ഡബ്ലിൻ: ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിന് ഒരിക്കൽ കൂടി അംഗീകാരം നല്‍കിയിരിക്കുകയാണ് ഒരു മലയാളിയെ വീണ്ടും പീസ് കമ്മീഷണര്‍ സ്ഥാനം നൽകുക വഴി ഐറിഷ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഡബ്ലിനിൽ താമസിക്കുന്ന കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി -ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെൻസിയ സിബിക്ക് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് ആണ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ ടെൻസിയ സിബിക്ക് കൈമാറി.
പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെയിന്റ് ഫ്രാൻസിസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ നിന്നും നേഴ്സ്സിംഗ് പഠനം പൂർത്തിയാക്കിയ ടെൻസിയ, ഡൽഹിയിൽ എസ്‌കോർട്ട് ഹാർട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്തതിനുശേഷം 2005-ൽ അയർലണ്ടിൽ എത്തുകയും, ഡബ്ലിൻ ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ഹെൽത്ത് സർവീസ് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 2022-ൽ റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലണ്ടിൽ നിന്നും ഹയർ ഡിഗ്രി കരസ്ഥമാക്കി. 2019 മുതൽ സീനിയർ നേഴ്‌സായി ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.
ഇന്ത്യയിൽ പ്രവർത്തനം നടത്തുന്ന ബിപി ഫൗണ്ടേഷനിലൂടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ടെൻസിയ സിബി, അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ – ബ്ലാക്ക്‌റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും കാറ്റിക്കിസം ടീച്ചറുമാണ്.
ഐറിഷ് നിയമ സ്ഥാപനമായ SS Law & Associates -ന്റെ ഡയറക്റ്ററാണ് ഭർത്താവ് അഡ്വ. സിബി സെബാസ്റ്റ്യൻ. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന എഡ്വിൻ, എറിക്ക് , ഇവാനിയായ മരിയ എന്നിവർ മക്കളാണ്.
കൗണ്ടി ഡബ്ലിനും വിക്ളോ, മീത്ത് തുടങ്ങിയ അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയ സിബിക്ക് നല്‍കിയിരിക്കുന്നത്.