ഡബ്ലിന്‍ : ആശുപത്രികളെപ്പോലെ തന്നെ അയര്‍ലണ്ടിന്റെ നഴ്സിംഗ് ഹോം മേഖലയും പ്രതിസന്ധിയില്‍. ആവശ്യത്തിന് സ്റ്റാഫുകളില്ലാത്തതും ഉള്ളവരുടെ കൊഴിഞ്ഞുപോക്കുമാണ് നഴ്സിംഗ് ഹോമുകളെ കുഴക്കുന്നത്.
വലിയ സ്ഥാപനങ്ങളെ അപേക്ഷിച്ച് ചെറുകിട കെയര്‍ ഹോമുകളാണ് ഏറ്റവും പ്രശ്നം നേരിടുന്നത്. നടത്തിക്കൊണ്ടു പോകാന്‍ പെടാപ്പാട് പെടുകയാണ് നഴ്സിംഗ് ഹോമുകളെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വെളിപ്പെടുത്തുന്നു. റിക്രൂട്ട്മെന്റ് -റിടെന്‍ഷന്‍ പ്രശ്നങ്ങള്‍ തന്നെയാണ് ഈ രംഗത്തെയും കീറാമുട്ടി.
അയര്‍ലണ്ടിലെ നഴ്സുമാര്‍ നഴ്സിംഗ് ഹോം മേഖലയെ പൂര്‍ണ്ണമായും കൈവിട്ട നിലയാണ്. ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നഴ്സിംഗ് ഹോം ജോലികള്‍ക്കായി എത്തുന്നത്. വന്‍ തുക ചെലവിട്ട് വിസ റെഡിയാക്കിയാണ് അവരെ ഇവിടെ കൊണ്ടുവരുന്നത്.
ജോലിയില്‍ കയറി അധികം വൈകാതെ അവര്‍ ഹോസ്പിറ്റലുകളിലേയ്ക്ക് ചേക്കേറുന്നു. അതോടെ നഴ്സിംഗ് ഹോം നടത്തിപ്പ് പ്രശ്നത്തിലാകുന്നു. രാജ്യത്തെ 38% ദീര്‍ഘകാല പരിചരണവും നടത്തുന്നത് 15 നഴ്സിംഗ് ഹോമുകളിലൂടെയാണെന്ന് പാന്‍ഡമിക്കിന് ശേഷം പുറത്തുവന്ന ഇ എസ് ആര്‍ ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ നഴ്സിംഗ് ഹോമുകള്‍ വലിയ പ്രശ്നമാണ് നേരിടുന്നതെന്ന് നഴ്സിംഗ് ഹോം അയര്‍ലണ്ടും ഐറിഷ് സൊസൈറ്റി ഓഫ് ഫിസിഷ്യന്‍സ് ഇന്‍ ജെറിയാട്രിക് മെഡിസിനും പറയുന്നു. ജീവനക്കാരെ നിലനിര്‍ത്തുകയെന്നത് വലിയ പ്രയാസമാണെന്ന് ബാലിന്‍കോളിഗിലെ 40 കിടക്കകളുള്ള പൗഡര്‍മില്‍ നഴ്‌സിംഗ് ഹോം ഉടമ ജോസഫ് പീറ്റേഴ്‌സ് പറയുന്നു.
അയര്‍ലണ്ടില്‍ നഴ്‌സുമാരുടെ കുറവ് രൂക്ഷമാണ്.ജെറന്റോളജി മേഖലയില്‍ 10 വര്‍ഷത്തിനുള്ളില്‍ ഒരു ഐറിഷ് നഴ്‌സിന്റെ പോലും അപേക്ഷ ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.