അയർലണ്ടിൽ അഭയാര്‍ത്ഥികള്‍ക്കായി തോണ്‍ടണ്‍ ഹാളില്‍ സര്‍ക്കാര്‍ അംഗീകൃത ടെന്റുകള്‍ വരും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hdhfdbjfbd

ഡബ്ലിന്‍: അയർലണ്ടിൽ ജോലിയ്ക്കായും പഠനത്തിനായും എത്തിയ  ആയിരക്കണക്കിന് ഇക്കണോമിക്ക് മൈഗ്രന്റ്‌സ് വീടില്ലാതെയും കനത്ത വാടക നൽകിയും, അലയുമ്പോൾ , ഈ വർഷം  രാജ്യത്തേക്ക് അനധികൃതമായി ഒളിച്ചു കടന്നെത്തിയ ആയിരക്കണക്കിന് റഫ്യുജികൾക്ക് സൗജന്യ താമസ സൗകര്യവും സുരക്ഷയുമൊരുക്കാൻ കച്ച കെട്ടിയിറങ്ങുകയാണ് ഫിനഗേൽ -ഫിനാഫാൾ -ഗ്രീൻ പാർട്ടി സർക്കാർ.

Advertisment

ആഷ്‌ബോണിനടുത്തുള്ള  തോണ്‍ടണ്‍ ഹാളില്‍ 160 ഏക്കര്‍ സ്ഥലത്ത്  അഭയാര്‍ത്ഥികള്‍ക്കായി അംഗീകൃത ടെന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വളരെ വൈകാതെ ഇത് നിർമ്മിക്കപ്പെടുമെന്ന് ഇന്റഗ്രേഷന്‍ വകുപ്പ് സ്ഥിരീകരിച്ചു.ഐറിഷ് ജയില്‍ സര്‍വ്വീസും ജസ്റ്റിസ് വകുപ്പും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ക്രമീകരണം ഏര്‍പ്പെടുത്താനാണ് ശ്രമം.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. വെള്ളാനയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സൈറ്റ് ഉപയോഗയോഗ്യമാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസും ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 160 ഏക്കര്‍ സ്ഥലത്തിന്റെ ഒരു ഭാഗം എമര്‍ജെന്‍സി അക്കൊമൊഡേഷനായി ഉപയോഗിക്കുന്നതാണ് പരിഗണിക്കുന്നത്. ഹ്രസ്വകാല പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഭൂമിയില്‍ ടെന്റ് സ്ഥാപിക്കുന്നത്. ടോയ്‌ലറ്റുകള്‍, സാനിറ്റേഷന്‍ സൗകര്യങ്ങള്‍, അടുക്കളകള്‍, ഭക്ഷണശാലകള്‍ എന്നിവ ഉള്‍പ്പടെയാകും ടെന്റുകള്‍ സ്ഥാപിക്കുക.

നോര്‍ത്ത് ഡബ്ലിനിലെ ഈ സൈറ്റ് അന്താരാഷ്ട്ര സംരക്ഷണം തേടുന്നവര്‍ക്ക് താമസസൗകര്യം നല്‍കാവുന്ന ലോജിക്കല്‍ ലൊക്കേഷനായിരിക്കും ഇതെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

ഇതു സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ ഇന്റഗ്രേഷന്‍ വകുപ്പ് നല്‍കുമെന്നും സൈമണ്‍ ഹാരിസ് പറഞ്ഞു. തോണ്‍ടണ്‍ ഹാളില്‍ ടെന്റഡ് അക്കമഡേഷന്‍ നല്‍കുന്നതിനെ പിന്തുണയ്ക്കുന്നതായി ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ജയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 30 മില്യണ്‍ യൂറോ മുടക്കി 2004ലാണ് തോണ്‍ടണ്‍ ഹാള്‍ സര്‍ക്കാര്‍ വാങ്ങിയത്.

refugees
Advertisment