/sathyam/media/media_files/zdEy7u5mpcLJuqvSvkZV.jpg)
ഡബ്ലിന്‍ : ഭവന രാഹിത്യത്താല്‍ പൊറുതിമുട്ടുന്ന അയര്‍ലണ്ടിലെ സര്‍ക്കാരിനെ മര്യാദ പഠിപ്പിക്കാന്‍ യൂ എന്‍ . അഭയാര്‍ഥികളുടെ പാര്‍പ്പിട പ്രശ്നങ്ങളില്‍ അയര്‍ലണ്ട് സര്‍ക്കാര്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നാണ് യു എന്‍ ഏജന്‍സിയുടെ ആരോപണം.അസൈലം സീക്കേഴ്സിന്റെ ഭവനരാഹിത്യം അവസാനിപ്പിക്കാന്‍ അസാധാരണ നടപടികള്‍ സ്വീകരിക്കണമെന്ന് യു എന്‍ എച്ച് സി ആര്‍ അയര്‍ലണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇന്ന് രാവിലെ ചേരുന്ന 18 അംഗ യു എന്‍ കമ്മിറ്റി സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി പാലിക്കുന്നതില്‍ അയര്‍ലണ്ട് പരാജയപ്പെട്ടതിനെ കുറിച്ച് ചര്‍ച്ച നടത്തുന്നുമുണ്ട്.
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരില്‍ ഭൂരിപക്ഷവും അയര്‍ലണ്ടിലെമ്പാടുമുള്ള എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ കേന്ദ്രങ്ങളിലാണ് താമസിക്കുന്നത്.17,000ത്തിലധികം പേര്‍ ഇത്തരം കേന്ദ്രങ്ങളിലുണ്ടെന്ന് യു എന്‍ എച്ച് സി ആര്‍ പറയുന്നു.അഭയാര്‍ഥികളുടെ മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കണം- ഏജന്‍സി പറയുന്നു.
എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നും ഏജന്‍സി ഐക്യരാഷ്ട്ര സംഘടനയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പുതുതായെത്തിയ 900 അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ ഇടം നല്‍കിയിട്ടില്ല.ചിലയിടങ്ങളില്‍ ഇവര്‍ വളരെ മോശമായ സൗകര്യങ്ങളിലാണ് ഉറങ്ങുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരുടെ ഭവനരാഹിത്യം അവസാനിപ്പിക്കുക,ടെന്റ് കെട്ടിയുള്ള താമസസ്ഥലങ്ങള്‍ ഇല്ലാതാക്കുക,കുട്ടികളടക്കമുള്ളവര്‍ക്ക് നല്‍കുന്ന എമര്‍ജന്‍സി അക്കൊമൊഡേഷന്‍ സംവിധാനം അവസാനിപ്പിക്കുക,സര്‍ക്കാര്‍ നല്‍കുന്ന എല്ലാ താമസ സൗകര്യങ്ങള്‍ക്കും ദേശീയ മാനദണ്ഡങ്ങള്‍ ബാധകമാക്കുക എന്നീ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.
പുതിയതായെത്തുന്ന അഭയാര്‍ഥികള്‍ക്ക് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കുന്നതില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നത് അംഗീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.എന്നിരുന്നാലും സുരക്ഷ തേടി അയര്‍ലണ്ടിലെത്തുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള നിയമപരവും ധാര്‍മികവുമായ ബാധ്യത സര്‍ക്കാരിനുണ്ടെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.
ഡയറക്ട് പ്രൊവിഷന്‍ സെന്ററുകളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റിയെ (എച്ച് ഐ ക്യു എ) നിയമിച്ചതിനെ യു എന്‍ എച്ച് സി ആര്‍ സ്വാഗതം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us