/sathyam/media/media_files/2026/01/17/f-2026-01-17-04-11-15.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലേയ്ക്ക് അടുത്തകാലത്ത് നടക്കുന്ന കുടിയേറ്റത്തെ ഐറിഷുകാർ എങ്ങനെയാണ് നോക്കികാണുന്നത്? അയർലണ്ടിലെ തന്നെ ഇക്കണോമിക്ക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ (ഇഎസ്ആര്‍ഐ) നടത്തിയ പഠനത്തിൽ കണ്ടെത്തിയ വസ്തുത ഐറിഷുകാർ സമീപകാലത്ത് കുടിയേറ്റത്തിന് എതിരെ നിലപാട് എടുക്കുന്നുവെന്ന് തന്നെയാണ്. എങ്കിലും അത്തരം ഒരു നിലപാട് സ്വീകരിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നത് തെറ്റായ കുറെ കണക്കുകളും,പ്രചാരണങ്ങളുമാണെന്ന് സർക്കാർ ഏജൻസി പറയുന്നു. ഈ തെറ്റിദ്ധാരണകളാണ് കുടിയേറ്റത്തിനെതിരായ പ്രതികൂല സമീപനങ്ങള്‍ക്ക് കാരണമാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ വിവിധ സെക്ഷനുകളിൽ നിന്നുള്ള 1,200 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍, അയര്‍ലണ്ടിലെ ജനസംഖ്യയുടെ 28 ശതമാനം പേര്‍ വിദേശത്ത് ജനിച്ചവരാണെന്നായിരുന്നു ശരാശരി വിലയിരുത്തല്‍. എന്നാല്‍ ഔദ്യോഗിക കണക്ക് പ്രകാരം ഇത് 22 ശതമാനം മാത്രമാണ്.
യൂറോപ്യന്‍ യൂണിയന്‍, യുകെ, വടക്കേ അമേരിക്ക എന്നിവയ്ക്ക് പുറത്തു ജനിച്ചവരുടെ എണ്ണം 14 ശതമാനമെന്ന് ആളുകള്‍ കരുതിയപ്പോള്‍, യഥാര്‍ഥ കണക്ക് 8 ശതമാനമാണ്. ഏഷ്യക്കാരാണ് വില്ലന്മാർ.
കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേയ്ക്ക് എത്തുന്ന കാരണങ്ങളും പലരും തെറ്റായി വിലയിരുത്തുന്നതായി പഠനം കണ്ടെത്തി. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരില്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ജോലി അല്ലെങ്കില്‍ പഠനം ലക്ഷ്യമിട്ട് എത്തുന്നതെന്നായിരുന്നു പൊതുധാരണ. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ ഇത് ഏകദേശം 50 ശതമാനമാണ്.
യുക്രെയ്നില്‍നിന്നുള്ള കുടിയേറ്റത്തിന്റെ കണക്ക് പൊതുവേ ശരിയായിരുന്നെങ്കിലും, മറ്റ് രാജ്യങ്ങളില്‍നിന്ന് അഭയം തേടിയെത്തുന്നവരുടെ എണ്ണം അതിനേക്കാൾ കൂടുതലാണെന്ന് കണക്കാക്കുന്നത് തെറ്റാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, കുടിയേറ്റക്കാരുടെ വിദ്യാഭ്യാസനിലയും തൊഴില്‍ പങ്കാളിത്തവും കുറച്ചുകാണിക്കുന്നത് ശരിയല്ലെന്നും,പല കുടിയേറ്റക്കാരും മിടുമിടുക്കരാണെന്നും ഇഎസ്ആര്‍ഐ കണ്ടെത്തി.
സോഷ്യൽ ഹൗസുകളിലും ജയിലുകളിലും അവരുടെ സാന്നിധ്യം വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
തെറ്റായ ധാരണകള്‍ പുലര്‍ത്തുന്നവര്‍ കുടിയേറ്റത്തെ ഒരു പ്രധാന ദേശീയ പ്രശ്നമായി കാണാനും കൂടുതല്‍ നെഗറ്റീവ് സമീപനം സ്വീകരിക്കാനും സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാധ്യമങ്ങളില്‍ അഭയാര്‍ഥികളെക്കുറിച്ചുള്ള അമിത ശ്രദ്ധയാണ് ഈ തെറ്റിദ്ധാരണകള്‍ക്ക് ഒരു കാരണമാകുന്നതെന്നും ഇഎസ്ആര്‍ഐ വിലയിരുത്തുന്നു. കുടിയേറ്റത്തെക്കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളിലേക്കെത്തിക്കുന്നത് കൂടുതല്‍ ബോധപൂര്‍വമായ പൊതുചര്‍ച്ചയ്ക്ക് സഹായകരമാകുമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us