ഡബ്ലിന്‍ : പെരുകുന്ന അഭയാര്‍ഥികളുടെ എണ്ണത്തിന്റെ പേരില്‍ ഭവന വകുപ്പും ഇന്റഗ്രേഷന്‍ വകുപ്പും തമ്മില്‍ തുറന്ന പോരിലേയ്ക്ക്. അഭയാര്‍ത്ഥികളുടെ എണ്ണം പെരുകുന്നത് ഡയറക്ട് പ്രൊവിഷനില്‍ നിന്ന് ഭവനരഹിതരിലേക്കുള്ള ഒഴുക്ക് വര്‍ധിപ്പിക്കുമെന്ന് ഭവന വകുപ്പ് സെക്രട്ടറി ജനറല്‍ ഗ്രഹാം ഡോയലാണ് വര്‍ധിക്കുന്ന അഭയാര്‍ഥികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി രംഗത്തുവന്നത്. നാട്ടിലെ ഭവനരഹിതരെക്കൊണ്ട പൊറുതിമുട്ടുമ്പോഴാണ് അഭയാര്‍ഥികളായി ഇവിടെയെത്തുന്നവരേക്കൂടി തെരുവിലേയ്ക്ക് വിടുന്നത്. ഇത് രാജ്യത്തെ ഭവന പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഡോയല്‍ ആരോപിക്കുന്നു.
ഇന്റഗ്രേഷന്‍ വകുപ്പ് സെക്രട്ടറി കെവിന്‍ മക് കാര്‍ത്തിക്ക് ഇതിനകം തന്നെ പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. ഇന്റഗ്രേഷന്‍ വകുപ്പ് അഭയാര്‍ഥികളോട് കാണിക്കുന്ന ഉദാര സമീപനങ്ങള്‍ ഭവനപ്രതിസന്ധി രൂക്ഷമാക്കുന്നതായി കത്തുകളില്‍ വിവരിക്കുന്നു.
സിസ്റ്റത്തിലെ 26,000 അഭയാര്‍ത്ഥി അപേക്ഷകരില്‍ 6,000 പേര്‍ക്ക് രാജ്യത്ത് തുടരാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇവര്‍ക്ക് താമസസ്ഥലം കണ്ടെത്തുന്നതിനു സാധിച്ചിട്ടില്ല. ഇതുകാരണം ഡയറക്ട് പ്രൊവിഷനില്‍ ഇവര്‍ തുടരുകയാണ്.ഇത് ഭവന വകുപ്പിനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്ന് ഡോയല്‍ കത്തില്‍ പറയുന്നു.
ഉക്രൈന്‍ അഭയാര്‍ഥികളുടെ പേരില്‍ എത്തുന്ന പലരും ഉക്രൈന്‍ പൗരന്മാരല്ല എന്ന ആരോപണം, ഐറിഷ് ഫ്രീഡം പാര്‍ട്ടി അടക്കമുള്ള ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നുണ്ട്. അയര്‍ലണ്ട് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും, പ്രതിപക്ഷവും മതാടിസ്ഥാനത്തില്‍ നടത്തുന്ന കുടിയേറ്റത്തെ പിന്തുണയ്ക്കുകയാണെന്നും തീവ്ര വലതുപക്ഷം ആരോപിക്കുന്നു.
ഉക്രൈയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന താമസസൗകര്യം 90 ദിവസമായി പരിമിതപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭായോഗത്തില്‍ കടുത്ത തര്‍ക്കത്തിന് കാരണമായിരുന്നു. ഇത് ഹോംലെസ് സര്‍വ്വീസുകളുടെ ഉത്തരവാദിത്തം കൂട്ടുമെന്ന ആശങ്കയായിരുന്നും തര്‍ക്കമായത്.
അവിവാഹിതരായ പുരുഷന്മാര്‍ക്ക് താമസസൗകര്യമൊരുക്കുന്നതില്‍ വലിയ പ്രയാസമാണ് ഭവനവകുപ്പ് നേരിടുന്നത്. നിരന്തരം പരിശ്രമിച്ചിട്ടും 834 അഭയാര്‍ഥികള്‍ക്ക് ഇനിയും താമസസൗകര്യമൊരുക്കാനായിട്ടില്ല.
അസൈലം സീക്കേഴ്സിന് അഭയം നിരസിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവുണ്ടെന്നും മക് കാര്‍ത്തി വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഡയറക്ട് പ്രൊവിഷനില്‍ നിന്നൊഴിവാക്കുന്നവരില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഏതാണ്ട് 3,000 -4,000 ആളുകള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുമെന്നാണ് വകുപ്പ് കണക്കാക്കുന്നതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.