/sathyam/media/media_files/2025/01/29/ZgO5aHgJQFPRmbnksY2i.jpg)
അയോവിന്‍ കൊടുങ്കാറ്റിന്റെ കനത്ത ആക്രമണത്തെ തുടർന്ന് അയര്‍ലന്‍ഡില്‍ 1.8 ലക്ഷം വീടുകളും സ്ഥാപനങ്ങളും ഇപ്പോഴും വൈദ്യുതി ഇല്ലാതെ തുടരുന്നു. 74,000 പേര്‍ ശുദ്ധജലത്തിനായി ഇനിയും കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇ എസ് ബി നെറ്റ്‌വർക്ക്സ് റിപ്പോർട്ട് ചെയ്യുന്നത്, മിക്ക ഉപഭോക്താക്കൾക്കും വെള്ളിയാഴ്ചയ്ക്കുള്ളിൽ വൈദ്യുതി പുനസ്ഥാപിക്കപ്പെടുമെന്നതാണ്. എന്നാൽ ഏകദേശം 1 ലക്ഷം ഉപഭോക്താക്കൾ അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും.
വൈദ്യുതി ഇല്ലാത്ത വീടുകൾക്കും ഫാമുകൾക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി, ഡബ്ലിനിൽ നിന്നും തെക്കൻ കൗണ്ടികളിൽ നിന്നുമുള്ള വിദഗ്ധ സംഘങ്ങളെ വടക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ, വടക്കൻ മിഡ്‌ലാൻഡ് മേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ഇ എസ് ബി നെറ്റ്‌വർക്ക്സ് അറിയിച്ചു.
വൈദ്യുതി പുനസ്ഥാപനത്തിനായി ബ്രിട്ടനിൽ നിന്നുള്ള സംഘത്തെ ഏറ്റവും നാശം വിതച്ച പ്രദേശങ്ങളിലേക്ക് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഓസ്ട്രിയ, ഫിൻലാൻഡ്, നെതർലാൻഡ്സ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘവും വൈദ്യുതി പുനസ്ഥാപന പ്രവർത്തനങ്ങൾക്കായി അയര്‍ലന്‍ഡില്‍ എത്തും.
സംസ്ഥാനത്ത് 16 എമര്‍ജന്‍സി റെസ്പോന്‍സ് ഹബ് നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
കാവൻ, കോർക്ക്, ഡോനെഗാൾ, ഗാൽവെ, ലയോസ്, ലെയ്‌ട്രിം, ലിമറിക്, ലോംഗ്ഫോർഡ്, മീത്ത്, മോനാഘൻ, ഓഫലി, റോസ്‌ക്കോമൺ, സ്ലൈഗോ, വെസ്റ്റ്മീത്ത്, വെക്‌സ്‌ഫോർഡ്, വിക്ക്ലോ എന്നിവിടങ്ങളില്‍ ആണ് എമര്‍ജന്‍സി റെസ്പോന്‍സ് ഹബ് പ്രവര്‍ത്തിക്കുന്നത്.
ഈ എമര്‍ജന്‍സി കേന്ദ്രങ്ങളില്‍ വെള്ളം, ചൂടുള്ള ഭക്ഷണം, ഫോൺ ചാർജിംഗ്, ബ്രോഡ്‌ബാൻഡ് ആക്സസ്, ഷവർ, വസ്ത്രം കഴുകൽ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും എന്ന് നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് അറിയിച്ചു.