/sathyam/media/media_files/9OJk1KIu3NvS0sI4WiH9.jpg)
ഡബ്ലിന്‍ :ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റില്‍ നിന്നും അഭയാര്‍ഥികളെ മറ്റൊരിടത്തേയ്ക്ക് മാറ്റിയത് വിവാദമായതോടെ പ്രതിരോധവുമായി ഇന്റഗ്രേഷന്‍ മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍. എല്ലാ സൗകര്യങ്ങളുമൊരുക്കിയ ശേഷമാണ് അഭയാര്‍ഥികളെ മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കി. ആരേയും ആരും ഓടിച്ചുവിട്ടിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
സെന്റ് പാട്രിക്സ് ഡേ ആഘോഷത്തിന് വഴിയൊരുക്കാനാണ് അഭയാര്‍ഥികളെ തുരത്തിയത് എന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷവും മറ്റും സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഉന്നയിച്ചത്. ഡിസംബറില്‍ സര്‍ക്കാര്‍ താമസസൗകര്യം നല്‍കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകര്‍ ഡബ്ലിനിലെ ഓഫീസിന് സമീപം ടെന്റുകളില്‍ താമസമാക്കിയത്.പഴയ മുംബൈയിലെ ചേരികളിലെ ജനങ്ങളെക്കാള്‍ കഷ്ടമായിരുന്നു ഇവരുടെ അവസ്ഥ.
അവിടെ പ്രാഥമിക സൗകര്യങ്ങള്‍, ഷവര്‍, ഭക്ഷണം എന്നിവ ലഭ്യമല്ലായിരുന്നു. മാത്രമല്ല രാത്രിയില്‍ സുരക്ഷിതത്വത്തിന് ഭീഷണിയുമുണ്ടായിരുന്നു.തുടര്‍ന്നാണ് പുതിയ ഇടം കണ്ടെത്തിയതെന്ന് മന്ത്രി ഗോര്‍മാന്‍ പറഞ്ഞു.സാനിറ്ററി സൗകര്യങ്ങളോ ഷവറുകളോ ഇല്ലാത്തത് മൂലമാണ് അഭയാര്‍ഥികളെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്ന് ക്രൂക്ക്സ്ലിംഗിലേക്ക് മാറ്റിയതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കറും ഇന്നലെ വ്യക്തമാക്കിയിരുന്നു.
തിരികെയെത്തിയത് 20 പേര്‍ മാത്രം
150 അഭയാര്‍ഥികളെയാണ് ഡബ്ലിനിലെ ക്രൂക്സ്ലിംഗിലെ എമര്‍ജെന്‍സി അക്കൊമൊഡേഷനിലേയ്ക്ക് മാറ്റിയത്. അവരില്‍ 130 പേര്‍ അവിടെതന്നെ കഴിയുന്നുണ്ട്. 20 പേര്‍ മാത്രമാണ് സിറ്റി സെന്ററിലേയ്ക്ക് മടങ്ങിയെത്തിയത്. ക്രൂക്സ്ലിംഗില്‍ 15 ടോയ്‌ലറ്റുകളും ആറ് ഷവറുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. വരും ആഴ്ചകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൗണ്ട് സ്ട്രീറ്റിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് സമീപം ഒരു ഡസനിലധികം ടെന്റുകള്‍ ഇപ്പോഴുമുണ്ട്. രാത്രിയില്‍ ഗാര്‍ഡയുടെ പട്രോളിംഗുണ്ട്.കാറില്‍ സന്നദ്ധപ്രവര്‍ത്തകരുടെ കാവല്‍ സംഘവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.ഇവരെ വീണ്ടും മാറ്റുമോ എന്ന കാര്യത്തില്‍ അന്‍ ഗാര്‍ഡ സികോണയും ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാലും കുറയ്ക്കില്ല …! ഇത് ഗ്രീന്‍ പാര്‍ട്ടിയുടെയും ,ഫിനഗേലിന്റയും ഉറപ്പ് …!
അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ഥികളെ നിരുത്സാഹപ്പെടുത്തുന്ന നയം തന്റെ വകുപ്പിനും ,സര്‍ക്കാരിനും ഇല്ലെന്നും ഗ്രീന്‍ പാര്‍ട്ടിയുടെ മന്ത്രി കൂടിയായ ഗോര്‍മന്‍ ആവര്‍ത്തിച്ചു.
ക്രൂക്സ്ലിംഗ്സ് സംവിധാനം താല്‍ക്കാലികമല്ല
ഈ താമസസൗകര്യം സെന്റ് പാട്രിക്സ് വാരാന്ത്യത്തില്‍ മാത്രമായിരിക്കില്ല.ഡബ്ലിന്‍ സിറ്റി കൗണ്‍സിലുമായി സഹകരിച്ചൊരുക്കിയ ഈ സംവിധാനം വരും നാളുകളിലും തുടരും.ക്രൂക്സ്ലിംഗില്‍ രണ്ടാഴ്ച മുമ്പ് തന്നെ ടെന്റ് താമസം ഒരുക്കിയിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
മൗണ്ട് സ്ട്രീറ്റിലെ സാഹചര്യത്തേക്കാള്‍ മികച്ച സൗകര്യമാണ്’ ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മുന്‍ എച്ച് എസ് ഇ സൈറ്റാണ് ഇവിടുത്തേത്. ഓണ്‍ലൈനുകളിലും സോഷ്യല്‍ മീഡിയകളിലും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് പ്രചരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അവിടെ ഒരു ശൗചാലയം മാത്രമാണുള്ളതെന്നൊക്കെയുള്ള അടിസ്ഥാനരഹിത വാര്‍ത്തകളാണ് പ്രചരിക്കുന്നത്.ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരൊന്നും ഇതുവരെ പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്രൂക്ക്സ്ലിംഗില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഈ സൈറ്റ് പ്രദേശത്തെ പ്രായമായവര്‍ക്കായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുന്ന ബോര്‍ഡുകളും മറ്റും ഇതിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. അയർലണ്ടിനെ ഒറ്റുകൊടുക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി ഫാർ റൈറ്റ് പ്രവർത്തകർ ഇടയ്ക്കിടെ പ്രതിഷേധം ഉയർത്തുന്നുണ്ട്. സെന്റ് പാട്രിക്ക്സ് ദിനമായതിനാൽ ഇന്നലെ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായില്ല. ഒരു ഇന്ത്യന്‍ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ നഴ്സിംഗ് കോ ഓപ്പറേറ്റിവ് ഹൗസിംഗ് ആവശ്യങ്ങള്‍ക്കായി എച്ച് എസ് ഇ യോട് ഇരുപതേക്കറോളം വരുന്ന ഈ സ്ഥലം വിട്ടുതരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിട്ടും, പ്രാഥമിക പരിഗണനയില്‍ തന്നെ തള്ളിക്കളഞ്ഞ സൈറ്റാണ് ഇപ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് ഉദാരതയോടെ ഗ്രീന്‍ പാര്‍ട്ടി-ഫിനഗേല്‍ -ഫിനാഫാള്‍ സര്‍ക്കാര്‍ , നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി
അതേ സമയം,മുന്‍ നീതിന്യായ മന്ത്രി ചാര്‍ളി ഫ്ളാനഗന്‍ വീണ്ടും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങള്‍ വേദനാജനകമാണെന്ന് ഇദ്ദേഹം പറഞ്ഞു. ക്രൂക്ക്സ്ലിംഗില്‍ സാനിറ്ററി സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് അഭയാര്‍ഥികളില്‍ ചിലരും പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us