/sathyam/media/media_files/2025/06/06/vdRI2LYFThtT7XBeuoZq.jpg)
അയര്‍ലണ്ടില്‍ ഈ കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ വേഗപരിശോധനകള്‍ക്കിടെ അമിതവേഗത്തിന് പിടിയിലായത് 3,000-ഓളം ഡ്രൈവര്‍മാര്‍. വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 7 മണി വരെയാണ് പ്രത്യേക പരിശോധനകള്‍ നടന്നത്.
ടെമ്പ്ലീയോഗിലെ M50-യില്‍ 100 കി.മീ വേഗപരിധിയുള്ളിടത്ത് 188 കി.മീ വേഗത്തില്‍ വാഹനമോടിച്ചതാണ് പരിശോധനയ്ക്കിടെ റെക്കോര്‍ഡ് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന സ്പീഡ്. കൗണ്ടി കില്‍ഡെയറിലെ ബ്രോഡ്ഫോർഡിലുള്ള R148-ല്‍ 80 കി.മീ വേഗപരിധിയുള്ളിടത്ത് 119 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാളും പിടിയിലായി.
പരിശോധനകള്‍ക്കിടെ 4,000 ബ്രെത്ത് ടെസ്റ്റുകള്‍ നടത്തിയതായും, 270 ഓറല്‍ ഫ്‌ളൂയിഡ് ടെസ്റ്റുകള്‍ നടത്തിയതായും ഗാര്‍ഡ അറിയിച്ചു. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തില്‍ 167 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 210 ഫിക്‌സഡ് ചാര്‍ജ്ജ് നോട്ടീസ് ഈ ദിവസങ്ങളില്‍ നല്‍കി. ലൈസന്‍സുള്ള ആള്‍ കൂടെയില്ലാതെ വാഹനമോടിച്ച 215-ലധികം ലേണര്‍ ഡ്രൈവര്‍മാരും പിടിയിലായി. ലൈസന്‍സുള്ള ആള്‍ കൂടെയില്ലാതെ ഓടിച്ച 99 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവ ഇല്ലാത്തതിന് 380 വാഹനങ്ങളും പിടിച്ചെടുത്തു. സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 70-ലധികം പേര്‍ക്കും പിഴ നല്‍കിയിട്ടുമുണ്ട്.