അയർലണ്ടിൽ ടിക്ടോക്കിനായി ജോലി ചെയ്യുന്ന 300 പേരെ പിരിച്ചുവിടുമെന്ന് അറിയിപ്പ്

New Update
Vhbh nhjb

അയര്‍ലണ്ടില്‍ ടിക്ടോക്കിനായി ജോലി ചെയ്യുന്ന 300-ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ആഗോളവ്യാപകമായി കമ്പനി നടത്തുന്ന പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. രാജ്യത്തെ ഗ്രാന്‍ഡ് കനാല്‍ ഓഫീസുകളിലായി 3,000-ഓളം പേര്‍ക്ക് ടിക്ടോക് ജോലി നല്‍കിയിട്ടുണ്ട്.

Advertisment

ടിക്ടോക്കിലെ പ്രശ്‌നമുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ (harmful content) കൈകാര്യം ചെയ്യുന്ന ട്രസ്റ്റ്‌ ആൻഡ് സേഫ്റ്റി വിഭാഗത്തിലുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുകയെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക്ടോക് അയര്‍ലണ്ടിലെ വലിയൊരു വിഭാഗം പേരും ഉള്ളടക്കവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്.

അതേസമയം മാര്‍ച്ച് 4-ന് സര്‍ക്കാരിന് ലഭിച്ച അറിയിപ്പുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാകണമെന്ന് ലേബര്‍ പാര്‍ട്ടി, എന്റര്‍പ്രൈസ് വകുപ്പ് മന്ത്രി Peter Burke-നോട് ആവശ്യപ്പെട്ടു. ജോലി നഷ്ടമാകുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും, രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം അവര്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ലേബര്‍ വക്താവ് ജോർജ് ലോലൂർ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് വന്‍കിട കമ്പനികള്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയാല്‍ സമ്പദ് വ്യവസ്ഥയാകെ താളം തെറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.