/sathyam/media/media_files/3AXHslGzHJNDZO0m0mWf.jpg)
ഡബ്ലിന്‍ : ശമ്പളപരിഷ്‌കരണ കരാര്‍ വൈകുന്നതിനെതിരെ അയര്‍ലണ്ടിലെ സര്‍ക്കാര്‍, പൊതുമേഖലാ യൂണിയനുകള്‍ സമരത്തിനൊരുങ്ങുന്നു. നിലവിലുള്ള കരാറായ ബില്‍ഡിംഗ് മൊമെന്റം വര്‍ഷാവസാനത്തോടെ അവസാനിക്കുന്ന ഘട്ടത്തിലും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ചാണിത്.
ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തീയതി നിശ്ചയിക്കാതെ ഏകപക്ഷീയമായി ചര്‍ച്ചയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. ഇതാണ് സമരഭീഷണിയുമായി രംഗത്തുവരാന്‍ യൂണിയനുകളെ പ്രേരിപ്പിച്ചത്.നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ഗാര്‍ഡ, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ 3,85,000 ജീവനക്കാരുടെ ശമ്പള കരാറാണ് അനിശ്ചിതത്വത്തിലായത്.
സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് കൊണ്ടുവന്ന എമര്‍ജെന്‍സി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ലെജിസേ്ളഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഈ മാസം ആദ്യം നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. യൂണിയനുകള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു ഇത്.എല്ലാവര്‍ക്കും സ്വീകാര്യമായ കരാറിലെത്തുക എന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുമ്പോഴും എന്ന്,എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ നടക്കാത്തതിലുള്ള ആശങ്കയും നിരാശയും വിവിധ യൂണിയനുകള്‍ വ്യക്തമാക്കി.
സമരമുണ്ടാകുമെന്ന് യൂണിയനുകള്‍
പുതിയ കരാര്‍ വൈകുന്ന പക്ഷം പ്രത്യക്ഷ സമരപരിപാടികളെക്കുറിച്ചാലോചിക്കാന്‍ ജനുവരിയില്‍ യോഗം ചേരുമെന്ന് പൊതുമേഖലാ തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു.
സര്‍ക്കാരിന്റെ പ്രതികൂല നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ഐ സി ടി യു) പബ്ലിക് സര്‍വീസസ് കമ്മിറ്റി (പി എസ് സി) എന്നിവ ജനുവരി 11ന് വീണ്ടും യോഗം ചേര്‍ന്ന് സമരം സംബന്ധിച്ച തീരുമാനമെടുക്കും.
ക്രിസ്മസിന് മുമ്പ് ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും സര്‍ക്കാര്‍ നിലപാടറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കുമെന്നും പി എസ് സി അധ്യക്ഷന്‍ കൂടിയായ ഫോര്‍സ ജനറല്‍ സെക്രട്ടറി കെവിന്‍ കലിനന്‍ പറഞ്ഞു.
ജീവിതച്ചെലവ് വേതനം വര്‍ധിപ്പിക്കാന്‍ നിലപാട് ശക്തമാക്കേണ്ടതുണ്ടെന്ന് ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ പറഞ്ഞു.ജനുവരിയില്‍ പുതിയ ശമ്പള കരാര്‍ ഉണ്ടായില്ലെങ്കില്‍, ഉചിതമായ നടപടികളുണ്ടാകണമെന്ന് ഷിഗ്ദ പറഞ്ഞു.
ശമ്പളക്കരാര്‍ ഉറപ്പാക്കുന്നതിന് യൂണിയന്‍ അംഗങ്ങളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടെന്ന് സിപ്ടു ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജോണ്‍ കിംഗ് പറഞ്ഞു.ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അനിശ്ചിതത്വമാണ് പുതുവര്‍ഷം സമ്മാനിക്കുന്നതെന്ന് ഐ എന്‍ ടി ഒ ജനറല്‍ സെക്രട്ടറി ജോണ്‍ ബോയില്‍ പറഞ്ഞു.
അഴകൊഴമ്പന്‍ മറുപടിയുമായി സര്‍ക്കാര്‍
അതേ സമയം,യൂണിയനുകളുടെ സമരഭീഷണി ഖേദകരമാണെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.എന്നാല്‍ ശമ്പള കരാര്‍ സംബന്ധിച്ച ചര്‍ച്ചകളുടെ തീയതിയെക്കുറിച്ച് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല.
പുതിയ ശമ്പളക്കരാറിന് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പണപ്പെരുപ്പം കുറവാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. പണപ്പെരുപ്പത്തിന് അനുസൃതമായി ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാരിന് അറിയാമെന്നും പ്രധാമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us