/sathyam/media/media_files/2025/11/25/g-2025-11-25-05-47-07.jpg)
ഡബ്ലിന്‍ : കുടിയേറ്റ വിരുദ്ധ പ്രവണതകളെ തടയുന്നതിന് കമ്മ്യൂണിറ്റി ഇടപെടല്‍ കൂടുതല്‍ ശക്തമാക്കാനും വിപുലീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.അടുത്ത വര്‍ഷം തുടങ്ങുന്ന നാഷണല്‍ മൈഗ്രന്റ് ആന്റ് ഇന്റഗ്രേഷന്‍ സ്ട്രാറ്റെജിയുടെ ഭാഗമായാണിത്.ജസ്റ്റീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം നടപ്പാക്കുക.
കുടിയേറ്റത്തെയും ഇന്റഗ്രേഷനെയും കുറിച്ചുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ‘കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രോഗ്രാം 2026 സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന, ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സെന്ററുകള്‍ സ്ഥിതിചെയ്യുന്ന വിവിധ കൗണ്ടികള്‍ കേന്ദ്രീകരിച്ചാകും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് ലക്ഷ്യമിടുന്ന ഈ കാമ്പെയിന്‍ ഷെഡ്യൂള്‍ ചെയ്യുക.
ഇതിന്റെ ഭാഗമായി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍, ടിപ്പററി കൗണ്ടി കൗണ്‍സില്‍, കില്‍ഡെയര്‍ കൗണ്ടി കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ നിലവിലെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇടപെടലുകള്‍ തുടരും.കൂടാതെ മറ്റ് ചില മേഖലകളിലും പുതിയ കമ്മ്യൂണിക്കേഷന്‍ ആന്റ് എന്‍ഗേജ്‌മെന്റ് പ്രോഗ്രാം ആരംഭിക്കും.
ഡോണഗേല്‍, ക്ലെയര്‍, ലെയ്ട്രിം,വിക്ലോ, ലിമെറിക്ക് , ഗോള്‍വേ സിറ്റി (നഗര) തുടങ്ങിയ കൗണ്ടികള്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ പൈലറ്റ് പദ്ധതി എന്ന നിലയിലും പ്രോഗ്രാം അവതരിപ്പിക്കും.ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ ഐറിഷ് സമൂഹത്തിലെ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വസ്തുത കാമ്പെയിന്‍ എടുത്തുകാട്ടും. കുടിയേറ്റത്തിനെതിരായ അനാവശ്യ പ്രചാരണം കുറയ്ക്കാനും ഈ പദ്ധതിയില്‍ ശ്രമമുണ്ടാകും. ഓരോ പ്രദേശത്തെയും ഇത്തരം ഇടപെടലുകളെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ റിപ്പോര്‍ട്ടുണ്ടാക്കും.
കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായാണ് ജസ്റ്റീസ് വകുപ്പ് ഈ പ്രോഗ്രാമിനെ വിഭാവനം ചെയ്യുന്നത്.കമ്മ്യൂണിറ്റി തലത്തിലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രധാന സംവിധാനമെന്ന നിലയിലും ഇത് പ്രവര്‍ത്തിക്കും.
പുതിയ പദ്ധതിയില്‍ നിലവില്‍ താമസ കേന്ദ്രങ്ങള്‍ തുറന്ന മേഖലകളിലാകും കമ്മ്യൂണിറ്റി ഇടപെടല്‍ ടീമുകളുടെ പ്രവര്‍ത്തനം പ്രധാനമായും കേന്ദ്രീകരിക്കുകയെന്ന് വകുപ്പ് വ്യക്തമാക്കുന്നു.ബ്രീഫിംഗ് നോട്ടുകള്‍ തയ്യാറാക്കല്‍, ഇന്‍ഫര്‍മേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കല്‍, കമ്മ്യൂണിറ്റി സംഘടനകളില്‍ നിന്നും പബ്ലിക് റപ്രസെന്റേന്റ്റീവുകളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കല്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും.പ്രധാന വകുപ്പുകളും ഏജന്‍സികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സിവില്‍ സൊസൈറ്റി സംഘടനകളും ഒരുപോലെ പ്രോഗ്രാമില്‍ കൈകോര്‍ക്കും.
സിറ്റിവെസ്റ്റ് പോലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈറ്റുകളുടെ കാര്യത്തില്‍ വിപുലമായ ഇടപെടലുണ്ടാകും.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, റസിഡന്റ്സ് ഗ്രൂപ്പുകള്‍, എന്‍ജിഒകള്‍, ലോക്കല്‍ സര്‍വ്വീസുകള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരുമായുള്ള വിപുലമായ മീറ്റിംഗുകളും പ്രോഗ്രാമില്‍ ഉള്‍പ്പെടും.ഒപ്പം ആന്‍ ഗാര്‍ഡ ഷിക്കോണയുമായി ചേര്‍ന്ന് തദ്ദേശീയരുടെ ആശങ്കകള്‍ പരിഹരിക്കാനും ശ്രമിക്കും.
ലോക്കല്‍ തലങ്ങളിലെ കുടിയേറ്റം, ഇന്റഗ്രേഷന്‍ എന്നിവയെക്കുറിച്ചുള്ള ഫീഡ്ബാക്കും ഉള്‍ക്കാഴ്ചകളും ശേഖരിക്കുന്നതിനാണ് ഈ പരിപാടി മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.
ഇത്തരം ജനകീയ ബോധവല്‍ക്കരണ കാമ്പെയിനുകള്‍ സര്‍ക്കാര്‍ തലത്തില്‍ മുമ്പും ആലോചിച്ചിരുന്നു. എന്നാല്‍ നടക്കാതെ പോവുകയായിരുന്നു. 2023ല്‍ കമ്മ്യൂണിറ്റികളെയും പ്രാദേശിക പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ആശയവിനിമയ പദ്ധതി തയ്യാറാക്കിയിരുന്നു. കുടിയേറ്റ വിഷയങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിലൂടെ അഭയാര്‍ത്ഥികളുടെ താമസ സൗകര്യങ്ങള്‍ക്കെതിരായ പ്രതിഷേധം തടയുകയെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രധാനമന്ത്രിയുടെ വകുപ്പിനുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ പദ്ധതി മുടങ്ങി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us