/sathyam/media/media_files/OqiwDXkGIk839SQTWrpK.jpg)
മേയോ : ഇരച്ചു കയറിവരുന്ന അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ നാടുനീളെ സര്‍ക്കാര്‍ പെടാപ്പാടു തുടരുന്നതിനെതിരെ, അവര്‍ക്ക് താമസമൊരുക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കനത്ത പ്രതിഷേധം തുടരുകയാണ് അഭയാര്‍ത്ഥിവിരുദ്ധപക്ഷം.
മേയോയിലെ ബാലിന്റോബിലെ മുന്‍ ഹോട്ടലില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ കഴിഞ്ഞ ദിവസവും രംഗത്തെത്തി.
അനുനയിപ്പിക്കാന്‍ ഇന്റഗ്രേഷന്‍ വകുപ്പ് ശ്രമം നടത്തുന്നുണ്ടെങ്കിലും അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ലെന്ന കര്‍ക്കശമായ നിലപാടിലാണ് നാട്ടുകാര്‍. ചര്‍ച്ച തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു.
നാട്ടിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാതെ അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് പലയിടത്തും പ്രതിഷേധമുണ്ടാക്കുന്നത്. പ്രദേശവാസികളുമായി കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ ഇങ്ങനെ തീരുമാനമെടുക്കുന്നത്. ഇതാണ് ആളുകളെ പ്രകോപിപ്പിക്കുന്നത്.
ബാലിന്റോബിലെ മുന്‍ ജെ ജെ ഗാനോന്‍സ് ഹോട്ടലില്‍ 50കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനുള്ള തീരുമാനം വ്യാഴാഴ്ചയാണ് ജനപ്രതിനിധികളെ സര്‍ക്കാര്‍ അറിയിച്ചത്.തിങ്കളാഴ്ച മുതല്‍ ആളുകളെ താമസിപ്പിക്കുമെന്നും ഇതിനായി ഒരു വര്‍ഷത്തെ കരാര്‍ വെച്ചുവെന്നുമാണ് ഇന്റഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കിയത്.
തുടര്‍ന്നാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നത്.രാത്രി പകല്‍ വ്യത്യാസമില്ലാതെ ആളുകള്‍ പ്രതിഷേധം തുടരുകയാണ്.സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. മെയിന്‍ സ്ട്രീറ്റില്‍ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ ഗസീബോ സ്ഥാപിച്ചു.ഗാര്‍ഡ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാര്‍ ഭീതിയുണ്ടാക്കുന്നു
അനധികൃത കുടിയേറ്റക്കാരുടെ വരവിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന മിഷേല്‍ സ്മിത്ത് പറഞ്ഞു. ഊരും പേരുമൊന്നും അറിയാത്ത ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് ഗുണകരമല്ല. പ്രതിഷേധത്തിന് വംശീയ വിദ്വേഷത്തിന്റെ മുഖം നല്‍കേണ്ടതില്ല.
പ്രതിഷേധിക്കുന്നവരാരും വംശീയവാദികളല്ല. അജ്ഞാതരായ 50 പുരുഷന്മാര്‍ ഇവിടെ താമസിക്കുന്നത് ഭീതിയുണ്ടാക്കുന്നു. അതാണ് പ്രതിഷേധമുണ്ടാക്കുന്നത്. അനധികൃത കുടിയേറ്റം സംബന്ധിച്ച നയങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി പുനരവലോകനം ചെയ്യേണ്ടതുണ്ട്.ജനവികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സ്മിത്ത് പറഞ്ഞു.
അതേ സമയം,അനധികൃത താമസക്കാരെ താമസിപ്പിക്കുന്നതിന് ഇന്റഗ്രേഷന്‍ വകുപ്പുമായി ഒരു കരാറുമുണ്ടാക്കില്ലെന്ന് ഹോട്ടലിന്റെ ഉടമസ്ഥന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ഫിന ഗേല്‍ കൗണ്‍സിലര്‍ മീഹോള്‍ ബര്‍ക്ക് വ്യക്തമാക്കി.
പ്രതിഷേധം ഒറ്റപ്പെട്ടതല്ല
അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന വിവിധ കേന്ദ്രങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുകയാണ്.പലയിടത്തും കുടിയേറ്റക്കാരെ താമസിപ്പിക്കാനുദ്ദേശിച്ച ഹോട്ടലുകള്‍ക്ക് തീയിടുന്ന നിലയുണ്ടായി.
ഇതിനെക്കുറിച്ചെല്ലാം ഗാര്‍ഡ അന്വേഷണം നടക്കുകയാണ്.എന്നാല്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.ഗോള്‍വേയില്‍ ഔട്ടറാര്‍ഡിന് സമീപമുള്ള ഹോട്ടലിലും ഡിസംബര്‍ 16 ന് റോസ്‌കഹില്‍ മേഖലയിലെ നാല് സ്ഥലങ്ങളിലുമാണ് തീപിടുത്തമുണ്ടായത്.
അനധികൃത കുടിയേറ്റക്കാരുടെ താമസകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്റീ ശക്തമായി അപലപിച്ചു. എന്നാല്‍ സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്ക്ക വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ഫിന ഫാള്‍ സെനറ്റര്‍ മാല്‍ക്കം ബൈര്‍ണ്‍ പറഞ്ഞു. ഇതിനായി പബ്ലിക് ഇന്‍ഫര്‍മേഷന്‍ കാമ്പെയിന്‍ നടത്തണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us