ബ്രാം കൊടുങ്കാറ്റ് താണ്ഡവമാടി, അയർലൻഡിൽ ആയിരക്കണക്കിന് കുടുംബങ്ങളും സ്ഥാപനങ്ങളും ഇരുട്ടില്‍

New Update
G

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആയിരക്കണക്കിന് കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഇരുട്ടിലാക്കി ബ്രാം കൊടുങ്കാറ്റ് താണ്ഡവമാടി.നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു.54000ഓളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങി. 25000പേര്‍ ഇപ്പോഴും ഇരുട്ടിലാണ്. കൂടുതല്‍ തടസ്സങ്ങള്‍ പ്രതീക്ഷിക്കാമെനന്ന ഇ എസ് ബി മുന്നറിയിപ്പും വന്നിട്ടുണ്ട്.ഡബ്ലിന്‍, കില്‍കെന്നി, പോര്‍ട്ട് ലീഷ് , ഓഫലി, ടിപ്പററി, വെക്സ്ഫോര്‍ഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വൈദ്യുതി തടസ്സം ഏറ്റവും പ്രശ്നമായത്.

Advertisment

കൊടുങ്കാറ്റും പേമാരിയും മുന്‍നിര്‍ത്തി രാജ്യത്തെ എല്ലാ കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡോണഗേലില്‍ രാത്രി 9 മണി വരെ ഈ മുന്നറിയിപ്പുണ്ടായിരുന്നു.ലെട്രിം, മയോ, സ്ലൈഗോ എന്നിവയ്‌ക്കൊപ്പം ഡോണഗേലിലും അര്‍ദ്ധരാത്രി വരെ സ്റ്റാറ്റസ് യെല്ലോ വിന്‍ഡ് മുന്നറിയിപ്പിലായിരുന്നു.

സ്റ്റോം ബ്രാം വൈദ്യുത ശൃംഖലയ്ക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കിയെന്ന് ഇ എസ് ബി നെറ്റ്വര്‍ക്സ് അറിയിച്ചു.മരങ്ങള്‍ കടപുഴകി വീണാണ് ഭൂരിഭാഗം തടസ്സങ്ങളും. നിരവധി വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴാനും ഇത് കാരണമായി.

നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നെറ്റ്വര്‍ക്ക് സുഗമമാക്കി വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിന് ഇ.എസ്.ബി ജീവനക്കാരെയും കരാറുകാരെയും ദിവസം മുഴുവന്‍ വിന്യസിച്ചിരുന്നു.ക്രൂ രാത്രി എട്ടുമണിവരെ ഇവര്‍ ജോലി ചെയ്തു.ഇന്ന് രാവിലെ ജോലികള്‍ പുനരാരംഭിക്കുമെന്നും വക്താവ് അറിയിച്ചു.

കുടുംബങ്ങള്‍ക്കും വാണിജ്യ വ്യവസായ മേഖലയിലുമുണ്ടായ തടസ്സങ്ങളെ അംഗീകരിക്കുന്നു. വൈദ്യുതി പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുകയാണ്. ഈ പ്രതിസന്ധിയില്‍ ക്ഷമയോടെ സഹകരിച്ച എല്ലാ ഉപഭോക്താക്കളോട് നന്ദി പറയുന്നു- ഇ എസ് ബി വ്യക്തമാക്കി.

വൈദ്യുതി പുനസ്ഥാപിക്കുന്ന സമയവും വിശദവിവരങ്ങളും ഇ എസ് ബിയുടെ പവര്‍ ചെക്ക് എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നും ഇ എസ് ബി കൂട്ടിച്ചേര്‍ത്തു.വൈദ്യുതി തടസ്സങ്ങള്‍ നേരിട്ടറിയുന്നതിന് വെബ്‌സൈറ്റിലെ കീപ്പ് മി അപ്ഡേറ്റഡ് സര്‍വ്വീസില്‍ സൈന്‍ അപ്പ് ചെയ്യാം. അതേ സമയം,വീണുകിടക്കുന്ന വയറുകളിലോ കേടായ വൈദ്യുതി നെറ്റ് വര്‍ക്കുകളിലോ തൊടുകയോ സമീപിക്കുകയോ ചെയ്യരുതെന്ന് ഇ എസ് ബി ഓര്‍മ്മിപ്പിച്ചു.വൈദ്യുതി നാശനഷ്ടങ്ങള്‍ 1800 372 999 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇ എസ് ബി അറിയിച്ചു.

Advertisment