ഗാര്‍ഡാ അയര്‍ലണ്ടില്‍ ‘പിടുത്തം’ തുടങ്ങി ,പിടി വീഴാതിരിക്കാന്‍ ന്യായം പറഞ്ഞ് അഭയാര്‍ഥി സംഘടനകളും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhuyg

ഡബ്ലിന്‍ : ആവശ്യമായ രേഖകളൊന്നുമില്ലാതെ അഭയാര്‍ഥികളാകുന്നവരുടെ എണ്ണം പെരുകുന്നതില്‍ ആശങ്ക ഉയരുന്നു. ഇത്തരം കേസുകളുമായി നിരവധി നോണ്‍ ഇയു പൗരന്മാരാണ് ഡബ്ലിനിലെ ജില്ലാ കോടതികളിലെത്തുന്നത്. ഇവരുടെ എണ്ണം ക്രമാതീതമായതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അഭിഭാഷകരും ഇത്തരം ആശങ്കളുയര്‍ത്തുന്നത്.

Advertisment

യാത്രാ രേഖകളില്ലാത്തതിന്റെ പേരില്‍ നിരവധി പുരുഷന്മാരെയാണ് അടുത്തിടെയായി കോടതി ജയിലിലടച്ചത്. ഇവര്‍ക്കുവേണ്ടിയുള്ള കേസുകളാണ് സമീപനാളുകളില്‍ കോടതിയിലെത്തിയത്.രാജ്യത്ത് രേഖകളുമായി വിസിറ്റ് വിസയില്‍ എത്തിയവരും ,ടൂറിസ്റ്റ് വിസയിലെത്തിയവരും, ഒളിച്ചുകടന്നവരുമടക്കമായുള്ളവരെ പിടികൂടുന്നതിനായി ഊര്‍ജിത ശ്രമം ഗാര്‍ഡ ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ഇത്തരക്കാര്‍ക്കുവേണ്ടി തൊടുന്യായങ്ങളും മുട്ടാപ്പോക്കുമുന്നയിച്ച് അഭയാര്‍ഥി സംഘടനകളും അവരെ സഹായിക്കുന്നവരും രംഗത്തുവന്നുവെന്നതാണ് പുതിയ പ്രശ്നം.ഉയർന്ന വിലയുള്ള തുണിത്തരങ്ങളും, പെട്ടികളൂമായി അയർലണ്ടിൽ കടക്കുന്നവർക്ക്, ഏതു രാജ്യത്തിനിന്നായാലും യാതൊരു തിരിച്ചറിയൽ കാർഡുമില്ലാത്തത് ന്യായീകരിക്കാനാവില്ലെന്നാണ് ഗാർഡയുടെ നിലപാട്.

ഇമിഗ്രേഷന്‍ ആക്ട്, അനുസരിച്ച് അയര്‍ലണ്ടിലെ പൗരന്മാരല്ലാത്തവര്‍ എമിഗ്രേഷന്‍ ഓഫീസറോ ഗാര്‍ഡയോ ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിലാണ് കേസെടുക്കുന്നത്.അയര്‍ലണ്ടില്‍ ജനിച്ച 16 വയസ്സിന് താഴെയുള്ള വിദേശികള്‍ക്ക് ഈ നിയമം ബാധകമല്ല. എന്നാല്‍ അഭയാര്‍ഥികളാണെന്ന പേരില്‍ ആര്‍ക്കും എത്താവുന്നയിടമായി അയര്‍ലണ്ട് മാറുകയാണെന്ന ആക്ഷേപം ശക്തമായതോടെയാണ് ഗാര്‍ഡയും എമിഗ്രേഷന്‍ വിഭാഗവും പരിശോധനകളും അറസ്റ്റും തുടങ്ങിയത്. അതുമുതല്‍ അതിനെതിരെ ആരോപണവുമായി ബദല്‍ ഗ്രൂപ്പുകളും രംഗത്തുവന്നു.

അഭയാര്‍ഥികളില്‍ ഭയം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായാണ് പല മൈഗ്രന്റ് റൈറ്റ്സ് ഗ്രൂപ്പുകളും രംഗത്തുവന്നിട്ടുള്ളത്. ഐ പി സംവിധാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിനു പകരം രേഖകളില്ലാതെ അഭയം തേടിയവര്‍ക്കെതിരെ കേസുകളെടുക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.

ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ ചാര്‍ജ് ചെയ്യുന്ന കേസുകളില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപ്പീല്‍സ് ട്രിബ്യൂണല്‍ (ഇപാറ്റ്) ആണ് തീരുമാനമെടുക്കേണ്ടത്. ഇതിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു.അഭയം തേടുന്നവരെ തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ ജയിലിലടച്ച് ക്രിമിനലുകളാക്കുന്നത് ഇമിഗ്രേഷന്‍ ട്രിബ്യൂണല്‍ കേസുകളില്‍ മുന്‍വിധിയുണ്ടാക്കുമെന്ന് ഡബ്ലിന്‍ ആസ്ഥാനമായ അഡ്വക്കസി ഗ്രൂപ്പ് ആഫ്രിക്ക സോളിഡറി സെന്റര്‍ ആരോപിക്കുന്നു.

എക്‌സിക്യൂട്ടീവിന്റെ അസാധാരണമായ ഇടപെടലുകളാണ് ഇത്തരം കേസുകളെന്ന് ഇക്കൂട്ടര്‍ പറയുന്നു. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപ്പീല്‍ ട്രിബ്യൂണലിനെ മറികടക്കുകയാണ് ജില്ലാ കോടതികളെന്നും ഇവര്‍ വാദിക്കുന്നു.സൂക്ഷ്മ നിരീക്ഷണമൊന്നും നടത്താതെയാണ് കേസുകളെടുക്കുന്നതെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നു.

പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകളോ യാത്രാ രേഖകളോ ഇല്ലാതെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ 30കാരനായ സുഡാനി പൗരനെ രണ്ട് മാസത്തേക്ക് ക്ലോവര്‍ഹില്‍ ഡിസ്ട്രിക്റ്റ് കോടതി ജയിലിലടച്ചിരുന്നു.ഒട്ടേറെ ആളുകള്‍ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് സമീപിക്കുന്നുണ്ടെന്ന് മൂവ്‌മെന്റ് ഓഫ് അസൈലം സീക്കേഴ്‌സ് ഇന്‍ അയര്‍ലണ്ട് പറയുന്നു.

ഭരണകൂടത്തിന്റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് രേഖകള്‍ തേടി അതേ സര്‍ക്കാരിനെ സമീപിക്കാനാകുമോയെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഓടിപ്പോകാന്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ തരുമോയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അറസ്റ്റുകള്‍
ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് മാസി ആരോപിച്ചു. ഈ കോടതി വിധികളെ ഉന്നത ന്യായാലയങ്ങളില്‍ ചോദ്യം ചെയ്യുമെന്നും മാസി പറഞ്ഞു.

യാത്രാ രേഖയോ പാസ്‌പോര്‍ട്ടോ ഇല്ലാത്ത അഭയാര്‍ഥികളെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര നിയമത്തില്‍ വ്യവസ്ഥയുണ്ട്. മുമ്പൊന്നും ഈ പ്രശ്നമില്ലായിരുന്നുവെന്നും കുടിയേറ്റ വിരുദ്ധരും തീവ്ര വലതുപക്ഷക്കാരുമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.ജീവന്‍ രക്ഷിക്കാനോ സുരക്ഷിതമായ ജീവിതം തേടിയോ എത്തുന്നവരെ ഇത്തരത്തില്‍ കഷ്ടപ്പെടുത്തുന്നത് ശരിയല്ല.

ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസ് വഴി അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്കുള്ളത് സൂഷ്മ പരിശോധനകളാണ് നേരിടേണ്ടത്. വിരലടയാളം പോലുമെടുക്കുന്നു.ഇതൊക്കെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ട്രിബ്യൂണലിലെ അവരുടെ കേസുകളെ ദോഷകരമായി ബാധിക്കുമെന്ന് ഇവര്‍ പറയുന്നു. പാസ്‌പോര്‍ട്ട് ഇല്ലാത്തതിന്റെ പേരില്‍ ആളുകളെ ജയിലിലടക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അടുത്തയിടെ നടന്ന റഫറണ്ടത്തിന് പശ്ചാത്തലത്തില്‍ ഐറിഷ് ജനതയ്ക്കിടയില്‍ ,കുടിയേറ്റക്കാര്‍ക്ക് എതിരായി ചിന്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട് ,ഇത് മനസിലാക്കി കൊണ്ടാണ് അഭയാര്‍ത്ഥി സംരക്ഷണ ഗ്രൂപ്പുകള്‍ പിടിച്ചു നില്‍പ്പിനായി രംഗത്തെത്തിയിട്ടുള്ളതും.

refugees-ireland
Advertisment