‍ സബ്‌സ്‌ക്രിപ്ഷനുകളില്‍ നികുതിയിളവ് അവതരിപ്പിക്കണമെന്ന ആവശ്യവും സമ്മേളനത്തിലുണ്ടായി.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഇയു മാര്‍ഗ്ഗനിര്‍ദ്ദേശം ഉയര്‍ത്തിപ്പിടിക്കാനുള്ള യൂറോപ്യന്‍ നീതിന്യായ കോടതിയുടെ തീരുമാനത്തെ സമ്മേളന പ്രതിനിധികള്‍ സ്വാഗതം ചെയ്തു.അംഗരാജ്യങ്ങള്‍ കൂട്ടായ വിലപേശല്‍ നടത്തി മതിയായ മിനിമം വേതനം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ സാധുതയാണ് കോടതി സ്ഥിരീകരിച്ചത്.ന്യായമായ വേതനത്തിനായുള്ള പോരാട്ടം ഉറച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ തുടരാനാകുമെന്ന് കോടതി വ്യക്തമാക്കിയതെന്ന് സിപ്ടു ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എഥേല്‍ ബക്ക്ലി പറഞ്ഞു.

Advertisment