/sathyam/media/media_files/2025/12/18/c-2025-12-18-03-37-52.jpg)
ഡബ്ലിന്‍: പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും സമ്മര്‍ദ്ദം കണക്കിലെടുത്ത് അടുത്ത വര്‍ഷം 6% വരെ ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യവുമായി ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ഐ സി ടി യു). സ്വകാര്യ മേഖലയിലെ യൂണിയനുകള്‍ 4.7% നും 6% നും ഇടയില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടണമെന്നും ഐ സി ടി യു ശുപാര്‍ശ ചെയ്തു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ, ഉപഭോക്തൃ വില സൂചിക 18.9% ഉയര്‍ന്നുവെന്നും ഗാര്‍ഹിക വാങ്ങല്‍ ശേഷിയെ ഇത് ഇല്ലാതാക്കിയെന്നും സംഘടന ചൂണ്ടിക്കാട്ടി.നവംബറില്‍ വിലകള്‍ 3.2% വര്‍ദ്ധിച്ചു.2025 ഒക്ടോബറില്‍ ഇത് 2.9%മായിരുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ വഷളായിട്ടുണ്ട്.
അടുത്ത വര്‍ഷത്തേക്കുള്ള ശമ്പള ചര്‍ച്ചകളില്‍ ഇത് ഉള്‍പ്പെടുത്തുകയല്ലാതെ യൂണിയനുകള്‍ക്ക് മറ്റ് മാര്‍ഗമില്ല-ഐസിടിയു അഭിപ്രായപ്പെട്ടു. തൊഴിലാളികള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുന്നതിന് പകരം ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് 700 മില്യണ്‍ യൂറോയുടെ സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സംഘടന ആരോപിച്ചു.
ലാഭത്തിന്റെ നിലവാരവും ബിസിനസിന്റെ മത്സരാധിഷ്ഠിത സ്ഥാനവും കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് മറ്റ് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും യൂണിയനുകള്‍ ശ്രമിക്കണമെന്ന് സംഘടന ശുപാര്‍ശ ചെയ്തു.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കല്‍, ആഴ്ചതോറും ജോലി സമയം സുരക്ഷിതമാക്കല്‍,കുറഞ്ഞ ജോലി സമയം, അധിക വാര്‍ഷിക അവധി, വര്‍ദ്ധിച്ച സിക്ക് പേ ആനുകൂല്യങ്ങള്‍ , മെച്ചപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ അധിക ശമ്പളേതര ആനുകൂല്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്.
ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് പ്രൈവറ്റ് സെക്ടര്‍ കമ്മിറ്റിയുമായി ചേര്‍ന്ന് ഏകകണ്ഠമായാണ് സംഘടന ഈ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പൂര്‍ണ്ണ തൊഴില്‍, ശക്തമായ സമ്പദ്വ്യവസ്ഥ എന്നിവയുടെ സമയത്ത്, കൂട്ടായ വിലപേശലിലൂടെ തൊഴിലാളികള്‍ അവരുടെ ജീവിത നിലവാരം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് ജനറല്‍ സെക്രട്ടറി ഓവന്‍ റീഡി പറഞ്ഞു.
ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂണിയന്‍ (എഫ് എസ് യു) ഈ നിലപാടിനെ ശക്തമായി പിന്തുണച്ച് രംഗത്തുവന്നു. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ പണപ്പെരുപ്പത്തേക്കാള്‍ ഉയര്‍ന്ന ശമ്പള വര്‍ദ്ധനവ് അര്‍ഹിക്കുന്നതായി എഫ്എസ്യു ജനറല്‍ സെക്രട്ടറി ജോണ്‍ ഒ കോണല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us