/sathyam/media/media_files/VZgvetJydi6FCriq4W7t.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ എന്‍ സി ടി ടെസ്റ്റുകളില്‍ വാഹനങ്ങള്‍ക്ക് ‘കൂട്ടത്തോല്‍വി’.കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ 1.5 മില്യണ്‍ കാറുകളാണ് നാഷണല്‍ കാര്‍ ടെസ്റ്റിംഗ് സര്‍വീസിനെത്തിയത്. അവയില്‍ 7,47,820 വാഹനങ്ങളും പരാജയപ്പെട്ടു. അഞ്ച് ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ നടത്തിയ ടെസ്റ്റുകളിലാണ് കൂടുതല്‍ വാഹനങ്ങളും കളത്തിന് പുറത്തായത്. രാജ്യത്താകെ 50 ടെസ്റ്റ് സെന്ററുകളാണുള്ളത്.
കാവനിലെ എന്‍ സി ടി കേന്ദ്രത്തിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ തോറ്റത്. ഇവിടെ ടെസ്റ്റിനെത്തിയ 59% കാറുകളും തോല്‍വിയറിഞ്ഞു.
ഡോണഗേലിലെ ഡെറിബെഗ് എന്‍സിടി സെന്ററിനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം (56%).നാവന്‍, ബല്ലിന എന്നീ കേന്ദ്രങ്ങളില്‍ 55 ശതമാനം വാഹനങ്ങളും ടെസ്റ്റില്‍ പരാജയപ്പെട്ടു. ഗോള്‍വേയിലെ ക്ലിഫ്ഡന്‍ സെന്ററില്‍ 54% കാറുകള്‍ക്കും ടെസ്റ്റില്‍ വിജയിക്കാനായില്ല.
പരാജയം വന്ന വഴികള്‍
സ്റ്റിയറിംഗിന്റെയും സസ്പെന്‍ഷന്റെയും പ്രശ്‌നങ്ങള്‍ മൂലമാണ് ഭൂരിപക്ഷം (14.6%) വാഹനങ്ങളും എന്‍ സി ടി ടെസ്റ്റില്‍ പരാജയപ്പെട്ടതെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. ലൈറ്റിംഗ് -ഇലക്ട്രിക്കല്‍ തകരാറുകള്‍ക്കാണ് തോല്‍വികളില്‍ രണ്ടാം സ്ഥാനം(14.3%).സൈഡ് സ്ലിപ്പ് ടെസ്റ്റില്‍ 11.7% വാഹനങ്ങളും പരാജയപ്പെട്ടു. വീലുകള്‍ ,ടയറുകള്‍ എന്നിവയുടെ കുഴപ്പം മൂലം 10%വും ബ്രേക്ക് തകരാര്‍ കാരണം 9.6% വാഹനങ്ങളും പടിക്ക് പുറത്തായി.
തോല്‍വിയില്‍ ഷെവര്‍ലെ, വിജയത്തില്‍ പോര്‍ഷെ
ടെസ്റ്റില്‍ പരാജയപ്പെട്ട വാഹനങ്ങളിലേറെയും (69%) ഷെവര്‍ലെ കാറുകളാണ്. ക്രിസ്ലര്‍ (61%), സിട്രോണ്‍ (58%), ഡൈഹത്സു (57%), സാബ് (55%) എന്നിങ്ങനെയാണ് മറ്റ് കാറുകളുടെ വിവരങ്ങള്‍. ടെസ്റ്റ് വിജയികളില്‍ പോര്‍ഷെയ്ക്കാണ് ഒന്നാം റാങ്ക് (65%).ലെക്സസ് (62%), സീറ്റ് (59%), ലാന്‍ഡ് റോവര്‍ (58%), ഹ്യൂണ്ടായ് (57%) എന്നിവയാണ് മറ്റു വിജയികള്‍. കഴിഞ്ഞ വര്‍ഷം ടെസ്റ്റിനെത്തിയ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ഡിന്റേതായിരുന്നു. ടെസ്റ്റിനെത്തിയ 1,71,129 ഫോര്‍ഡ് മോഡലുകളില്‍ 50%വും ലൈറ്റിംഗ് ഇലക്ട്രിക്കല്‍ തകരാറുകള്‍ മൂലം തോറ്റു.
എന്‍ സി ടിയും അപ്ലസും
2000ലാണ് എന്‍ സി ടി സ്ഥാപിച്ചത്. റോഡപകട മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ബ്രേക്കുകളുടെ തകരാര്‍, തേഞ്ഞ ടയറുകള്‍, ഹെഡ്‌ലൈറ്റ് തകരാറുകള്‍ തുടങ്ങിയ വാഹനങ്ങളിലെ തകരാറുകള്‍ കണ്ടെത്തുന്നതിനായി 10 വര്‍ഷത്തില്‍ താഴെപഴക്കമുള്ള വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷം കൂടുമ്പോഴും അതിനു ശേഷമുള്ള വാഹനങ്ങള്‍ക്ക് എല്ലാ വര്‍ഷവും എന്‍ സി ടി നടത്തണം.
സ്പാനിഷ് കമ്പനിയായ അപ്ലസാണ് അയര്‍ലണ്ടില്‍ ടെസ്റ്റുകള്‍ നടത്തുന്നത്. ടെസ്റ്റുകള്‍ യഥാസമയം നടത്താന്‍ കഴിയാത്തതിന് കമ്പനിക്ക് കഴിഞ്ഞ വര്‍ഷം 3 മില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു.
വാഹന ടെസ്റ്റിന് അപേക്ഷിച്ചാല്‍ 12 ദിവസത്തിനകം അത് നടത്തേണ്ടതുണ്ട്. എന്നാല്‍ 19 ദിവസം വരെ കാത്തിരുന്നിട്ടും ടെസ്റ്റ് നടത്താനായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
പരാജയത്തിന്റെ നിരക്കില്‍ കാര്യമായ മാറ്റമില്ലെന്നാണ് അപ്ലസ് പറയുന്നത്. ഏതാണ്ട് 50% വാഹനങ്ങളും ടെസ്റ്റില്‍ തോല്‍ക്കാറുണ്ടായിരുന്നു. കോവിഡ് കാലത്ത് മാത്രമാണ് വിജയശതമാനം കൂടിയതെന്നും കമ്പനി വിശദീകരിക്കുന്നു.
പ്രശ്നം പരിഹരിച്ചെന്ന് അപ്ലസ്
എന്‍ സി ടി അപ്പോയിന്റ്മെന്റുകള്‍ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ക്രിസ്മസിന് മുമ്പ് തന്നെ പരിഹരിച്ചതായി കമ്പനി പറയുന്നു.അയര്‍ലണ്ടിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ മെക്കാനിക്കുകളെ ഫിലിപ്പൈന്‍സില്‍ നിന്നും റിക്രൂട്ട് ചെയ്തു.
അവര്‍ 2023ല്‍ 1.6 മില്യണ്‍ ടെസ്റ്റുകളാണ് നടത്തിയത്. 2021, 2022 വര്‍ഷങ്ങളെ അപേക്ഷിച്ച് 200,000 വാഹനങ്ങളുടെ ടെസ്റ്റുകളാണ് കൂടുതല്‍ നടത്തിയത്. എന്‍ സി ടി ചരിത്രത്തിലെല്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളുടെ ടെസ്റ്റിംഗ് നടത്തിയതും പോയ വര്‍ഷമായിരുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us