ഇയുവിന് പുറത്തുനിന്നും സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നവര്‍ പെട്ടുപോയേക്കാം

New Update
K

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്കെതിരെ റവന്യുവിന്റെ മുന്നറിയിപ്പ്.തിരക്കേറിയ ബ്ലാക്ക് ഫ്രൈഡേയ്ക്കും സൈബര്‍ മണ്‍ഡേയ്ക്കും മുന്നോടിയായാണ് റവന്യുവിന്റെ അറിയിപ്പ്.

Advertisment

വാങ്ങുന്നതിന് മുമ്പ് സാധനങ്ങളുടെ പരസ്യവിലയില്‍ എല്ലാ നികുതി, ഡ്യൂട്ടി കോസ്റ്റുകളും ഉള്‍പ്പെടുമോയെന്ന് പരിശോധിക്കണമെന്ന് റവന്യൂ ഉപഭോക്താക്കളെ ഉപദേശിക്കുന്നു. ഈ ചെലവുകള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വാറ്റ്, കസ്റ്റംസ് നികുതി തുടങ്ങിയ വിവിധ ചെലവുകള്‍ കൂടി അയര്‍ലണ്ടില്‍ എത്തുമ്പോള്‍ നല്‍കേണ്ടതായി വരും.

യു കെയില്‍ നിന്നുള്‍പ്പെടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്ന സാധനങ്ങള്‍ക്കാണ് ഈ നികുതികള്‍ ബാധകമാവുക.നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ഈ നിയമം ബാധകമല്ല.ഡെലിവറി ചെയ്യുന്നതിന് മുമ്പ് ഈ അധിക ചെലവുകള്‍ നല്‍കേണ്ടി വരുമെന്ന് റവന്യൂവിന്റെ സൗത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ മാനേജ്മെന്റ് ബ്രാഞ്ച് മേധാവി മൗറീന്‍ ഡാല്‍ട്ടണ്‍ അറിയിച്ചു.

ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ മൊത്തവിലയില്‍ ഐറിഷ് വാറ്റും കസ്റ്റംസ് തീരുവയും ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം.ചില ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ നികുതിയും തീരുവയും ഉള്‍പ്പെടുത്തിയാണ് വില പറയുക.അങ്ങനെയുള്ള കേസുകളില്‍ ഡെലിവറിയില്‍ കൂടുതല്‍ റവന്യൂ നിരക്കുകള്‍ ഉണ്ടാകില്ല.

വെബ്‌സൈറ്റില്‍ നികുതികളും തീരുവകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയോ ചെക്ക്ഔട്ടില്‍ ഇറക്കുമതി നിരക്കുകള്‍ കാണിക്കുകയോ ചെയ്താലും ഡെലിവറിയില്‍ അധിക ചാര്‍ജുകള്‍ ഈടാക്കില്ല.അങ്ങനെയല്ലെങ്കില്‍,സാധനങ്ങള്‍ റിലീസ് ചെയ്യുന്നതിന് തപാല്‍ സേവനത്തിനോ കൊറിയറിലോ നിശ്ചിത ചാര്‍ജുകള്‍ അടയ്ക്കേണ്ടതായി വരും.കസ്റ്റംസ്, നികുതികള്‍ എന്നിവയെക്കുറിച്ചുള്ള റീട്ടെയിലറുടെ നയം പരിശോധിക്കണമെന്നും ഷോപ്പര്‍മാരെ ഇവര്‍ ഉപദേശിച്ചു.

വെബ്‌സൈറ്റ് ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സാധനങ്ങള്‍ അയര്‍ലണ്ടില്‍ എത്തുമ്പോള്‍ വാറ്റ്, കസ്റ്റംസ് തീരുവ എന്നിവ നല്‍കേണ്ടി വരുമെന്ന് ഉപഭോക്താക്കള്‍ അനുമാനിക്കണം.വ്യാജ സാധനങ്ങളെയും ഓണ്‍ലൈന്‍ തട്ടിപ്പുകളെയും കുറിച്ച് ഡാല്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി.

‘വ്യാജ ഉല്‍പ്പന്നങ്ങള്‍ പലപ്പോഴും ഗുണനിലവാരം കുറഞ്ഞതും സുരക്ഷിതമല്ലാത്തതുമാണെന്ന് അറിഞ്ഞിരിക്കണം.ഉയര്‍ന്ന ഡിമാന്‍ഡുള്ള ഷോപ്പിംഗ് സമയങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും വഞ്ചനാപരമായ വില്‍പ്പനക്കാര്‍ക്കുമെതിരെ ജാഗ്രത പാലിക്കാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു.എല്ലായ്‌പ്പോഴും പ്രശസ്തമായ കേന്ദ്രങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നതെന്ന് ഉറപ്പാക്കണം. കുറഞ്ഞ വിലകളെക്കുറിച്ചും ജാഗ്രതയുണ്ടാകണം’- റവന്യു പറയുന്നു.

Advertisment