/sathyam/media/media_files/2025/08/18/bvvbv-2025-08-18-04-26-50.jpg)
അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവര്‍ സ്ലോട്ട് ഒഴിവ് വരുന്നത് അറിയാനായി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. അധികം വൈകാതെ തന്നെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സഹായിക്കുന്ന ഡ്രൈവനൗ അല്ലെങ്കില്‍ ഡ്രൈവിംഗ്ടെസ്റ്റ് ഹെല്പ്പേർ ഐ ഇ എന്നീ ആപ്പുകളുടം ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായാണ് കണ്ടെത്തല്‍.
റോഡ് സേഫ്റ്റി അതോറിറ്റി (ആർ എസ് എ) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാന്‍ കഴിയാതെ റദ്ദാക്കപ്പെടുന്നവരുടെ സ്ലോട്ടുകള്‍ കൃത്യമായി കാണിച്ച് തരുന്ന ആപ്പാണ് ഡ്രൈവനൗ. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ടെസ്റ്റ് സെന്ററുകളില്‍ ഇങ്ങനെ സ്ലോട്ടുകളില്‍ ഒഴിവ് വന്നാല്‍ ഉടന്‍ ആപ്പ് നോട്ടിഫിക്കേഷന്‍ ലഭിക്കും.
അതേസമയം ഇത്തരത്തില്‍ ക്യാന്‍സലാക്കപ്പെടുന്ന സ്ലോട്ടുകളുടെ നോട്ടിഫിക്കേഷന്‍ തരിക മാത്രമല്ല, ഓട്ടോമാറ്റിക്കായി ടെസ്റ്റിന് ബുക്ക് ചെയ്യാനും സഹായിക്കുന്ന ആപ്പാണ് ഡ്രൈവിംഗ്ടെസ്റ്റ് ഹെല്പ്പേർ ഐഇ. ഇത് സ്ലോട്ട് ഉറപ്പാക്കാന്‍ സഹായിക്കുന്നു. പലരും ആപ്പ് ഉപയോഗിച്ച് രണ്ടാഴ്ചയ്ക്കകം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിച്ചതായും പറയുന്നു.
അതേസമയം ഇത്തരം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്നും, ആർ എസ് എ അവയ്ക്ക് ഔദ്യോഗിക അംഗീകാരമൊന്നും നല്‍കിയിട്ടില്ലെന്നും റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. ടെസ്റ്റുകള്‍ മൈറോഡിസേഫ്റ്റി പോര്‍ട്ടല്‍ വഴി തന്നെ നേരിട്ട് ബുക്ക് ചെയ്യേണ്ടതാണെന്നും, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് സ്വകാര്യവിവരങ്ങള്‍ നല്‍കുന്നത് വിവരങ്ങള്‍ ചോരുന്നതിന് ഇടയാക്കിയേക്കാം എന്നും ആർ എസ് എ വ്യക്തമാക്കി.
ഇത്തരം ആപ്പുകള്‍ വഴി സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകുന്നതിനോ, ഫീസ് ചാര്‍ജ്ജ് ചെയ്യപ്പെടുന്നതിനോ തങ്ങള്‍ ഉത്തരവാദികളല്ലെന്നും, ആപ്പ് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളോ, തട്ടിപ്പോ ശ്രദ്ധയില്‍ പെട്ടാല്‍ ഗാര്‍ഡയെ അറിയിക്കണമെന്നും ആർ എസ് എ വക്താവ് കൂട്ടിച്ചേര്‍ത്തു.