/sathyam/media/media_files/fAZnGPDCWQYfR3ekaTCg.jpg)
ഡബ്ലിന്‍ ഗ്രാന്‍ഡ് കനാലില്‍ മുങ്ങി മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഗാര്‍ഡയുടെ വിദഗ്ധര്‍ മുങ്ങിയെടുത്തു.രണ്ടുപേരും അയര്‍ലണ്ടുകാരും ഭവനരഹിതരുമാണെന്നുമാണ് പ്രാഥമിക വിവരം. 40 വയസ്സ് പ്രായമുള്ള രണ്ട് പേരുടെ മൃതദേഹങ്ങളാണ് റാനില റോഡ് പാലത്തിന് സമീപത്തു നിന്നും ഗാര്‍ഡ പുറത്തെടുത്തത്.
രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.ശനിയാഴ്ച പുലര്‍ച്ചെ വഴിയാത്രക്കാരനാണ് വെള്ളത്തില്‍ രണ്ട് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി വിവരം അറിയിച്ചത്.തുടര്‍ന്ന് രാവിലെ 8 മണിയോടെ ഗാര്‍ഡ സംഭവസ്ഥലത്തെത്തി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ ടെന്റുകളില്‍ ധാരാളം ഒട്ടേറെ ആളുകള്‍ ഉറങ്ങുന്നുണ്ടായിരുന്നു.എമര്‍ജന്‍സി സര്‍വീസുകളെത്തിയപ്പോഴാണ് ഇവരില്‍ പലരും വിവരം അറിയുന്നത്.അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകരുള്‍പ്പെടെയുള്ളവരാണ് കനാല്‍ തീരത്ത് ടെന്റുകളില്‍ താമസിക്കുന്നത്.
സംഭവം ഞെട്ടിക്കുന്നതാണെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.അഭയം തേടിയെത്തുന്നവര്‍ക്ക് എവിടെയാണ് താമസിക്കുന്നതെന്ന് അറിയാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.ടെന്റുകളും സ്ലീപ്പിംഗ് ബാഗും നല്‍കുന്നതോടെ ഉത്തരവാദിത്വം തീര്‍ന്നുവെന്നാണ് അധികൃതര്‍ കരുതുന്നതെന്നും ഇവര്‍ പറയുന്നു.
നിരവധി അഭയാര്‍ത്ഥികള്‍ റയില്‍വേ പാലങ്ങളും ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലും കഴിയുന്നു. ഇവരില്‍ ചിലര്‍ ഗ്രാന്റ് കനാല്‍ തീരത്തും താമസിക്കുന്നുണ്ട്.ഭവനരഹിതരെ സഹായിക്കാന്‍ കൂടുതല്‍ ഇടപെടലുകളുണ്ടാകേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
ഫിന ഫാള്‍ ടി ഡി ജിം കല്ലഗനും ഡബ്ലിന്‍ റീജിയന്‍ ഹോംലെസ് എക്സിക്യൂട്ടീവും (ഡി ആര്‍ എച്ച് ഇ) സംഭവത്തില്‍ അനുശോചിച്ചു.ഡബ്ലിനില്‍ ആവശ്യത്തിന് എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ സൗകര്യമുണ്ടെന്ന് ഡി ആര്‍ എച്ച് ഇ പറഞ്ഞു. ആവശ്യക്കാര്‍ ലോക്കല്‍ അതോറിറ്റികളുമായി ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള ആളുകളെ സഹായിക്കുന്നതിന് റഫ് സ്ലീപ്പര്‍ അലേര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യമെന്നും ഡി എച്ച് ആര്‍ ഇ അഭ്യര്‍ത്ഥിച്ചു.