നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ നിശ്ചലമാക്കി ജീവനക്കാരുടെ പണിമുടക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
9876543

ബെല്‍ഫാസ്റ്റ് : ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള പൊതുമേഖലാ ജീവനക്കാര്‍ പണിമുടക്കി. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പണിമുടക്കില്‍ 170,000 പൊതുമേഖലാ തൊഴിലാളികള്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വ്യാഴാഴ്ച അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു.

Advertisment

നഴ്സുമാര്‍, മിഡ്വൈഫുമാര്‍, ബസ്, ട്രെയിന്‍ ഡ്രൈവര്‍മാര്‍, അധ്യാപകര്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 17 ട്രേഡ് യൂണിയനുകളില്‍ നിന്നുള്ള അംഗങ്ങള്‍ 24 മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തു.

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നിരുന്നാലും പ്രശ്ന പരിഹാരത്തിന് വഴി തുറന്നിട്ടില്ല. രാജ്യത്തെ പാര്‍ട്ടികള്‍ തമ്മിലുള്ള ചേരിതിരിവും പിടിവാശിയുമൊക്കെ പ്രശ്ന പരിഹാരത്തിന് തടസ്സമാവുകയാണ്.സ്‌കൂള്‍ തുറക്കുന്ന സമയമായതിനാലും മോശം കാലാവസ്ഥയും പൊതുഗതാഗതത്തിലെ സ്തംഭനവുമെല്ലാം ചേര്‍ന്ന വേളയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം രാജ്യത്തെ നിശ്ചലമാക്കിയിരിക്കുകയാണ്.

രാജ്യത്തെ ഒന്നരലക്ഷത്തോളം വരുന്ന ജീവനക്കാരാണ് വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. രാജ്യത്തിന്റെ ആരോഗ്യ സേവന രംഗം ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്.ഇക്കാര്യം ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു.

ആരോഗ്യ, സോഷ്യല്‍ കെയര്‍ മേഖലയെ പൂര്‍ണ്ണമായി ബാധിച്ചിട്ടുണ്ടെന്ന് വകുപ്പ് സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ പറഞ്ഞു.ചികിത്സ തേടുന്നവര്‍ക്ക് കാലതാമസമുണ്ടാകാമെന്നും വകുപ്പ് പറഞ്ഞു.എന്നിരുന്നാലും എമര്‍ജന്‍സി ചികില്‍സ ആവശ്യമായി വന്നാല്‍ മാറ്റിവെയ്ക്കരുതെന്ന് വകുപ്പ് ഉപദേശിച്ചു.

പൊളിറ്റിക്കല്‍ ബ്ലാക്ക് മെയിലിംഗെന്ന് ഡി യു പി

യു കെയിലെ മറ്റിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച ശമ്പള വര്‍ധനവ് സ്റ്റോമോണ്ടിലെ രാഷ്ട്രീയ പ്രതിസന്ധി മൂലം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ലഭിച്ചിട്ടില്ല. ബ്രക്‌സിറ്റനന്തര വ്യാപാര ക്രമീകരണങ്ങളില്‍ പ്രതിഷേധിച്ച് ഡി യു പി ബഹിഷ്‌കരിച്ചതോടെയാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഭരണം പ്രതിസന്ധിയിലായത്. രണ്ട് വര്‍ഷമായി ഇവിടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ല.

ബെല്‍ഫാസ്റ്റിലെ ഭരണകൂടത്തെ പുനസ്ഥാപിക്കുന്നതിനൊപ്പം 3.5 ബില്യണ്‍ യൂറോയുടെ സാമ്പത്തിക പാക്കേജ് യു കെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.ജീവനക്കാരുടെ ശമ്പള കുടിശ്ശിക നല്‍കാനുള്ള പണവും പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പുതിയ ഭരണം പുനസ്ഥാപിച്ചാല്‍ മാത്രമേ അത് ലഭ്യമാക്കൂവെന്നാണ് ഡി യു പി വ്യക്തമാക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ധനവിനെ മുന്‍നിര്‍ത്തി യു കെ രാഷ്ട്രീയ ഭീഷണി നടത്തുകയാണെന്നും ഡി യു പി ആരോപിക്കുന്നു.ശമ്പള പ്രശ്നം പ്രത്യേകം കൈകാര്യം ചെയ്യണമെന്നതാണ് പാര്‍ട്ടി നിലപാട്.

രാജ്യ വ്യാപകമായി ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ റാലികള്‍

അതേ സമയം,പണിമുടക്കിയ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ സ്റ്റോര്‍മോണ്ടിലും ബെല്‍ഫാസ്റ്റിലെ എന്‍ ഐ ഒ ആസ്ഥാനത്തും മാര്‍ച്ച് നടത്തി.ബെല്‍ഫാസ്റ്റ് സിറ്റി ഹാള്‍,റോയല്‍ വിക്ടോറിയ,സിറ്റി ഹോസ്പിറ്റലുകള്‍,സിറ്റിസെന്ററുകള്‍ എന്നിവിടങ്ങളിലേക്കും ജീവനക്കാര്‍ മാര്‍ച്ച് നടത്തി.

ന്യായമായ വേതനം ലഭിക്കാതെ സമരം തീരില്ലെന്ന് റാലിയില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.ശമ്പളം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഹീറ്റണ്‍-ഹാരിസിനോട് യൂണിയനുകള്‍ ആവശ്യപ്പെട്ടെങ്കിലും അതംഗീകരിക്കാന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല.

public-service-strike
Advertisment