/sathyam/media/media_files/XsYGrsbkRJZrYecOXWtx.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകളോടുള്ള ജനങ്ങളുടെ ആവേശം കുറയുകയാണോ. വില്‍പ്പനയില്‍ ഹൈബ്രിഡ് കാറുകള്‍ നേടിയ മേല്‍ക്കൈ വൈദ്യുതി വാഹനങ്ങളോടുള്ള പ്രിയം നഷ്ടപ്പെടുന്നതിന്റെ സൂചനയായി വിദഗ്ധര്‍ വിലയിരുത്തുന്നു.
ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍, പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ എന്നിവയുടെയടക്കം കാറുകളുടെ വില്‍പ്പന വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണിത്.
ബാറ്ററി ഇലക്ട്രിക് കാര്‍ വില്‍പ്പന 22.72% കുറഞ്ഞു
രാജ്യത്ത് മൊത്തം കാര്‍ രജിസ്ട്രേഷന്‍ 5.95% വര്‍ദ്ധിച്ചപ്പോള്‍ ബാറ്ററി ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ 22.72% കുറവുണ്ടായെന്നാണ് കണക്കുകള്‍. ബാറ്ററി ഇലക്ട്രിക് കാറുകളുടെ വില്‍പ്പന സ്തംഭിച്ചതായി സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഡാറ്റ (സിമി) കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ആദ്യ പാദത്തിലെ വിപണിയിലെ പ്രവണതകളെ അടിസ്ഥാനമാക്കിയാണ് ഈ നിരീക്ഷണം.ഡീസല്‍ ഹൈബ്രീഡുകള്‍ക്കും പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍ക്കും ആവശ്യക്കാര്‍ കുറവാണെന്നും വിദഗ്ധര്‍ പറയുന്നു.
വിലക്കുറവും പ്രശ്നമായി
അമിതമായ കടന്നുവരവും ടെസ്ലയും ചൈന കമ്പനികളും മറ്റ് നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രൈസ് വാറും പുതിയ ഇ വികളുടെ വില പെട്ടെന്ന് ഗണ്യമായി കുറയുന്നതിന് കാരണമായെന്ന് പറയുന്നു. ഇതും വില്‍പ്പനയെ ബാധിച്ചു.വിലയിടിവ് എല്ലാ ഇലക്ട്രിക് കാറുകളുടെയും ട്രേഡ്-ഇന്‍ മൂല്യങ്ങളെ സ്വാധീനിച്ചു.
അതോടെ അയര്‍ലണ്ടിലെ യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ അവ ഏറ്റെടുക്കുന്നതിന് വിമുഖത കാട്ടി.മാത്രമല്ല കാര്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ ഹെര്‍ട്‌സിനെപ്പോലുള്ളവര്‍ക്ക് ഈ വിലക്കുറവ് വലിയ സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടാക്കി. ഇവര്‍ വളരെയേറെ കാറുകള്‍ വാങ്ങിയിരുന്നു.വില ക്രമാതീതമായി കുറഞ്ഞതോടെ ആളുകള്‍ കാറുകള്‍ വാടകയ്ക്കെടുക്കാതെയുമായി.
ബാറ്ററിയുടെ ഇടപെടല്‍
ബാറ്ററിയുടെ ലൈഫും ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ബാധിക്കുന്ന ഘടകമാണ്. 2011-2017 കാലയളവില്‍ നിസ്സാന്‍ ലീഫ്സ് മാംഗനീസ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ബാറ്ററിയില്‍ ഉപയോഗിച്ചു.
സുരക്ഷിതമായിരുന്നെങ്കിലും ബാറ്ററി ലൈഫ് ഇല്ലാതിരുന്നതിനാല്‍ പല ഉടമകള്‍ക്കും വില കൂടിയ ബാറ്ററി മാറ്റിസ്ഥാപിക്കേണ്ടി വന്നു.2018മുതല്‍ ഈ പ്രശ്നമില്ല. കൂടുതല്‍ ഊര്‍ജസാന്ദ്രമായതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ നിക്കല്‍ തുടങ്ങിയ ബാറ്ററികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇപ്പോഴാകട്ടെ എട്ട് മുതല്‍ 10 വര്‍ഷം വരെ വാറന്റി നല്‍കുന്നുണ്ട്. എന്നിട്ടും ആളുകളുടെ ഭയപ്പാട് വിട്ടകന്നിട്ടില്ല. ബാറ്ററികളുടെ സാങ്കേതികവിദ്യ അടിക്കടി മാറുന്നതും വിപണിയെ ബാധിക്കുന്നു.
ചാര്‍ജ്ജിങിന്റെ ‘ ഗുലുമാലുകള്‍’
അപ്പാര്‍ട്ട്‌മെന്റുകളിലും സിറ്റി സ്ട്രീറ്റുകളിലും താമസിക്കുന്ന ഇലക്ട്രിക് കാര്‍ ഉടമകള്‍ക്കും പതിവായി ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍ക്കും ബാറ്ററി ചാര്‍ജ്ജിംഗ് വലിയ വെല്ലുവിളിയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പലയിടത്തും പ്രശ്‌നമാകുന്നതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ ഇലക്ട്രിക് കാര്‍ ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് നിറഞ്ഞതാണ്.
ഫാസ്റ്റ് ചാര്‍ജറുകളെ രക്ഷകരായി പറയാറുണ്ട്, എന്നാല്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ പതിവായി ഉപയോഗിക്കുന്നത് ബാറ്ററിയെ നശിപ്പിക്കുമെന്നും ആയുസ്സ് കുറയ്ക്കുമെന്നതും ആശങ്കയാണ്. 40,000 യൂറോയിലെത്തി നില്‍ക്കുന്ന നിലവിലെ വിലയും വളരെ കൂടുതലാണെന്ന കരുതുന്നവരും ഏറെയുണ്ട്. ഇവയൊക്കെയായിരിക്കാം വിപണിയില്‍ വൈദ്യുത വാഹനങ്ങളെ പിന്നോട്ടടിച്ചതെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us