കറുത്തവര്‍ക്ക് ‘ബാങ്ക് ഓഫ് അയര്‍ലണ്ട് സര്‍വീസ് നല്കുന്നില്ലെന്ന ദക്ഷിണാഫ്രിക്കക്കാരന്റെ പരാതി തള്ളി

New Update
nbvcd45678i

ഡബ്ലിന്‍ : വംശീയ വിദ്വേഷത്തോടെ സേവനം നിഷേധിച്ചെന്ന ബാങ്ക് ഓഫ് അയര്‍ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കക്കാരനായ കസ്റ്റമറുടെ പരാതി അടിസ്ഥമില്ലാത്തതെന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍.

Advertisment

ബാങ്ക് ശാഖയിലെ സഹപ്രവര്‍ത്തകരുടെ മൊഴിയും മറ്റ് തെളിവുകളും കണക്കിലെടുത്താണ് 2000ലെ ഇക്വാളിറ്റി നിയമം ലംഘിച്ചെന്ന ജാന്‍സണ്‍ കെലെബെംഗിന്റെ ആരോപണം തള്ളിയത്.

മൂന്ന് സാക്ഷികളും ഹാജരാക്കിയ തെളിവുകളും കെലെബെംഗിന്റെ പരാതിയെ നിരാകരിക്കുന്നതും കൂടുതല്‍ വിശ്വസനീയവുമാണെന്നും അഡ്ജുഡിക്കേറ്റര്‍ ബ്രെഫ്‌നി ഒ നീല്‍ നിരീക്ഷിച്ചു.

കറുത്തവര്‍ക്ക് ഈ ബാങ്ക് സേവനം നല്‍കില്ലെന്നു പറഞ്ഞുകൊണ്ട് ബാങ്ക് സ്റ്റാഫ് സേവനം നിഷേധിച്ചെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞ ജൂലൈ 23ന് ബാങ്ക് ഓഫ് അയര്‍ലണ്ട് ശാഖയില്‍ അക്കൗണ്ട് തുറക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.എന്നാല്‍ ബാങ്കിലെ മൂന്ന് ജീവനക്കാരും ഇദ്ദേഹത്തിന്റെ പരാതി ശരിയല്ലെന്ന് കമ്മീഷനില്‍ മൊഴി നല്‍കി.

മാത്രമല്ല ജാന്‍സണ്‍ കെലെബെംഗ് വളരെ പരുഷമായാണ് ബാങ്ക് സ്റ്റാഫിനോടും സെക്യൂരിറ്റി ജീവനക്കാരനോടും പെരുമാറിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഉച്ചത്തില്‍ സംസാരിച്ചതിനെ ബാങ്ക് സ്റ്റാഫ് ചോദ്യം ചെയ്തു.ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കക്കാരനായതിനാലാണെന്ന് ഇദ്ദേഹം പറഞ്ഞു.തുടര്‍ന്ന് കറുത്തവര്‍ക്കൊന്നും ഇവിടെ സര്‍വ്വീസില്ലെന്ന് പറഞ്ഞ് സ്റ്റാഫ് അധിക്ഷേപിച്ചുവെന്നായിരുന്നു ജാന്‍സണ്‍ കെലെബെംഗിന്റെ പരാതി.

തുടര്‍ന്ന് ബ്രാഞ്ചിന്റെ സെക്യൂരിറ്റി ഗാര്‍ഡിന്റെ അടുത്ത് ചെന്ന് വംശീയ പെരുമാറ്റം സംബന്ധിച്ച് പരാതിപ്പെട്ടു. അപ്പോഴും നടപടിയുണ്ടായില്ലെന്നും ഇദ്ദേഹം വാദിച്ചു.

നിലവിലുള്ള സേവിംഗ്‌സ് അക്കൗണ്ടില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് കേള്‍ക്കാന്‍ തയ്യാറാകാതെ സ്റ്റാഫിനെതിരെ ആക്രോശം നടത്തുകയായിരുന്നു ഇദ്ദേഹമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അടക്കം മറ്റ് മൂന്ന് ജീവനക്കാരും സാക്ഷ്യം പറഞ്ഞു.

സെക്യൂരിറ്റി ഗാര്‍ഡിനോടും സ്റ്റാഫിനോടും വളരെ പരുഷമായാണ് ജാന്‍സണ്‍ കെലെബെംഗ് പെരുമാറിയതെന്നും ജീവനക്കാര്‍ സാക്ഷി പറഞ്ഞു. വയസ്സന്മാരൊന്നും ഈ പ്രശ്നത്തിലിടപെടേണ്ടെന്ന പരാമര്‍ശവും സെക്യൂരിറ്റി ജീവനക്കാരനെതിരെ കെലെബെംഗ് നടത്തി.

വിവേചനത്തിന് അടിസ്ഥാനമായൊരു കാരണം ചൂണ്ടിക്കാട്ടാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ല. അതിനാല്‍ബാങ്ക് ഇക്വാളിറ്റി നിയമം ലംഘിച്ചെന്ന് കരുതാനാവില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

കെലെബെംഗിനെ പ്രതിനിധീകരിച്ച് ഒ ഹന്റഹാന്‍ ലാലി ഡി ആള്‍ട്ടണ്‍ സോളിസിറ്റേഴ്‌സിലെ ബെയ്ബിന്‍ മര്‍ഫി ബിഎല്‍ ആണ് കമ്മീഷനില്‍ ഹാജരായത്. ഫീല്‍ഡ്ഫിഷര്‍ എല്‍ എല്‍ പിയിലെ ബാരി വാല്‍ഷ് ബാങ്കിന് വേണ്ടിയും വാദിച്ചു.

bank of ireland
Advertisment