സ്റ്റോം അയോവിൻ: ഐറിഷ് ദ്വീപിൽ വ്യാപക നാശം, വൈദ്യുതിയും വെള്ളവുമില്ലാതെ ആയിരങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Vvbbb

വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആഞ്ഞടിച്ച അയോവിൻ കൊടുങ്കാറ്റ് ഐറിഷ് ദ്വീപിൽ വ്യാപക നാശം വിതച്ചു. 183 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റ് ആയിരക്കണക്കിന് വീടുകളുടെയും സ്ഥാപനങ്ങളുടെയും നാശനഷ്ടത്തിന് ഇടവരുത്തി. ഡോനെഗാളിലെ റഫോയിൽ കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു.

Advertisment

അയോവിൻ കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ മുഴുവൻ കനത്ത നാശം വിതച്ചതോടെ ഏകദേശം ഒരു ദശലക്ഷം വീടുകളും ബിസിനസുകളും വൈദ്യുതിയില്ലാതായി. വെള്ളിയാഴ്ച രാത്രിവരെ 5,40,000 വീടുകളിൽ വൈദ്യുതി പുനസ്ഥാപിക്കപ്പെടാത്ത അവസ്ഥയിലായിരുന്നു. നോർത്തേൺ അയർലണ്ടില്‍ 2,80,000 വീടുകളിൽ ആണ് വൈദ്യുതി തടസ്സം നേരിട്ടത്.

പമ്പ് സ്റ്റേഷനുകളും വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ 1,38,000 പേർ വെള്ളമില്ലാതെ കഴിയുകയും 7,50,000 ഓളം പേര്‍ക്ക് ജല വിതരണത്തില്‍ തടസ്സം നേരിടുകയും ചെയ്തു.

മയോയിലെ കോൺനാച്ച് ജി എ എ യുടെ 3.1 മില്യൺ യൂറോ മുടക്കിയ എയർ ഡോം സെന്റർ തകർന്നതോടെ പ്രധാന കായിക കേന്ദ്രം നിലംപൊത്തുകയുണ്ടായി. ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ്ടൗണിലെ സീസണൽ ഐസ് റിങ്കും റോസ്കോമൺ ബോയിലിലെ സെന്റ് ജോസഫ്‌സ് ചർച്ചിന്റെയും മേൽക്കൂരകളും കാറ്റിൽ തകർന്നു.

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതുപോലെ തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും പുനസ്ഥാപന പ്രവർത്തനങ്ങളെ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്.

സ്റ്റോം അയോവിൻ മൂലമുണ്ടായ നാശനഷ്ടങ്ങൾ ഇൻഷുറൻസ് വ്യവസായത്തിന് €100 മില്യണിൽ കൂടുതല്‍ ചിലവ് ഉണ്ടാക്കുമെന്നാണ്. ഇത്തരത്തിലുള്ള വ്യാപക നാശ നഷ്ടങ്ങള്‍ ഭാവിയിൽ ഉപഭോക്താക്കളുടെ ഇൻഷുറൻസ് പ്രീമിയം വർധനവിന് ഇടയാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വൈദ്യുതി തടസ്സങ്ങൾക്കൊപ്പം മൊബൈൽ നെറ്റ്‌വര്‍ക്ക്, ഇന്റര്‍നെറ്റ് സേവനങ്ങളിലും തകരാറുകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഗാൽവേ, ഡോനെഗാൽ, മയോ, കെറി, ക്ലയർ, ലാങ്ഫോർഡ് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.

Advertisment