കുട്ടി നിലത്ത് ജനിച്ചുവീണെന്നാരോപിച്ച് ഡബ്ലിനിലെ റൊട്ടുണ്ട ഹോസ്പിറ്റലിന് എതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കി യുവതി. പ്രസവവേദനയുടെ സമയത്ത് യുവതിയെ ബെഡ്ഡില്‍ നിന്നും മറ്റൊരു ബെഡ്ഡിലേയ്ക്ക് മാറ്റുകയും അതിനിടെ പ്രസവത്തില്‍ കുട്ടിയുടെ തല പുറത്തേയ്ക്ക് വരികയും ചെയ്യുകയായിരുന്നു. 2018 ഡിസംബര്‍ 27-നായിരുന്നു സംഭവം.
ഡബ്ലിനിലെ ബാൽഡോയ്ൽ സ്വദേശിയായ ലെസ്ലെയ ഫ്‌ളൈന് (40) ആണ് തന്റെ പ്രസവം ആശുപത്രി കൈകാര്യം ചെയ്തത് അശ്രദ്ധമായാണ് എന്നുകാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പ്രസവ സമയം എപ്പോഴാണെന്ന് കണക്കാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, ഇത് കുട്ടിയുടെയും അമ്മയുടെയും ജീവന്‍ തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
പ്രസവവേദന അനുഭവിച്ച് ബെഡ്ഡില്‍ കിടക്കുകയായിരുന്ന തന്നെ മറ്റൊരു ഡെലിവറി റൂമിലെ ബെഡ്ഡിലേയ്ക്ക് മാറ്റാന്‍ ഒരു മിഡ് വൈഫ് വീല്‍ ചെയറുമായി എത്തിയെന്നും, എന്നാല്‍ തനിക്ക് വീല്‍ ചെയറില്‍ ശരിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും പരാതിയില്‍ ലെസ്ലയ ഫ്‌ളൈന് ആരോപിക്കുന്നു.
റൂമിലെത്തിയ ശേഷം ഇവരോട് ബെഡ്ഡിലേയ്ക്ക് കയറിക്കിടക്കാന്‍ പറഞ്ഞെങ്കിലും കുഞ്ഞ് പുറത്തേയ്ക്ക് വരുന്നതായി സംശയിച്ച ഇവര്‍ അതിന് തയ്യാറായില്ല. സഹായത്തിനായി ഇവര്‍ ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചില്ലെന്നും, നിലത്ത് വിരിച്ച തുണിയിലാണ് തന്റെ മകള്‍ ജനിച്ചതെന്നും പരാതിക്കാരി പറഞ്ഞു. ഇത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇതോടെ ചുറ്റുമുണ്ടായിരുന്നവരും നിശബ്ദരായി.
തങ്ങള്‍ക്ക് വീഴ്ച പറ്റിയതായി സമ്മതിച്ച് ആശുപത്രി അധികൃതര്‍ പിന്നീട് ഇവരോട് കത്ത് വഴി ഖേദപ്രകടനം നടത്തിയിരുന്നു.
വാദി ഭാഗത്തോടും പ്രതിഭാഗത്തോടും സംസാരിച്ച ശേഷം കേസില്‍ ഒത്തുതീര്‍പ്പിലെത്തിയതായി ജഡ്ജ് ചൊവ്വാഴ്ച അറിയിച്ചു.