അയർലണ്ടിൽ സ്റ്റാമ്പുകൾക്ക് വില കൂട്ടുന്നു; കത്തുകൾ കുറഞ്ഞതും, ചെലവ് വർദ്ധിച്ചതും കാരണമെന്ന് പോസ്റ്റൽ വകുപ്പ്

New Update
E

അയര്‍ലണ്ടില്‍ സ്റ്റാംപിന് വില വര്‍ദ്ധിപ്പിക്കുന്നു. ആളുകള്‍ കത്തുകളയയ്ക്കുന്നത് കുറഞ്ഞതും, പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിച്ചതുമാണ് സ്റ്റാംപുകളുടെ വില വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് ഐറിഷ് തപാല്‍ വകുപ്പമായ ആൻ പോസ്റ്റ്‌ അറിയിച്ചു.

Advertisment

ഫെബ്രുവരി 3 മുതല്‍ ഒരു നാഷണല്‍ സ്റ്റാംപിന്റെ വില 1.85 യൂറോ ആക്കിയാണ് വര്‍ദ്ധിപ്പിക്കുക. 20 സെന്റ് ആണ് വര്‍ദ്ധന. അതേസമയം ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് കത്ത് അയയ്ക്കാനുള്ള യൂറോപ്യന്‍ സ്റ്റാംപിന്റെ വില 3.50 യൂറോ ആകും. 85 സെന്റാണ് ഇതിലെ വര്‍ദ്ധന. ലോകത്തെ മറ്റ് രാജ്യങ്ങളിലേയ്ക്ക് കത്തയയ്ക്കാനുള്ള സ്റ്റാംപിന്റെ വില 3.95 യൂറോയുമാകും.

മൂന്ന് വര്‍ഷത്തിനിടെ രാജ്യാന്തര തലത്തില്‍ അയയ്ക്കപ്പെടുന്ന കത്തുകളുടെ എണ്ണത്തില്‍ 38% കുറവ് വന്നത് കാര്യമായ നഷ്ടം സൃഷ്ടിച്ചുവെന്ന് ആൻ പോസ്റ്റ്‌ പറയുന്നു. സ്റ്റാംപുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത് ദേശീയ തപാല്‍ സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകാനും, ജീവനക്കാരെ നിലനിര്‍ത്താനും, പണപ്പെരുപ്പത്തെ നേരിടാനും മറ്റും സഹായിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ വിലയ്ക്ക് ആനുപാതികമാണ് പുതുക്കിയ നിരക്കുകളെന്നും ആൻ പോസ്റ്റ്‌ കൂട്ടിച്ചേര്‍ത്തു.

സ്റ്റാംപുകള്‍ക്ക് പുറമെ മീറ്റര്‍ പോസ്റ്റ്, സ്റ്റാംപ് ബുക്ക്‌ലെറ്റുകള്‍, വലിയ എന്‍വലപ്പുകള്‍, പാക്കറ്റുകള്‍, ഓവര്‍-ദി-കൗണ്ടര്‍ പാഴ്‌സലുകള്‍, രജിസ്റ്റേര്‍ഡ് പോസ്റ്റ്, നാഷണല്‍, ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ സ്റ്റാംപുകള്‍ എന്നിവയുടെ വിലയും ഫെബ്രുവരി 3 മുതല്‍ വര്‍ദ്ധിക്കും.

രാജ്യത്തിനുള്ളിലെ നഴ്‌സിങ്, കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള 1 കിലോഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്കുള്ള സൗജന്യ ഡെലിവറി തുടരുമെന്നും ആൻ പോസ്റ്റ്‌ അറിയിച്ചു. എസ് എം ഇകള്‍ക്ക് ആൻ പോസ്റ്റ്‌ അഡ്വാൻടേജ് കാർഡ് വഴി പാഴ്‌സലുകള്‍ അയയ്ക്കുമ്പോഴുള്ള ഡിസ്‌കൗണ്ടുകളും തുടരും.

കണക്കുകള്‍ പ്രകാരം ആൻ പോസ്റ്റ്‌ വഴിയുള്ള കത്തുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 12 മാസത്തിനിടെ 7% കുറവ് സംഭവിച്ചിട്ടുണ്ട്. 2016-ന് ശേഷം 50 ശതമാനത്തിലേറെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment