/sathyam/media/media_files/2025/08/26/cm-2025-08-26-05-42-19.jpg)
ഓഗസ്റ്റ് 1-ലെ കണക്കനുസരിച്ച് അയര്‍ലണ്ടിലാകമാനമായി വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണം 2,300-ഓളം മാത്രമായിരുന്നു എന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie. മുന്‍വര്‍ഷം ഇതേ സമയത്തെക്കാള്‍ 14% കുറവാണിത്. 2015-2019 കാലത്ത് ലഭ്യമായിരുന്ന ശരാശരി വാടകവീടുകളുടെ പകുതി മാത്രമേ നിലവില്‍ രാജ്യത്ത് ലഭ്യമായിട്ടുള്ളൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തില്‍ രാജ്യത്തെ വീട്ടുവാടക മാസം ശരാശരി 2,055 യൂറോ ആയിരുന്നുവെന്നും Daft.ie റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2011-ല്‍ ശരാശരി മാസവാടക 765 യൂറോ മാത്രമായിരുന്നു. കോവിഡ് മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇപ്പോഴത്തെ വാടക ഇപ്പോള്‍ 51% അധികവുമാണ്.
2025-ലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍,മെയ്,ജൂണ്‍) വീട്ടുവാടക ഉയര്‍ന്നത് 1.6% ആണ്.
ഡബ്ലിനിലെ വാടക വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞു
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡബ്ലിനിലെ വാടക വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞിട്ടുണ്ട്. കോവിഡിന്റെ അനന്തരഫലമായി ആളുകള്‍ മറ്റ് സ്ഥലങ്ങള്‍ കൂടി താമസത്തിന് തിരഞ്ഞെടുക്കാന്‍ തുടങ്ങിയതും, മറ്റിടങ്ങളില്‍ കൂടുതല്‍ ഉചിതമായ വീടുകള്‍ ലഭിക്കാന്‍ തുടങ്ങിയതുമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. നിലവില്‍ ഡബ്ലിനിലെ വാടകനിരക്ക് വര്‍ദ്ധന 6.5 ശതമാനവും, അയര്‍ലണ്ടിലെ ദേശീയ ശരാശരി വാടക നിരക്ക് വര്‍ദ്ധന 7.3 ശതമാനവുമാണ്.
രാജ്യത്തെ വിവിധ നഗരങ്ങളിലെ വാടക വര്‍ദ്ധന
ഡബ്ലിന്‍ ശേഷമുള്ള പ്രധാന നഗരങ്ങളായ ഗോള്‍വേ സിറ്റിയില്‍ 8.5%, കോര്‍ക്ക് സിറ്റിയില്‍ 11.8%, വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ 12.5% എന്നിങ്ങനെ ഒരു വര്‍ഷത്തിനിടെ വീട്ടുവാടക വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം വാടക വര്‍ദ്ധനയുണ്ടായിട്ടുള്ളത് ലിമറിക്ക് നഗരത്തിലാണ്- 14.9%.
രാജ്യത്ത് വീടുകളുടെ ലഭ്യത കുറഞ്ഞത് വിപണിയെ പ്രതിസന്ധിയിലാക്കുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.