അയര്‍ലണ്ടിലേക്കുള്ള യാത്രക്കാര്‍ക്ക് ആവശ്യമെങ്കിൽ പ്രത്യേക സൗകര്യം, എംബസികളുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

New Update
V

ഡബ്ലിന്‍: യു എ ഇയിലെ വിമാനത്താവളങ്ങള്‍ പരിമിതമായ തോതില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത് അവിടെ കുടുങ്ങിയ ഐറിഷ് യാത്രക്കാര്‍ക്ക് ആശ്വാസമായി.എന്നിരുന്നാലും ആയിരക്കണക്കിനാളുകള്‍ ഗള്‍ഫിലും മിഡില്‍ ഈസ്റ്റിലും പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതായി റിപ്പോർട്ട്. എതിഹാദ് എയർവേയ്സ് ഉൾപ്പെടെ ചില എമർജൻസി, റീപാട്രിയേഷൻ വിമാനങ്ങൾ വിവിധ യൂറോപ്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നു. സാധാരണ ഷെഡ്യൂൾ ചെയ്ത കൊമേഴ്ഷ്യൽ സർവീസുകൾ ഇപ്പോഴും പൂർണമായും പുനസ്ഥാപിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ലണ്ടൻ, ആംസ്റ്റർഡാം, മോസ്കോ, റിയാദ് എന്നിവിടങ്ങളിലേക്ക് പരിമിതമായ തോതിൽ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Advertisment

സ്ഥിര താമസക്കാരും ജോലി ചെയ്യുന്നവരും മലയാളികള്‍ അടക്കമുള്ള അവധിക്കാല യാത്രികരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഏതാണ്ട് 22000 ആളുകള്‍ പലയിടത്തായുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ചിലയാളുകള്‍ ഒമാന്‍ വഴി കരമാര്‍ഗ്ഗം പുറപ്പെടുന്നുണ്ട്. എന്നിരുന്നാലും റിസ്‌ക് എലിമെന്റ് പരിഗണിച്ച് ഇതിനെ ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നിരുന്നാലും വ്യോമയാത്രാ പ്രതിസന്ധി തുടര്‍ന്നാല്‍ ഈ ഓപ്ഷനും പരിഗണിക്കുമെന്ന സൂചനയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

വിവിധ മേഖലയില്‍ കുടുങ്ങിയ ഐറിഷ് റസിഡന്‍സിന്റെ പൂര്‍ണ്ണമായ ചിത്രം ലഭിക്കുന്നതിനായി രജിസ്റ്റര്‍ തയ്യാറാക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഹെലന്‍ മക് എന്‍ഡി അറിയിച്ചു.ഇവാക്വേഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യൂറോപ്യന്‍ യൂണിയന്‍, യു കെ പ്രതിനിധികളുമായി ‘ഇടപഴകുന്നുണ്ടെന്നും മക് എന്‍ഡി പറഞ്ഞു. വിവരങ്ങള്‍ ലഭിക്കുന്നതിനും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ സമയം വേണമെന്നതാണ് പ്രശ്നം.

ഏതാനും വിമാനങ്ങള്‍ സര്‍വ്വീസ് നടത്തി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ – അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാന സര്‍വീസുകളാണ് ഇന്നലെ വൈകിട്ടോടെ പുനരാരംഭിച്ചത്.തിങ്കളാഴ്ച പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചുവെന്ന് അബുദാബിയിലെ വിമാനത്താവളങ്ങളും അറിയിച്ചു. എമിറേറ്റ്‌സും കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ ഫ്ലൈഡുബായും തിങ്കളാഴ്ച വൈകുന്നേരം ഏതാനും വിമാനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏതാനും വിമാനങ്ങള്‍ പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അബുദാബിയിലെ ഐറിഷ് എംബസി അറിയിച്ചു. ട്രാന്‍സിറ്റില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും എംബസി ചൂണ്ടിക്കാട്ടി. യാത്രാ പദ്ധതികളുള്ള ഐറിഷ് പൗരന്മാര്‍ അപ്‌ഡേറ്റുകള്‍ക്കായി അവരുടെ എയര്‍ലൈനുകളുമായോ ട്രാവല്‍ ഏജന്റുമാരുമായോ നേരിട്ട് ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.

മുംബൈ, ചെന്നൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത സര്‍വീസുകള്‍ എമിറേറ്റ്‌സ് പുനരാരംഭിച്ചു. അതേസമയം, നോവോസിബിര്‍സ്‌ക്, മോസ്‌കോ, കസാന്‍, യെക്കാറ്റെറിന്‍ബര്‍ഗ്, വാര്‍സോ, ബെല്‍ഗ്രേഡ്, ബുക്കാറസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഫ്‌ലൈദുബായ് പുനരാരംഭിച്ചു.

ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ അംഗീകൃത വിമാനങ്ങളുടെ എണ്ണം ഇത്തിഹാദ് എയര്‍വേയ്സ് പുനരാരംഭിച്ചു

ഗള്‍ഫിലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലും കുടുങ്ങിയ ജീവിതങ്ങള്‍

അതേ സമയം ഗള്‍ഫിലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലുമായി നൂറുകണക്കിന് ഐറിഷുകാര്‍ കുടുങ്ങിക്കിടക്കുകയാണ്. ആയിരക്കണക്കിന് പേര്‍ ഈ മേഖലയിലുണ്ടെന്ന് യൂറോപ്യന്‍ കാര്യ-പ്രതിരോധ സഹമന്ത്രി തോമസ് ബൈര്‍ണ്‍ വെളിപ്പെടുത്തി.ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്റെ ബോംബാക്രമണം സൈനിക താവളങ്ങളെ മാത്രമല്ല, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചു.ശനിയാഴ്ച ദുബായ്, അബുദാബി, കുവൈറ്റ്, മനാമ വിമാനത്താവളങ്ങളലും ആക്രമണമുണ്ടായി.

അബുദാബിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങളുടെ എണ്ണം വളരെ കുറവാണ്. പക്ഷേ വരും ദിവസങ്ങളില്‍ അത് തുടരുമോ ഇല്ലയോ എന്ന് അറിയില്ല. എയര്‍ലൈനുകളുമായും വിമാനത്താവളങ്ങളുമായും ആശയവിനിമയം തുടരുകയാണ്. കരമാര്‍ഗ്ഗം വഴിയുള്ള ഒഴിപ്പിക്കലും പരിഗണിക്കുന്നുണ്ടെന്നും മന്ത്രി മക്എന്‍ഡി പറഞ്ഞു.

നിശ്ചലമായി വിമാനത്താവളങ്ങള്‍

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന് മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. വ്യോമാതിര്‍ത്തിയും മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങളും വീണ്ടും തുറക്കുന്നതില്‍ അനിശ്ചിതത്വമുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ വിമാന ഷെഡ്യൂളുകള്‍ കൂടുതല്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് ഡി എ ഐ അറിയിച്ചു.യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി നേരിട്ട് അവരുടെ എയര്‍ലൈനുമായി ബന്ധപ്പെടണമെന്നും വക്താവ് നിര്‍ദ്ദേശിച്ചു.

ട്രാന്‍സിറ്റില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും വിമാനക്കമ്പനികള്‍ അവരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി ഹെലന്‍ മക് എന്‍ഡി അറിയിച്ചു.സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.അപ്‌ഡേറ്റുകളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കരമാര്‍ഗ്ഗം റിസ്‌കാണ്…എങ്കിലും…

അതേസമയം,ഒമാന്‍ പോലുള്ള അയല്‍രാജ്യങ്ങളിലേക്ക് വാഹനത്തില്‍ പോകാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.ധാരാളം സാഹചര്യം വിലയിരുത്തി വിവിധ ഓപ്ഷനുകള്‍ പരിശോധിക്കുന്നത് തുടരുകയാണ്. എല്ലാ ഇ യു സഖ്യകക്ഷികളുമായും ഏകോപിപ്പിച്ച് അത് ചെയ്യും.

അഭയകേന്ദ്രങ്ങളില്‍ തുടരുക എന്ന ഉപദേശം മന്ത്രി ഹെലന്‍ ആവര്‍ത്തിച്ചു. എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. മേഖലയില്‍ നല്‍കുന്ന ഉപദേശം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ അയർലണ്ട് സർക്കാർ പുറത്തുവിട്ട നിർദേശങ്ങൾ ചുവടെ:

1. സുരക്ഷിത സ്ഥാനങ്ങളിൽ തുടരുക: ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഐറിഷ് പൗരന്മാർ നിലവിൽ കഴിയുന്ന സ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണം.

2. പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക: താമസിക്കുന്ന രാജ്യത്തിലെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണം.

3. വിദേശകാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്യുക: പ്രദേശത്ത് ഉള്ളവർ എല്ലാവരും ഡിപ്പാർട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സിന്റെ ‘സിറ്റിസൺസ് രജിസ്ട്രേഷൻ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണം.

4. കരയിലൂടെ പുറപ്പെടാൻ ശ്രമിക്കരുത്: സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഭൂമുഖ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യങ്ങൾ കടക്കാൻ സർക്കാർ ശുപാർശ ചെയ്യുന്നില്ല.

5. അനാവശ്യ യാത്ര ഒഴിവാക്കുക: യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ മാറ്റിവെക്കണം; ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ്.

6. എയർലൈൻസുമായി ബന്ധപ്പെടുക: നിലവിലുള്ള ബുക്കിംഗുകൾ സംബന്ധിച്ച് വിമാനക്കമ്പനികളുമായി ഉടൻ ബന്ധപ്പെടുകയും ഇൻഷുറൻസ് നിബന്ധനകൾ പരിശോധിക്കുകയും വേണം.

7. കോൺസുലർ സഹായം ലഭ്യമാണ്: അടിയന്തര സഹായത്തിനായി വിദേശകാര്യ വകുപ്പിന്റെ 24 മണിക്കൂർ ക്രൈസിസ് സെന്ററുമായി ബന്ധപ്പെടാം; അബുദാബി ഉൾപ്പെടെ എംബസികൾ സഹായത്തിന് സജ്ജമാണ്.

വിമാനകമ്പനികൾ കുടുങ്ങിക്കിടക്കുന്ന ട്രാന്സിസ്റ്റ് യാത്രക്കാർക്ക് മുന്തിയ പരിഗണന നൽകുന്നുണ്ട്. എങ്കിലും ആവശ്യമെങ്കിൽ ആശങ്കകളുള്ള പൗരന്മാര്‍ക്കും റസിഡന്‍സിനും ഡബ്ലിനിലെ വിദേശകാര്യ വകുപ്പിന്റെ കോണ്‍സുലാര്‍ ടീമിനെ +353 1 408 2000 എന്ന നമ്പറില്‍ ബന്ധപ്പെടാം, അതേസമയം വിവിധ മേഖലയിലുള്ളവര്‍ അവരുടെ പ്രാദേശിക ഐറിഷ് എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുന്നു.

Advertisment