അയര്‍ലണ്ടിലുടനീളം , കൊടിയ നാശമുണ്ടാക്കി ക്ലോഡിയ കൊടുങ്കാറ്റ് …മഴ തുടരുന്നു

New Update
T

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ തീരദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ക്ലോഡിയ കൊടുങ്കാറ്റ് കൊടിയ നാശമുണ്ടാക്കി. നൂറുകണക്കിന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി മുടങ്ങി.തകരാര്‍ പരിഹരിക്കാന്‍ ഇ എസ് ബി ജീവനക്കാര്‍ ഓടിനടക്കുകയാണ്.വൈദ്യുതി പുനസ്ഥാപനം സംബന്ധിച്ച വിവരങ്ങള്‍ പവര്‍ചെക്ക് വെബ്സൈറ്റില്‍ അറിയാവുന്നതാണ്. ഇന്ന് രാവിലെയും മഴയും കാറ്റും തുടരുമെന്ന് മെറ്റ് ഏറാന്‍ നിരീക്ഷകര്‍ പറയുന്നു.

Advertisment

ഡബ്ലിന്‍ മേഖലയില്‍ ഇന്നലെ ഉച്ചയോടെ പെയ്തുതുടങ്ങിയ മഴ ഇനിയും ശമിച്ചട്ടില്ല.നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

വന്‍തോതില്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.കീലോജില്‍ വൈദ്യുത ലൈനുകളിലേയ്ക്ക് മരം വീണതായി വിക്ലോ കൗണ്ടി കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു.വെള്ളപ്പൊക്കവും മരങ്ങള്‍ നിലംപൊത്തിയതും കാരണം വിവിധ റോഡുകളില്‍ തടസ്സമുണ്ട്.ഈ സ്ഥലങ്ങളില്‍ രാത്രി മുഴുവന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ജലവിതരണം തടസ്സപ്പെട്ടലോ പൊതു ജലപാതയില്‍ നിന്നോ അഴുക്കുചാലില്‍ നിന്നോ വെള്ളപ്പൊക്കമുണ്ടായാല്‍ അറിയിക്കണമെന്ന് ജല അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

ഡബ്ലിന്‍, വിക്ലോ, വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ശനിയാഴ്ച രാവിലെ 8 വരെ ഓറഞ്ച് മഴ മുന്നറിയിപ്പു നല്‍കിയിരുന്നു.കാര്‍ലോ, ഡബ്ലിന്‍, കില്‍ഡെയര്‍, കില്‍കെന്നി, ലൂത്ത്, മീത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഇന്ന് രാവിലെ 9 വരെ പ്രാബല്യത്തിലുണ്ട്.ക്ലോഡിയ കൊടുങ്കാറ്റ് മുന്‍ നിര്‍ത്തി ശനിയാഴ്ച പുലര്‍ച്ചെ വരെ ഡബ്ലിന്‍, ലൂത്ത്, മീത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ യെല്ലോ വിന്‍ഡ് മുന്നറിയിപ്പുമുണ്ടായിരുന്നു.

വെള്ളപ്പൊക്കവും അപകടകരമായ യാത്രാ സാഹചര്യങ്ങളും മുന്‍നിര്‍ത്തിയാണ് അലേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ളത്.

നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റും കൗണ്ടി കൗണ്‍സിലുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഡയറക്ടര്‍ കീത്ത് ലിയോനാര്‍ഡ് അഭ്യര്‍ത്ഥിച്ചു.അവരുടെ ഔട്ട്ഡോര്‍ ക്രൂ, എഞ്ചിനീയറിംഗ് ക്രൂ എന്നിവയും ഫയര്‍ സര്‍വീസുകളും വിന്യസിച്ചിട്ടുണ്ട്.ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണെന്നും കീത്ത് ലിയോനാര്‍ഡ് അറിയിച്ചു.

പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അറിയാവുന്ന പ്രദേശങ്ങളില്‍ ലോക്കല്‍ അതോറിറ്റികള്‍ മുന്‍ഗണന നല്‍കണമെന്നും ഇദ്ദേഹം പറഞ്ഞു.യാത്രക്കാര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ലിയോനാര്‍ഡ് അറിയിച്ചു. വേഗത കുറയ്ക്കണം. എന്തെങ്കിലും കുഴപ്പത്തില്‍ അകപ്പെട്ടാല്‍, സഹായത്തിന് 999 എന്ന നമ്പറില്‍ ബന്ധപ്പെടണം. വെള്ളപ്പൊക്കമാണ് പ്രധാന ആശങ്ക.അഴുക്കുചാലുകള്‍ അടഞ്ഞുപോകുന്നതാണ് സങ്കീര്‍ണ്ണമായ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.

കിഴക്കന്‍, തെക്കന്‍ കൗണ്ടികളില്‍ വെള്ളപ്പൊക്കം മുന്‍ നിര്‍ത്തി ഐഎഫ്എ പ്രസിഡന്റ് ഫ്രാന്‍സി ഗോര്‍മാന്‍ കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.അടുത്ത രണ്ട് ദിവസങ്ങളില്‍, സ്റ്റോക്ക് നോക്കുമ്പോഴും ഫാമില്‍ ജോലി ചെയ്യുമ്പോഴും ഏറെ ശ്രദ്ധിക്കണമെന്ന് ഇദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബസ്സുകള്‍ വൈകുന്നതു സംബന്ധിച്ച് ഡബ്ലിന്‍ ബസ്സും മുന്നറിയിപ്പ് നല്‍കിയിരുന്നു.വിമാന യാത്രികര്‍ നേരത്തേ തന്നെ യാത്ര പുറപ്പെടണമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടും ഓര്‍മ്മിപ്പിച്ചു. അപ്‌ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് എയര്‍പോര്‍ട്ട് പറഞ്ഞു.

സ്ഥിതിഗതികള്‍ നേരിടാന്‍ സുസ്സജ്ജമാണെന്ന് ജല അതോറിറ്റി പറഞ്ഞു.പൊതു ജലപാതയില്‍ നിന്നോ അഴുക്കുചാലില്‍ നിന്നോ വെള്ളപ്പൊക്കമുണ്ടായാല്‍ 24/7 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടണം.ജലവിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വെള്ളം സംരക്ഷിക്കണമെന്നും അതോറിറ്റി ഉപദേശിച്ചു.വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഇ.എസ്.ബി നെറ്റ്വര്‍ക്കുകള്‍ ജനങ്ങളെ ഉപദേശിച്ചു.തകര്‍ന്ന ലൈനുകളെ സമീപിക്കരുതെന്നും ഇ എസ് ബി അഭ്യര്‍ത്ഥിച്ചു.

ഈസ്റ്റ് കോര്‍ക്കില്‍ ശനിയാഴ്ച രാവിലെ വരെ 40 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.എ ലെവല്‍ വണ്‍ ഫ്ളഡ് റസ്പോണ്‍സ് പ്ലാന്‍ സജീവമാക്കിയിട്ടുണ്ടെന്ന് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ എഞ്ചിനീയര്‍ പാഡ്രൈഗ് ബാരറ്റ് പറഞ്ഞു.

ഫ്ളഡ് റസ്പോണ്‍സ് ടീമുകള്‍ സുസ്സജ്ജമാണെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.പുലര്‍ച്ചെ നാലു മണി മുതല്‍ തന്നെ ക്രൂകളെ വിന്യസിച്ചിട്ടുണ്ട്, ഡോഡര്‍, കാമാക്, പോഡില്‍ എന്നിവിടങ്ങളിലെ നദികളുടെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.ഡോഡര്‍ നദിയുടെ ചില ഭാഗങ്ങളില്‍ നിലവില്‍ ഫ്ളഡ് ഡിഫന്‍സ് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇ എസ് ബി, ജല അതോറിറ്റി എന്നിവയുമായി ചേര്‍ന്ന് ലോവര്‍ അപ്‌സ്ട്രീം റിസര്‍വോയറുകളെ നിരീക്ഷിക്കുന്നുണ്ട്.ആവശ്യമെങ്കില്‍ മണല്‍ച്ചാക്കുകളും പമ്പുകളും വിന്യസിക്കുമെന്ന് കൗണ്‍സില്‍ അറിയിച്ചു.

Advertisment