എന്തൊരു സമാധാനം! ഡബ്ലിന്‍ വിമാനത്താവളത്തില്‍ ഹാന്‍ഡ് ലഗേജ് സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തില്‍

New Update
Vgbv

ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തിലെ ഹാന്‍ഡ് ലഗേജ് ലിക്വിഡ് സംബന്ധിച്ച പുതിയ നിയമം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു

Advertisment

ഇതനുസരിച്ച് യാത്രക്കാര്‍ സുരക്ഷാ സംവിധാനത്തിലൂടെ കടന്നുപോകുമ്പോള്‍ ഇനി അവരുടെ ഹാന്‍ഡ് ലഗേജില്‍ നിന്ന് ദ്രാവകങ്ങള്‍, ജെല്ലുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവ പുറത്തെടുക്കേണ്ടതില്ല.ലക്ഷക്കണക്കിന് യൂറോ മുടക്കി പുതിയ മുന്തിയയിനം സ്‌കാനറുകള്‍ സ്ഥാപിച്ചതോടെയാണ് യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കുന്നത്.

കോര്‍ക്ക് വിമാനത്താവളത്തിലും പുതിയ സ്‌കാനറുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനം ആരംഭിക്കുമെന്ന് അതോറിറ്റി പറഞ്ഞു.ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിച്ചതിന്റെ ഭാഗമായി 2006ലാണ് 100 മില്ലിയെന്ന നിയമം വന്നത്.

ദ്രാവകങ്ങളുടെയും ജെല്ലുകളുടെയും കാര്യത്തിലുള്ള 100 മില്ലിയെന്ന നിയന്ത്രണത്തിലും ഇളവുനല്‍കി. ഇത് രണ്ട് ലിറ്ററായാണ് വര്‍ദ്ധിപ്പിച്ചത്.കൊണ്ടുപോകാവുന്ന ഇനങ്ങളുടെ എണ്ണത്തിനും പരിധിയുണ്ടാവില്ല. ദ്രാവകങ്ങളും ജെല്ലുകളും ഇനി ക്ലിയര്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ആകണമെന്ന വ്യവസ്ഥയുമുണ്ടാകില്ല.

യാത്രക്കാരുടെ ബാഗുകളിലെന്താണെന്ന് കണ്ടെത്തുന്നത് എളുപ്പമാക്കിയ മുപ്പത് പുതിയ സി3 സ്‌കാനറുകളാണ് രണ്ട് ടെര്‍മിനലുകളിലുമായി എയര്‍പോര്‍ട്ട് സ്ഥാപിച്ചത്.ആശുപത്രികളിലെ സി ടി സ്‌കാനറുകള്‍ പോലെ ലഗേജിന്റെ 3ഡി ഇമേജുകളിലൂടെയാണ് സ്‌കാനറുകള്‍ പ്രവര്‍ത്തിക്കുന്നത്.ഈ സംവിധാനം നടപ്പിലാക്കാന്‍ ഏകദേശം മൂന്ന് വര്‍ഷമെടുത്തു.വന്‍ സാമ്പത്തിക നിക്ഷേപത്തിലൂടെയാണ് ഈ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വന്നത്.

ഏറ്റവും മികച്ച സാങ്കേതികവിദ്യയെന്ന് എയര്‍പോര്‍ട്ട് ഇതിനെ വിശേഷിപ്പിച്ചു. ഈ വര്‍ഷം അവസാനമെന്ന റെഗുലേറ്ററി സമയപരിധിക്ക് മുമ്പായാണ് അതോറിറ്റി ഇത് അവതരിപ്പിച്ചതെന്ന് കമ്മ്യൂണിക്കേഷന്‍സ് മേധാവി ഗ്രേം മക്വീന്‍ പറഞ്ഞു.

അതേസമയം,ബെല്‍റ്റുകള്‍, ചിലയിനം ഫുട്ട് വെയറുകള്‍, ജാക്കറ്റുകള്‍, ഹൂഡികള്‍, വലിപ്പം കൂടിയ വസ്ത്രങ്ങള്‍ ജമ്പറുകള്‍, കാര്‍ഡിഗന്‍സ് എന്നിവ സുരക്ഷാ ട്രേകളില്‍ വയ്ക്കണമെന്ന നിയമത്തില്‍ മാറ്റമില്ല.താക്കോലുകള്‍, വാലറ്റുകള്‍, ഫോണുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ വസ്തുക്കളും പോക്കറ്റില്‍ നിന്ന് നീക്കം ചെയ്യുകയും വേണം

Advertisment