/sathyam/media/media_files/2025/09/23/tcc-2025-09-23-03-53-41.jpg)
യുഎന്‍ ഉച്ചകോടി നടക്കുന്നതിന് തൊട്ടുമുമ്പായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍. ഗാസയില്‍ ഇസ്രായേല്‍ കടന്നാക്രമണം തുടരുന്നതിനിടെയാണ് നടപടി.
ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി, രണ്ട് രാജ്യങ്ങളാക്കി ഇവയെ മാറ്റുക എന്നത് അംഗീകരിക്കുന്നതായി യുകെയും, കാനഡയും, ഓസ്‌ട്രേലിയയും, പോര്‍ച്ചുഗലും പറഞ്ഞു. എന്നാല്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ ഒരിക്കലും സമ്മതിക്കില്ല എന്ന നിലപാടാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്. വെസ്റ്റ് ജോര്‍ദാന്റെ അതിര്‍ത്തിയില്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിന് പുറമെ യുഎസും പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതില്‍ പരസ്യമായി വിമുഖത കാണിക്കുന്നുണ്ട്.
പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച നടപടിയെ അയര്‍ലണ്ട് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് സ്വാഗതം ചെയ്തു. അയര്‍ലണ്ട് നേരത്തെ തന്നെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ 150-ലധികം രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചതായും ഹാരിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗാസ സിറ്റിയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 34 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ യുദ്ധമാരംഭിച്ച് രണ്ട് വര്‍ഷത്തിനിടെ 65,000-ലധികം പലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പലസ്തീനികളെ വംശഹത്യ ചെയ്യുകയാണ് ഇസ്രായേല്‍ എന്നതും വ്യക്തമായിരിക്കുകയാണ്.