അയര്‍ലണ്ടിലെ നഴ്സുമാരില്‍ മൂന്നില്‍ രണ്ട് പേരും ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
9876redfvgb

ഡബ്ലിന്‍ : ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലമുള്ള അമിത ജോലിഭാരവും അതിസമ്മര്‍ദ്ദവും താങ്ങാന്‍ കഴിയാതെ അയര്‍ലണ്ടിലെ നഴ്‌സുമാരില്‍ മൂന്നില്‍ രണ്ട് പേരും ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്റെ വര്‍ക്ക് ആന്റ് വെല്‍ബീയിംഗ് സര്‍വ്വേയില്‍ വെളിപ്പെടുത്തല്‍.നയ സമീപനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ആരോഗ്യ മേഖല തകരുമെന്നും ഐ എന്‍ എം ഒ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.

Advertisment

രോഗികളുടെ സുരക്ഷ ഉയര്‍ത്തുന്ന ആശങ്ക

രോഗികളുടെ സുരക്ഷയെ സംബന്ധിച്ചുള്ളതാണ് 90% നഴ്‌സുമാരുടെയും പ്രധാന ആശങ്ക. ഇതുമൂലമുള്ള സമ്മര്‍ദ്ദം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. ആരോഗ്യ രംഗത്തെ 63% നഴ്‌സുമാരും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് വരെ ആലോചിച്ചുവെന്നാണ് സര്‍വ്വേയില്‍ നഴ്സുമാര്‍ വെളിപ്പെടുത്തിയത്.

റോസ്റ്റര്‍ അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ മണിക്കൂറുകളും ഷിഫ്റ്റുകളും ജോലി ചെയ്യാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരാവുകയാണ്.ഒട്ടേറെ നഴ്സുമാര്‍ക്ക് ഈ അമിത കഷ്ടപ്പാടുകള്‍ക്ക് വേതനം പോലും കിട്ടുന്നില്ല. പ്രതിമാസം 20ലേറെ മണിക്കൂറുകള്‍ വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരാണ് 15%ലേറെ നഴ്സുമാര്‍.നഴ്‌സുമാരില്‍ എട്ടില്‍ ഒരാള്‍ ജോലിസ്ഥലത്തെ സമ്മര്‍ദ്ദത്തിന്റെ കാരണത്താല്‍ ജി പിയെ സന്ദര്‍ശിച്ചവരാണത്രെ !

തകര്‍ന്നടിയുന്ന ആരോഗ്യ രംഗം

നഴ്‌സുമാരും മിഡൈ്വഫുമാരും അങ്ങേയറ്റം പിരിമുറുക്കത്തിലാണ്. ശമ്പളമില്ലാതെ ജോലി ചെയ്യുന്നവര്‍, ജോലി ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയുള്ളവര്‍ തുടങ്ങി ആരോഗ്യ രംഗത്തെ പ്രതിസന്ധികളുടെയെല്ലാം വ്യക്തമായ ഡാറ്റകളാണ് സര്‍വ്വേ നല്‍കുന്നത്. എന്നിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ഇടപെടാന്‍ സര്‍ക്കാരോ എച്ച് എസ് ഇയോ തയ്യാറായിട്ടില്ല.

ആരോഗ്യ രംഗത്തെ അണ്‍ സേയ്ഫ് സ്റ്റാഫിംഗ് രോഗികളില്‍ ചെലുത്തുന്ന ദുസ്വാധീനത്തെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റകളുണ്ടന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷിഗ്ധ പറഞ്ഞു.

സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഹെല്‍ത്ത് പ്രൊഫഷണലുകള്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ബെഡ് കപ്പാസിറ്റിയും സ്റ്റാഫിംഗ് ക്വാട്ടയും വര്‍ദ്ധിപ്പിക്കേണ്ടത് സര്‍ക്കാരും എച്ച് എസ് ഇയുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യ രംഗത്തെ ഞാണിന്മേല്‍ കളി

അയര്‍ലണ്ടിലെ നഴ്‌സുമാരും മിഡൈ്വഫുമാരും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെന്നാണ് സര്‍വ്വേ കാണിക്കുന്നതെന്ന് ഐ എന്‍ എം ഒ പ്രസിഡന്റ് കാരെന്‍ മക്‌ഗോവന്‍ പറഞ്ഞു.

കോവിഡ് പാന്‍ഡെമിക്കിന്റെ ആഘാതം നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴും ജോലിയിലുണ്ടെന്ന് കാരെന്‍ മക്‌ഗോവന്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് ഞാണിന്മേല്‍ കളി നടത്തുകയാണ് നഴ്സുമാര്‍.

ഗോസ്റ്റര്‍ നിരാശപ്പെടുത്തി

എച്ച് എസ് ഇ യുടെ സിഇഒ ബെര്‍ണാഡ് ഗ്ലോസ്റ്ററേ ഐ എന്‍ എം ഒ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചിട്ടുപോലും പങ്കെടുക്കില്ല. കഴിഞ്ഞ വര്‍ഷം പരിപാടിയില്‍ പങ്കെടുത്ത ഗ്ലോസ്റ്റര്‍ക്ക് സമ്മേളനം ഊഷ്മളമായ സ്വീകരണമായിരുന്നു നല്‍കിയത്.ജോലി സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാര്യമായ ഇടപെടല്‍ ഇദ്ദേഹത്തില്‍ നിന്നും ഉണ്ടാകുമെന്ന് നഴ്സുമാര്‍ കരുതിയിരുന്നു. എന്നാല്‍ മാറ്റങ്ങളൊന്നുമുണ്ടായില്ലത്രെ.

Advertisment