ഡബ്ലിന്‍ ബസില്‍ ദിവസം തോറും അതിക്രമം, ഗാര്‍ഡുണ്ടായിട്ടും സുരക്ഷയില്ലാതെ ഡ്രൈവര്‍മാര്‍

New Update
F

ഡബ്ലിന്‍: സുരക്ഷാ ഗാര്‍ഡുകളെ ഏര്‍പ്പെടുത്തിയിട്ടും സാമൂഹിക വിരുദ്ധ പെരുമാറ്റത്തിന് ഒരു കുറവുമില്ലെന്ന് ഡബ്ലിന്‍ ബസ് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ബസുകളില്‍ ആയിരത്തിലധികം സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങളാണുണ്ടായത്. ഈ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ ഇതിനെ മറികടന്ന് റെക്കോഡിടുമെന്ന് ഇതുവരെയുള്ള കണക്കുകള്‍ പറയുന്നു.

Advertisment

കോവിഡിന് മുമ്പ് 2019ല്‍ ഡബ്ലിന്‍ ബസ് സര്‍വീസുകളില്‍ 500ല്‍ താഴെ സാമൂഹിക വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂവെങ്കില്‍ 2023 ആയപ്പോഴേക്കും ഈ കണക്ക് ഇരട്ടിയിലധികമായി.ഓരോ ദിവസവും മൂന്ന് ഡ്രൈവര്‍മാരെങ്കിലും ആക്രമിക്കപ്പെടുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് ഡബ്ലിന്‍ ബസ് സുരക്ഷാ ഗാര്‍ഡുകളെ നിയോഗിച്ചത്.സുരക്ഷാ അംഗങ്ങളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി വര്‍ദ്ധിപ്പിച്ചിട്ടും ബസുകളിലെ സാമൂഹിക വിരുദ്ധ സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ റെക്കോഡിനെ മറികടക്കുന്ന നിലയാണ്.ബസ്സിന് നേരെ ചീമുട്ടയെറിയുക,ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുക,ജീവനക്കാരെ കൈയ്യേറ്റം ചെയ്യുക എന്നിങ്ങനെയുള്ള സംഭവങ്ങളാണ് ആവര്‍ത്തിക്കുന്നത്.

ബസ്സിന് നേരെ കല്ലേറ്, അടിപിടി, മയക്കുമരുന്ന്, മദ്യപാനം, പോക്കറ്റടി എന്നിവ പോലുമുണ്ടാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ മൂലം മണിക്കൂറുകളോ ദിവസം മുഴുവനോ സേവനങ്ങള്‍ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്.ഇത് യാത്രക്കാര്‍ക്ക് വലിയ ആഘാതമാണുണ്ടാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

ബ്രോഡ്‌സ്റ്റോണ്‍ ഡിപ്പോയിലെ ഡബ്ലിന്‍ ബസ് സെന്‍ട്രല്‍ കണ്‍ട്രോളില്‍,നാല് കണ്‍ട്രോളറുകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പോഡുകളുണ്ട്. ബസുകളിലെ സ്ഥിതി നിരീക്ഷിക്കാനും സാമൂഹിക വിരുദ്ധ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വഴിതിരിച്ചുവിടാനും മറ്റും സഹായിക്കുന്നതിനാണിത്.ഓരോ കണ്‍ട്രോളറും നെറ്റ് വര്‍ക്കിലെ ഡ്രൈവര്‍മാര്‍ക്ക് ശരാശരി 500 കോളുകള്‍ ഷിഫ്റ്റ് ചെയ്യുന്നുണ്ട്.ചില പ്രദേശങ്ങളില്‍ ഇതിലും കൂടുതലാണ്.ഇത്തരം സംഭവങ്ങള്‍ മൂലം മണിക്കൂറുകളോളം സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാറുണ്ട്.ദിവസം മുഴുവനും ബസ് നിര്‍ത്തിയ സംഭവങ്ങളുമുണ്ട്.

അടുത്ത വര്‍ഷത്തോടെ ട്രാന്‍സ്പോര്‍ട്ട് പോലീസിനെ പ്രവര്‍ത്തനക്ഷമമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഡബ്ലിന്‍ ബസിലെ റിസ്‌ക് മാനേജ്മെന്റ് ഡയറക്ടര്‍ ഡേവിഡ് ബോയ്ഡ് പറഞ്ഞു.

ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്സ് അടുത്ത വര്‍ഷം

കഴിയുന്നത്ര വേഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്സിനെ അവതരിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് പറഞ്ഞു.സേനയെ അനുവദിക്കുന്നതിന് പുതിയ നിയമങ്ങള്‍ വേണം. 2027ഓടെ സേന പ്രവര്‍ത്തനക്ഷമമാകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.പൊതുഗതാഗത സുരക്ഷയ്ക്കായി 11 മില്യണ്‍ യൂറോയിലധികം നിക്ഷേപിച്ചെന്നും വകുപ്പ് പറഞ്ഞു.

എന്‍ടിഎ, ഓപ്പറേറ്റര്‍മാര്‍, ട്രേഡ് യൂണിയനുകള്‍, പാസഞ്ചര്‍ ഗ്രൂപ്പുകള്‍, ആന്‍ ഗാര്‍ഡ ഷിക്കോണ, ജസ്റ്റീസ് വകുപ്പ് എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന പങ്കാളികളെയും ഉള്‍പ്പെടുത്തി സേനയ്ക്ക് ഏറ്റവും അനുയോജ്യമായ മാതൃക രൂപകല്‍പ്പന ചെയ്യുമെന്ന് വകുപ്പ് പറയുന്നു.അതിനനുസൃതമായ നിയമമുണ്ടാക്കലാണ് രണ്ടാമതായുള്ളത്.സിപ്ടു അംഗങ്ങളില്‍ 94% പേരും ദുരുപയോഗ പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisment