അല്ലെങ്കില്‍ നമ്മള്‍ പിന്നിലാകും,യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍, എ ഐ-അനുബന്ധ നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് ടെക്നോളജി അയര്‍ലണ്ട്

New Update
Bhbb

ഡബ്ലിന്‍ : രാജ്യത്തെ ടെക് കമ്പനികള്‍ നേരിടുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന ആവശ്യമുയരുന്നു.നവീകരണത്തെ തടസ്സപ്പെടുത്തുന്നതും ആഗോള സാങ്കേതിക മത്സരത്തില്‍ അയര്‍ലണ്ടിന്റെയും യൂറോപ്പിന്റെയും മത്സരശേഷി ഇല്ലാതാക്കുകയും ചെയ്യുന്നതാണ് നിയമത്തിന്റെ പേരിലുള്ള കടുംപിടുത്തങ്ങളെന്ന് ടെക്നോളജി മേഖലയെ പ്രതിനിധീകരിക്കുന്ന ഐബെക് ഗ്രൂപ്പായ ടെക്നോളജി അയര്‍ലണ്ട് പറയുന്നു.

Advertisment

നിയമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങളടങ്ങിയ പ്രി ബജറ്റ് സബ്മിഷന്‍ ടെക്നോളജി അയര്‍ലണ്ട് സര്‍ക്കാരിന് മുന്നില്‍വെച്ചിട്ടുണ്ട്.യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍, എ ഐ-അനുബന്ധ നിയന്ത്രണങ്ങളുടെ സങ്കീര്‍ണ്ണമായ ചട്ടക്കൂടുകളും മറ്റും ടെക് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ് എം ഇകള്‍ക്കും നിയമപരമായി വന്‍ ബാധ്യതയുണ്ടാക്കുന്നതാണെന്ന് ടെക്നോളജി അയര്‍ലണ്ട് ചൂണ്ടിക്കാട്ടുന്നു.

ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇയുവിലുടനീളം ലാളിത്യമുണ്ടാകണം.ഒരു പ്രമുഖ യൂറോപ്യന്‍ ടെക് ഹബ് എന്ന നിലയില്‍ അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ കൂടുതല്‍ കാര്യക്ഷമവും നവീകരണ സൗഹൃദപരവുമായ നിയന്ത്രണങ്ങള്‍ക്കായി വാദിക്കാന്‍ സാധിക്കുമെന്ന് ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെ പിന്തുണയ്ക്കേണ്ടതുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാരും റെഗുലേറ്റര്‍മാരും സ്വീകരിക്കുന്ന സമീപനം ബിസിനസിന് ദോഷമുണ്ടാക്കുന്നതാണ്. അമിതമായ നിയമഭാരമാണ് സൃഷ്ടിച്ചിട്ടുള്ളത്.യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്നതുമാണിത്.ഇ യു ചട്ടക്കൂടുകളുടെ പേരില്‍ നിയമം നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതും മാറ്റം വരുത്തുന്നതും അയര്‍ലണ്ടിന്റെ പ്രശസ്തിയെ അപകടത്തിലാക്കുന്നതാണെന്നും ഗ്രൂപ്പ് പറയുന്നു.

എ ഐ ഉപയോഗത്തില്‍ തൊഴിലാളികള്‍ക്കുള്ള പരിശീലന പരിപാടികളില്‍ കൂടുതല്‍ നിക്ഷേപം നടത്തണം.നൂതന ഡിജിറ്റല്‍ ശേഷികളുള്ള തൊഴിലാളികളെ സജ്ജരാക്കുന്നതിന് വലിയ തോതിലുള്ളതുമായ നിക്ഷേപത്തിനായി നാഷണല്‍ ട്രെയിനിംഗ് ഫണ്ട് ഉപയോഗിക്കണമെന്നും ടെക്നോളജി അയര്‍ലണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.നാഷണല്‍ ട്രയിനിംഗ് ഫണ്ട് തന്ത്രപരമായി ഉപയോഗിക്കുന്നത് അയര്‍ലണ്ടിന്റെ എ ഐ ഭാവി ഉറപ്പാക്കുന്നതിന് വളരെ പ്രധാനമാണെന്ന് ടെക്നോളജി അയര്‍ലണ്ട് ഡയറക്ടര്‍ ഉന ഫിറ്റ്സ്പാട്രിക് പറഞ്ഞു.സിലിക്കണ്‍ ഐലന്റ് എന്ന നാഷണല്‍ സെമികണ്ടക്ടര്‍ സ്ട്രാറ്റജി ശുപാര്‍ശകള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്നും ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

Advertisment