ട്രിനിറ്റി കോളേജ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി ട്രിനിറ്റി കോളേജ്

New Update
654edfb

ഡബ്ലിന്‍ : ഡബ്ലിനില്‍ ട്രിനിറ്റി കോളേജ് കാമ്പസില്‍ നടത്തിവന്ന ഇസ്രായേല്‍ വിരുദ്ധ സമരത്തില്‍ സ്റ്റുഡന്റ്‌സ് യൂണിയന് വിജയം.ഇസ്രായേല്‍ കമ്പനികളില്‍ നിന്ന് പിന്മാറണമെന്നതടക്കമുള്ള യൂണിയന്റെ എല്ലാ നിബന്ധനകളും പൂര്‍ണ്ണമായും അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പര്യവസാനിച്ചത്.ഒക്ടോബര്‍ ഏഴിലെ അതിക്രമങ്ങളെയും ഗാസയിലെ സംഘര്‍ഷത്തെയും അക്രമത്തെയും അപലപിക്കാനും ഒടുവില്‍ ട്രിനിറ്റി കോളേജ് തയ്യാറായി.ഒക്ടോബര്‍ ഏഴുമുതല്‍ നടന്ന എല്ലാ അക്രമങ്ങളെയും യുദ്ധങ്ങളെയും വെറുക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കോളേജ് പ്രസ്താവനയിലും വ്യക്തമാക്കി.

Advertisment

വംശഹത്യയില്‍ നിന്നും ഇസ്രായേല്‍ പിന്മാറണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് കോളേജ് പ്രസ്താവനയില്‍ വ്യക്തമാക്കി.ഇതനുസരിച്ച് ജൂണോടെ അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഇസ്രായേലി കമ്പനികളുമായുള്ള ബന്ധത്തില്‍ നിന്ന് ട്രിനിറ്റി കോളേജ് സ്വയം പിന്മാറും.

ബുക്ക് ഓഫ് കെല്‍സിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് കോളേജ് ഗ്രൗണ്ടില്‍ അഞ്ച് ദിവസമായി ക്യാമ്പ്-ഔട്ട് പ്രതിഷേധം നടക്കുകയായിരുന്നു. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും ഗാസയിലെ സംഘര്‍ഷത്തെ അപലപിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി പ്രക്ഷോഭം.

യു എസില്‍ തുടക്കമിട്ട പ്രക്ഷോഭത്തിന്റെ പാത പിന്തുടര്‍ന്നായിരുന്നു ഇവിടെയും സമരം.കഴിഞ്ഞ ആഴ്ചകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് 2,100 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു.സമരത്തെ തുടര്‍ന്ന് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വാരാന്ത്യത്തില്‍ കോളേജ് കാമ്പസ് അടച്ചിരുന്നു.

യൂണിയുമായെത്തിയ ധാരണയനുസരിച്ച് യു എന്‍ കരിമ്പട്ടികയില്‍ ഇടംപിടിച്ച അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഇസ്രായേല്‍ കമ്പനികളിലെ നിക്ഷേപങ്ങളില്‍ നിന്നും ജൂണ്‍ മാസത്തോടെ പിന്മാറുമെന്ന് ട്രിനിറ്റി പ്രസ്താവനയില്‍ പറഞ്ഞു.ഇത് പൂര്‍ത്തിയാക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.

കരാറിന് പ്രാബല്യമുള്ളതിനാല്‍ ഒരു ഇസ്രായേലി കമ്പനി 2025 മാര്‍ച്ച് വരെ വിതരണക്കാരുടെ പട്ടികയില്‍ തുടരുമെന്നും കോളേജ് വ്യക്തമാക്കി.ഇസ്രായേലുമായുള്ള ട്രിനിറ്റിയുടെ വിദ്യാര്‍ത്ഥി കൈമാറ്റങ്ങള്‍ ടാസ്‌ക്ഫോഴ്സ് അവലോകനം ചെയ്യും. സര്‍വകലാശാലയുടെ പ്രിന്‍സിപ്പല്‍ കമ്മിറ്റികള്‍ക്ക് ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കും.

ചരിത്രപരമായ തീരുമാനമാണ് കോളേജ് കൈക്കൊണ്ടിരിക്കുന്നതെന്ന് സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ലാസ്ലോ മോള്‍നാര്‍ഫി പറഞ്ഞു.ലേബര്‍ പാര്‍ട്ടി നേതാവ് ഇവാന ബാസിക്കും സെനറ്റര്‍ ആനി ഹോയിയും സര്‍വകലാശാലയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

trinity-dublin
Advertisment