/sathyam/media/media_files/2025/09/12/gcvc-2025-09-12-03-25-20.jpg)
റെവോൾട്ടിന് എതിരായി ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ അയര്‍ലണ്ടിലെ മൂന്ന് പ്രമുഖ ബാങ്കുകള്‍ ഒരുമിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച പദ്ധതിയാണ് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്.
എ ഐബി, ബാങ്ക് ഓഫ് അയർലണ്ട്, പി ടി എസ് ബി എന്നീ ബാങ്കുകളാണ് Zippay എന്ന പേരില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ മൊബൈല്‍ പേയ്‌മെന്റ് സര്‍വീസ് അവതരിപ്പിക്കുക. ഈ ബാങ്കുകളിലെ 5 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഉപകാരപ്രദമാകും.
ബാങ്കുകളുടെ നിലവിലെ ആപ്പുകളില്‍ തന്നെ അധിക ഫീച്ചറായാണ് Zippay അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് പണം അയയ്ക്കാനും, പണം അഭ്യര്‍ത്ഥിക്കാനും, ബില്‍ പങ്കിടാനുമെല്ലാം സാധിക്കും. ദിവസം പരമാവധി 1,000 യൂറോ വരെ അയക്കാനും, 500 യൂറോ വരെ ആവശ്യപ്പെടാനും സാധിക്കും.
ഉടനടി പണം അയയ്ക്കുന്ന ബാങ്കിങ് സംവിധാനം വേണമെന്ന് രാജ്യത്തെ ഉപഭോക്താക്കള്‍ ഏറെക്കലമായി ആവശ്യപ്പെടുന്നതാണ്. പലപ്പോഴും ദിവസങ്ങള്‍ കാത്തിരുന്ന് പരമ്പരാഗത രീതിയിലാണ് ഇപ്പോഴും ആളുകള്‍ പണമയയ്ക്കുന്നത്. എന്നാല്‍ Revolut, എൻ 26 മുതലായ ആപ്പുകള്‍ ഇന്‍സ്റ്റന്റ് പേയ്‌മെന്റ് ചെയ്യാന്‍ സഹായിക്കുന്നുമുണ്ട്.
ഇറ്റാലിയന്‍ കമ്പനിയായ നേക്സി ആണ് സിപ്പയ് സംവിധാനത്തിന് സാങ്കേതിക സഹായം നല്‍കുന്നത്. 2020-ല്‍ സിഞ്ച് എന്ന പേരില്‍ ഈ മൂന്ന് ബാങ്കുകള്‍ കെബിസിയുമായി ചേര്‍ന്ന് സംയുക്തമായി ഇത്തരമൊരു പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, 2023-ഓടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.