വിദേശ ടൂറിസ്റ്റുകൾ അയർലണ്ടിനെ പ്രണയിക്കാൻ കാരണം ഇവ എന്ന് സർവേ…

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Gfhjim

ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി അയര്‍ലണ്ട് മാറാുള്ള കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പുതിയ സര്‍വേ. ടൂറിസം അയർലണ്ട് നടത്തിയ സര്‍വേ പ്രകാരം ടൂറിസ്റ്റുകള്‍ തങ്ങളുടെ ഇഷ്ടലക്ഷ്യമായി അയര്‍ലണ്ട് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇവിടുത്തെ പ്രകൃതിഭംഗിയും, സംസ്‌കാരവും ആണെന്നാണ് വ്യക്തമായത്. അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം വിനോദസഞ്ചാരികളെത്തുന്ന യുകെ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ടൂറിസ്റ്റുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

Advertisment

സര്‍വേയോട് പ്രതികരിച്ച 33% അന്താരാഷ്ട്ര ടൂറിസ്റ്റുകളാണ് അയര്‍ലണ്ടിന്റെ പ്രകൃതിഭംഗിയാണ് തങ്ങളെ ആകര്‍ഷിക്കുന്നത് എന്ന് പറഞ്ഞത്. 11% പേര്‍ അയര്‍ലണ്ടിലെ സംസ്‌കാരമാണ് തങ്ങളെ ഇവിടെയെത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് പ്രതികരിച്ചപ്പോള്‍ 9% പേര്‍ സ്ഥലങ്ങള്‍ കാണാനും, 7% പേര്‍ ചരിത്രപരമായ കാരണങ്ങളാലും, 6% പേര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനുമാണ് അയര്‍ലണ്ടിലെത്തുന്നതെന്ന് പ്രതികരിച്ചു.

അതേസമയം ആളുകള്‍ അയര്‍ലണ്ട് സന്ദര്‍ശിക്കാതിരിക്കുന്നതിന്റെ കാരണങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും, 16% പേര്‍ പറഞ്ഞത് കൂടുതല്‍ മെച്ചപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നതിനാലാണെന്നാണ്. 13% പേര്‍ ഇവിടുത്തെ കാലാവസ്ഥയെ പഴി ചാരിയപ്പോള്‍ 6% പേര്‍ ചെലവ് കാരണമായി ചൂണ്ടിക്കാട്ടി. 5% പേര്‍ അയര്‍ലണ്ടില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഇവിടം വിനോദസഞ്ചാരത്തിനായി തെരഞ്ഞെടുക്കാതിരിക്കാന്‍ കാരണം.

സര്‍വേയില്‍ പങ്കെടുത്തതില്‍ 10-ല്‍ ഏഴ് പേര്‍ എന്നെങ്കിലും അയര്‍ലണ്ട് സന്ദര്‍ശിക്കണം എന്ന് വിചാരിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടൂറിസത്തിന്റെ കാര്യത്തില്‍ അയര്‍ലണ്ടുമായി മത്സരിക്കുന്നത് സ്‌കോട്‌ലണ്ട്, ഐസ്ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് മുതലായവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.